എംജി സ്വാശ്രയ കോളേജുകളിൽ യുജിസി ശമ്പളം വേണ്ടെന്ന‌് ഹൈക്കോടതി



കൊച്ചി > എംജി സർവകലാശാലയുടെ സ്വാശ്രയ കോളേജ് ജീവനക്കാർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങൾ സ്റ്റേറ്റ് സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കൈമാറിയത‌് ശരിവച്ചാണ് നടപടി.  കൈമാറ്റം സർവകലാശാലയും സൊസൈറ്റിയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് സർക്കാരിന്റെയും സർവകലാശാലയുടെയും നയപരമായ തീരുമാനമാണെന്നും കോടതി വിലയിരുത്തി. ഏകപക്ഷീയമായ നടപടിയാണിതെന്ന വാദം തള്ളി. നയപരമായ കാര്യം റിട്ട് ഹർജിയിൽ ചോദ്യം ചെയ്യാനാകില്ല. സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് നേരത്തെ ഉണ്ടായിരുന്ന സർവീസിന്റെ തുടർച്ച അവകാശപ്പെടാനാകില്ലെന്നും പെൻഷൻ പ്രായം അടക്കം വെട്ടിക്കുറച്ചത് പ്രത്യേകം രൂപപ്പെടുത്തിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. യുജിസി ഫണ്ട‌് ലഭിക്കുന്ന സ്ഥാപനങ്ങളിലാണ‌് യുജിസി സ്‌കെയിൽ അടിസ്ഥാനമാക്കി ശമ്പളം നൽകേണ്ടത്. കരാർപ്രകാരം രൂപീകരിച്ച സൊസൈറ്റിയിലെ അധ്യാപകർക്ക് യുജിസി സ്‌കെയിൽ അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങൾ സൊസൈറ്റിക്ക് കൈമാറിയത് ചോദ്യം ചെയ്ത് കോട്ടയം പുല്ലരിക്കുന്ന് അപ്ലയൻസ് സയൻസ് കോളേജിലെ അധ്യാപിക ഡോ. ബിജിമ്മ തോമസടക്കം 59 അധ്യാപകർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. Read on deshabhimani.com

Related News