നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക്‌ ഓഡിറ്റിങ്‌



തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയ്ക്ക്‌ കീഴിലെ കോളേജുകളുടെ നിലവാരം ഉറപ്പാക്കാൻ അക്കാദമിക ഓഡിറ്റിങ്‌. എൻജിനിയറിങ്‌ കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെയും അധ്യാപന രീതികളുടെയും നിലവാരം ഉറപ്പാക്കാനായാണ്‌ ഓഡിറ്റിങ്‌. 142 എൻജിനിയറിങ്‌ കോളേജുകളിലും നവംബർ 11നകം ഓഡിറ്റിങ്‌ പൂർത്തിയാക്കാനാണ്‌ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്‌. പത്തുവർഷം സർവീസുള്ള 116 അധ്യാപകരെയാണ്‌ ഓഡിറ്റിങ്ങിനായി നിയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ബി ടെക്ക്‌ പരീക്ഷയിൽ 40 ശതമാനത്തിൽ താഴെ വിജയം കൈവരിച്ചതും മൂന്നുവർഷമായി വിദ്യാർഥി പ്രവേശനത്തിൽ പിന്നോക്കം നിൽക്കുന്നതുമായ സ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ഓഡിറ്റ്‌ ചെയ്യും. ഇവയിൽ രണ്ട്‌ അധ്യാപകർ വീതമുള്ള സംഘം പരിശോധന നടത്തും. മറ്റ്‌ കോളേജുകളിൽ ഒരു അധ്യാപകൻ വീതമാകും പരിശോധന നടത്തുക. ഓഡിറ്റർമാർ ഓൺലൈനായി സർവകലാശാലയ്ക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കും. ഇതിന്‌ അനുബന്ധമായി പ്രിൻസിപ്പൽമാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതുകൂടി പരിഗണിച്ചായിരിക്കും സർവകലാശാല അന്തിമ തീരുമാനം കൈക്കൊള്ളുക. Read on deshabhimani.com

Related News