കലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ എംഎ കോഴ്സിന് അപേക്ഷിക്കാം



തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എംഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഏക ഫോക്ലോര്‍ പഠനവിഭാഗമാണ് കലിക്കറ്റ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസ്.  ഉന്നതപഠനത്തിനും ഗവേഷണത്തിനും ധാരാളം അവസരമുള്ള പഠനശാഖയാണിത്. പാരമ്പര്യ കലകള്‍, സംസ്കാരം, നാട്ടറിവുകള്‍ എന്നിങ്ങനെ പൈതൃകത്തെക്കുറിച്ചുള്ള സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് ഫോക്ലോര്‍. സൈദ്ധാന്തിക പഠനത്തോടൊപ്പം മ്യൂസിയോളജി, ആര്‍ക്കൈവിങ് എന്നിവയിലുള്ള പരിശീലനം കോഴ്സിന്റെ ഭാഗമാണ്. പുരാവസ്തു വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയിലെല്ലാം ഈ കോഴ്സ് പാസായവര്‍ക്ക് തൊഴിലവസരമുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലെല്ലാം ഫോക്ലോര്‍ പഠനവിഷയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം ഗവേഷണത്തിനും അധ്യാപനത്തിനുമുള്ള അവസരം ഈ കോഴ്സിന്റെ പഠനത്തിലൂടെ തുറന്നുകിട്ടും. മള്‍ട്ടീ മീഡിയയില്‍ പരിശീലനം സിദ്ധിച്ചവര്‍ക്ക് കേരള സംസ്കാരത്തെ അധികരിച്ച് സിനിമകളോ ഡോക്യുമെന്ററികളോ നിര്‍മിക്കുമ്പോള്‍, ഈ കോഴ്സിലൂടെ കിട്ടുന്ന പരിശീലനം സഹായകമാകും. എംഎ ഫോക്ലോര്‍ പാസായവര്‍ക്ക് ഫോക് ലിറ്ററേച്ചര്‍ എന്ന വിഷയത്തില്‍ യുജിസി നടത്തുന്ന നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതാനുള്ള യോഗ്യതയുണ്ടാകും. ഒരു വിഷയത്തില്‍ പിജി ഉള്ളവര്‍ക്കും അധികയോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ എംഎ ഫോക്ലോറിന് ചേരാം. പ്രവേശന പരീക്ഷയുണ്ടാകും. സെപ്തംബര്‍ മൂന്നു വരെ അപേക്ഷിക്കാം. വിശദാംശം സര്‍വകലാശാലാ വെബ്സൈറ്റില്‍. പ്രവേശനപരീക്ഷ സെപ്തംബര്‍ ഏഴിന് ഫോക്ലോര്‍ പഠനവിഭാഗത്തില്‍ നടക്കും. Read on deshabhimani.com

Related News