സർവകലാശാലകളിലെ കോളേജ്‌ പ്രവേശനം ഒക്ടോബർ 31ന്‌ പൂർത്തിയാകും ; യുജിസി മാർഗനിർദേശങ്ങൾ പുറത്തിറങ്ങി



ന്യൂഡൽഹി സർവകലാശാലകളിലെ ബിരുദ,- ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ പ്രവേശനം ഒക്ടോബർ 31ന്‌ പൂർത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നവംബർ 30ന്‌ പൂർത്തീകരിക്കും. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ നീണ്ട പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള മാർഗനിർദേശങ്ങൾ യുജിസി പുറത്തിറക്കി. 2020–-21 അക്കാദമിക് കലണ്ടർ പ്രകാരം ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുടങ്ങും. പരീക്ഷകൾ 2021 മാർച്ച് എട്ട്‌ മുതൽ 26 വരെ. 27 മുതൽ ഏപ്രിൽ നാലുവരെ സെമസ്റ്റർ അവധി. ഏപ്രിൽ അഞ്ചിന് അടുത്ത സെമസ്റ്റർ തുടങ്ങും. പരീക്ഷകൾ ’ആഗസ്ത്‌ ഒമ്പത്‌ മുതൽ 21 വരെയാണ്‌. ഈ ബാച്ചിന്റെ അടുത്ത അക്കാദമിക് വർഷം ആഗസ്ത്‌ 30ന് തുടങ്ങും. പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ നവംബർ പതിനെട്ടോടുകൂടി സർവകലാശാലകൾക്ക് പാഠ്യപ്രവർത്തനങ്ങൾ തുടങ്ങാം. അധ്യയനം സാമ്പ്രദായികമായോ ഓൺലൈനായോ ഇവ രണ്ടും ചേർത്തോ സംഘടിപ്പിക്കാം. നവംബർ 30നുള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റ്‌ സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ ചെയ്ത വിദ്യാർഥികളുടെ മുഴുവൻ ഫീസും അതത് അക്കൗണ്ടുകളിലേക്ക് മടക്കിനൽകും. Read on deshabhimani.com

Related News