മെയ്‌ രണ്ടാംവാരം എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ



പരീക്ഷാഹാളിൽ മുഴുവൻ കുട്ടികളും മാസ്ക്‌ ധരിക്കണം; വിദ്യാർഥികളെ സ്‌കൂൾ വാഹനങ്ങളിൽ എത്തിക്കണം തിരുവനന്തപുരം കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കോവിഡ്‌ പ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ച്‌ ലോക്ക്‌ഡൗണിന്‌ ശേഷം മെയ്‌ രണ്ടാംവാരം എസ്‌എസ്‌എൽസി, രണ്ടാം വർഷ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം(ക്യുഐപി )യോഗം സർക്കാരിന്‌ ശുപാർശ നൽകി. ഈ പരീക്ഷകളും മൂല്യനിർണയവും പൂർത്തിയാക്കിയശേഷമാകും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ. ശാരീരിക അകലം പാലിക്കുന്നതിന്‌ രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ. ഹയർ സെക്കൻഡറി രാവിലെയും എസ്‌എസ്‌എൽസി ഉച്ചയ്‌ക്കും നടക്കും. മുഴുവൻ വിദ്യാർഥികളും അധ്യാപകരും മാസ്ക്‌ ധരിക്കണം. സ്‌കൂളുകളിൽ വിദ്യാർഥികളെ എത്തിക്കാൻ സ്‌കൂൾ വാഹനങ്ങൾ ഉപയോഗിക്കണം. അധിക വാഹനങ്ങൾ ആവശ്യമെങ്കിൽ സ്‌കൂൾ അധികൃതർ ഏർപ്പെടുത്തണം. പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം കേന്ദ്രീകൃത മൂല്യ നിർണയം ആരംഭിക്കും. മൂല്യനിർണയ സമയം, ക്ലാസ്‌ മുറികുടെ എണ്ണം, അധ്യാപകരുടെ എണ്ണം എന്നിവ വർധിപ്പിച്ച്‌ വേഗത്തിൽ പൂർത്തിയാക്കും. ഗൾഫ് മേഖല, ലക്ഷദ്വീപ്, ഹോട്ട്‌സ്പോട്ട്‌, റെഡ് സോൺ മേഖലകളിലെ വിദ്യാർഥികളെയും പരിഗണിച്ചായിരിക്കും പരീക്ഷകളുടെ നടത്തിപ്പ്‌ . Read on deshabhimani.com

Related News