എംഫാം പ്രവേശനത്തിന‌് 25 വരെ ഓൺലൈനായി അപേക്ഷിക്കാം



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിൽ ലഭ്യമായ സർക്കാർ മെറിറ്റ‌് സീറ്റുകളിലേക്കും പ്രവേശനത്തിന‌് പ്രവേശന കമീഷണർ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽനിന്നോ, എഐസിടിഇയും ഫാർമസി കൗൺസിലും ആരോഗ്യ സർവകലാശാലയും അംഗീകരിച്ച മറ്റ‌് സർവകലാശാലകളിൽനിന്നോ 55 ശതമാനത്തിൽ കുറയാത്ത ബി ഫാം ബിരുദവും (സംവരണ വിഭാഗത്തിന‌് 50 ശതമാനം മതി) എൻടിഎയുടെ ജിപാറ്റ‌് –-2019 സ‌്കോറും വേണം.  സർവീസ‌് വിഭാഗത്തിനും ഇത‌് ബാധകമാണ‌്. ജിപാറ്റിൽ ജനറൽ വിഭാഗത്തിന‌് 141 സ‌്കോർ വേണം. ഒബിസി–-117, എസ‌്സി–-95, എസ‌്ടി–-74 എന്നിങ്ങനെയും സ‌്കോർ വേണം. യോഗ്യതാപരീക്ഷയുടെയും ജിപാറ്റ‌് സ‌്കോറിന്റെയും അടിസ്ഥാനത്തിൽ പ്രവേശന കമീഷണർ തയ്യാറാക്കുന്ന  ജനറൽ, കാറ്റഗറി റാങ്ക‌് ലിസ‌്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സർവീസ‌് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവരും www.cee.kerala.gov.in വെബ‌്സൈറ്റിലൂടെ 25ന‌് പകൽ മൂന്നിനകം ഓൺലൈനായി അപേക്ഷിക്കണം. ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം അപ‌്‌ലോഡ‌് ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ടോ അനുബന്ധരേഖകളോ പ്രവേശന കമീഷണർക്ക‌്‌ തപാലിൽ അയക്കേണ്ടതില്ല.  അപേക്ഷ ഫോം, പ്രോസ‌്പെക്ടസ‌്, കോളേജുകളുടെ ലിസ‌്റ്റ‌് എന്നിവ www.cee.kerala.gov.in വെബ‌്സൈറ്റിൽ ലഭിക്കും.  ജനറൽ വിഭാഗത്തിന‌് 600 രൂപയും എ‌സ‌്സി/എസ‌്ടി വിഭാഗത്തിന‌് 300 രൂപയുമാണ‌് അപേക്ഷാ ഫീസ‌്.   പ്രോസ‌്പെക്ടസ‌് വായിച്ച‌് മനസിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. സർവീസ‌് വിഭാഗക്കാർ അപേക്ഷിച്ചശേഷം കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട‌് 25ന‌് വൈകിട്ട‌് അഞ്ചിനകം അതാത‌് കൺട്രോളിങ‌് ഓഫീസർമാർക്ക‌് സമർപ്പിക്കണം. ഹെൽപ്പ‌് ലൈൻ നമ്പറുകൾ : 04712 2339101,–-102,–-103,  104. Read on deshabhimani.com

Related News