ഹൃദ്യമായി ഹിന്ദിയും



ബുധനാഴ്‌ച നടന്ന എസ്‌എസ്‌എൽസി ഹിന്ദി പരീക്ഷ കുട്ടികൾക്ക് ഏറെ ഹൃദ്യമായിയെന്ന്‌ ചുരുങ്ങിയ വാക്കുകളിൽ പറയാം. പാഠ്യപദ്ധതി സമീപനത്തോടും വിലയിരുത്തൽ സംബന്ധിച്ച കാഴ്ചപ്പാടിനോടും പൂർണമായും നീതിപുലർത്തി, ചോദ്യങ്ങളുടെ പൊതുവായ ഘടന. വ്യത്യസ്ത നിലവാരക്കാരായ കുട്ടികളെ പരിഗണിച്ചുതന്നെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത് എന്നതിനാൽ സമ്മർദമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ അവർക്കായി. എല്ലാവർക്കും നിശ്ചിത സ്കോർ ഉറപ്പുനൽകാനും മികച്ച സ്കോർ നേടാൻ കഴിയുന്നവർക്ക് അതിനുള്ള അവസരം ഒരുക്കാനും കഴിയുന്നവിധമുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ക്ലാസ്‌ റൂം പഠനാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരെ ചോദ്യങ്ങൾ ഒട്ടുംതന്നെ ആശങ്കപ്പെടുത്തിയില്ല. ക്ലാസ്‌ മുറിയിൽ ചെയ്തുപരിചയിച്ചവ ആയതിനാൽ ഉത്തരമെഴുതുന്നതിന്  പ്രയാസമുണ്ടായില്ല. എല്ലാ യൂണിറ്റുകൾക്കും പ്രാധാന്യം നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഏഴ്പാഠഭാഗങ്ങളിൽനിന്നും ഏഴ് ചോദ്യപാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള 40 സ്കോറിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുത്ത ചോദ്യ പാഠങ്ങളെല്ലാം എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ കഴിയുന്നവയുമാണ്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബീർ ബഹൂട്ടി എന്ന കഥയിൽനിന്നുള്ള ഒന്നാമത്തെ ചോദ്യംതന്നെ എല്ലാവർക്കും ഉത്തരമെഴുതാൻ കഴിയുന്നതും പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ അവസരമൊരുക്കുന്നതുമായി. ഓരോ ക്ലസ്റ്ററിലെയും ആദ്യചോദ്യം ഒരു സ്കോറിനുള്ളതായിരുന്നു. ഇത്തരത്തിലുള്ള പത്ത് ചോദ്യമാണുണ്ടായിരുന്നത്. ഇവയെല്ലാം തൊട്ടടുത്ത ചോദ്യങ്ങളിലേക്ക് സധൈര്യം പ്രവേശിക്കുന്നതിന് പ്രചോദനം നൽകുന്നവിധത്തിൽ ക്രമീകരിച്ചത് പരീക്ഷയോടുള്ള കുട്ടിയുടെ ഇഷ്ടം വർധിപ്പിക്കുന്നതായി. രണ്ട് സ്കോറിന്റെ മൂന്നു ചോദ്യവും യുക്തിഭദ്രമായ ചിന്തയ്ക്കും വിശകലനത്തിനും അവസരമൊരുക്കുന്നവ തന്നെയായി. ഇതിൽ 19–-ാം ചോദ്യമായ വാക്യപിരമിഡ് ഏറെ പരിചിതവും അനായാസം ഉത്തരമെഴുതാൻ കഴിയുന്നതുമായിരുന്നു. ഭാഷാവ്യാകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകിയപ്പോൾ തന്നെ അവ കുട്ടികൾക്ക് ഭാരമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുകയും ചെയതു. നാലു സ്കോർ വീതമുള്ള ആറു ചോദ്യമാണ് ഉണ്ടായിരുന്നത്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്‌ മുറിയിൽ ചെയ്തു പരിചയിച്ച ഭാഷാവ്യവഹാര രൂപങ്ങളായ സംഭാഷണം, കത്ത്, പോസ്റ്റർ, ഡയറി, തിരക്കഥ, കുറിപ്പ് തയ്യാറാക്കൽ, പത്രവാർത്ത എന്നിവയും കവിതാഭാഗത്തിന്റെ ആശയം, പട്ടികയിലെ വാക്യങ്ങളെ ശരിയായരീതിയിൽ ബന്ധിപ്പിക്കുക എന്നീ ചോദ്യങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ കത്ത് /പോസ്റ്റർ, സംഭാഷണം/ പത്രവാർത്ത, ഡയറി /കുറിപ്പ് തയ്യാറാക്കൽ എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നുവീതം എഴുതാനുള്ള അവസരം നൽകിയതിലൂടെ മൂല്യനിർണയത്തിലെ ജനാധിപത്യം സാധ്യമാക്കാനും കുട്ടികൾക്ക് നന്നായി തയ്യാറെടുത്തുവന്ന കുട്ടികൾക്ക്‌ തെരഞ്ഞെടുത്ത് എഴുതാനും സാധിച്ചു. പുതുതായി ഉൾപ്പെടുത്തിയ ഐ ആം കലാം കെ ബഹാനേ, ദിശാഹീൻ ദിശ എന്നീ പാഠങ്ങളിൽനിന്ന്‌ 13 സ്കോറിന്റെ ചോദ്യം ഉൾപ്പെടുത്തി പുതിയ പാഠഭാഗങ്ങളോടും നീതിപുലർത്താൻ കഴിഞ്ഞു. അനാവശ്യ സമ്മർദങ്ങൾക്ക് ഇടനൽകുന്നതും ആശങ്കയുണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ചോദ്യകർത്താക്കൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ‘വളരെ നല്ല പരീക്ഷ' എന്ന കുട്ടികളുടെയും അധ്യാപകരുടെയും അഭിപ്രായം തന്നെയാണ് ഈ പരീക്ഷയുടെ വിജയം. (പത്തനംതിട്ട തിരുവല്ല, പെരിങ്ങര  ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ്‌ ലേഖകൻ) Read on deshabhimani.com

Related News