ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്തണം: മുഖ്യമന്ത്രി



തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ അക്കാദമിക് പരിപാടികൾ  പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴ്സുകൾക്ക് തുല്യതയും അംഗീകാരവും നൽകുകയും പൊതുവായ അക്കാദമിക് രൂപരേഖ സൃഷ്ടിക്കുകയും ചെയ്ത് വലിയ ഉത്തരവാദിത്തമാണ് കൗൺസിൽ നിർവഹിക്കാനൊരുങ്ങുന്നത‌്. വിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസമേഖലയെ വലിയ നിക്ഷേപമായാണ് കാണേണ്ടത്. ആഭ്യന്തര ഉൽപ്പാദനത്തിന്റെ ആറു ശതമാനംവരെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം നീക്കിവയ്ക്കുകയാണ്. നവകേരള സൃഷ്ടി എന്ന വലിയ ഉത്തരവാദിത്തത്തിനിടയിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് സർക്കാർ ഇടപെടൽ. പ്രാപ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തണം.  കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ സംബോധന ചെയ്യുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും റഫറൻസ‌് ജേണലുകൾ പ്രസിദ്ധീകരിച്ച‌് ഓൺലൈനായി ലഭ്യമാക്കാനും സർവകലാശാലകൾക്ക‌് കഴിയണം. മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും ഭൗതികശേഷിയുടെ കാര്യത്തിലും സർവകലാശാലകൾ ഒരേ നിലയിലല്ല. ഭേദപ്പെട്ട സർവകലാശാലകൾപോലും സാധ്യമായ പ്രകടനം കാഴ്ചവയ്ക്കനാകുന്നില്ല. ആഗോളവിജ്ഞാന മേഖലയിലുണ്ടാകുന്ന പുതിയ വെളിച്ചങ്ങൾ പകർത്താനും  സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് ശരിയായ പിന്തുണ നൽകാനും ഉന്നത വിദ്യാഭ്യാസ രംഗത്തിന് കഴിയണം. സാലറി ചലഞ്ചിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് അധ്യാപക സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സർവകലാശാല നടത്തുന്ന  നിർബന്ധിത സാമൂഹ്യസേവന പദ്ധതി മാതൃകാപരമാണ്. ഇത് മറ്റു സർവകലാശാലകളിലും ആരംഭിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നതിന്റെ ഫലപ്രാപ്തി വിലയിരുത്തണം. മറ്റൊരു സർവകലാശാലയിൽ ഉപരിപഠനം നടത്തുമ്പോൾ വിദ്യാർഥി നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കണം.  പരീക്ഷകൾ നടന്നാൽ താമസിയാതെ ഫലം അറിയാൻ കഴിയണം. അക്കാദമിക് താൽപ്പര്യങ്ങൾക്കാണ് മുൻഗണനയുണ്ടാകേണ്ടത്. നിയമങ്ങളിലും കീഴ്‌വഴക്കങ്ങളിലും പുതിയ നടപടിക്രമങ്ങൾ സർക്കാർ കൊണ്ടുവരും. സർവകലാശാലാ ഭരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ മുന്നിലുണ്ട്. അത് പരിഗണിച്ച് നടപടി സ്വീകരിക്കും. ‘ഔട്ട്കം ബേസ്ഡ് എഡ്യുക്കേഷൻ’ സങ്കൽപ്പം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കോഴ്സുകളും പ്രോഗ്രാമുകളും പുതിയ സങ്കൽപ്പത്തിനനുസൃതമായി നവീകരിക്കണം.  സർവകലാശാലകൾ ബിരുദധാരികൾക്കുണ്ടാകേണ്ട കഴിവുകളും അറിവുകളും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണം. നാക് അക്രഡിറ്റേഷൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനതലത്തിലുള്ള ഒരു പരിശോധനകൂടി വരുന്നതുകൊണ്ട് എത്രത്തോളം നേട്ടം ഉണ്ടാകുമെന്ന് പരിശോധിക്കണം. സ്വയംഭരണ കോളേജുകൾ സംബന്ധിച്ച് കൗൺസിൽ നൽകിയ പഠന റിപ്പോർട്ടും സർക്കാർ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുല്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രസിദ്ധീകരിച്ച ഹാൻഡ് ബുക്ക്  മുഖ്യമന്ത്രി പ്രകാശനംചെയ്തു. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ  അധ്യക്ഷനായി.  കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പ്രഭാത് പട്നായിക്, കെ സച്ചിദാനന്ദൻ, കൗൺസിൽ സെക്രട്ടറി ഡോ. രാജൻ വർഗീസ‌്  തുടങ്ങി ഉപദേശകസമിതിയിലെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. Read on deshabhimani.com

Related News