മുഴുവൻ കോളേജുകളിലും 10 ശതമാനം സാമ്പത്തിക സംവരണം



തിരുവനന്തപുരം സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ (ഇഡബ്ല്യുഎസ്‌) സംവരണം നടപ്പാക്കും. എൻജിനിയറിങ്‌, ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനാണ്‌ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം സംവരണം ഏർപ്പെടുത്തിയിരുന്നു. ശശിധരൻനായർ കമീഷൻ ശുപാർശകൾ അടിസ്ഥാനത്തിൽ സർക്കാർ നേരത്തെ ഇറക്കിയ മാനദണ്ഡങ്ങളായിരിക്കും കോളേജുകളിലും സംവരണമാനദണ്ഡം. സംവരണ മാനദണ്ഡം ഇങ്ങനെ: ■ കുടുംബ വാർഷികവരുമാനം നാലു ലക്ഷമോ അതിൽ താഴെയോ ആകണം. ■ കുടുംബസ്വത്ത്‌ പഞ്ചായത്ത്‌ പ്രദേശങ്ങളിൽ പരമാവധി 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റും കോർപറേഷനിൽ 50 സെന്റുമാകണം. ■ കുടുംബത്തിെന്റെ വീട്ടുവളപ്പിന്റെ‌ വിസ്‌തൃതി മുനിസിപ്പൽ പ്രദേശത്ത്‌ 20 സെന്റിലും കോർപറേഷൻ പ്രദേശത്ത്‌ 15 സെന്റിലും കൂടരുത്‌ ■ എഎവൈ, പിഎച്ച്‌എച്ച്‌ വിഭാഗം റേഷൻകാർഡുകാർ ആനുകൂല്യത്തിന്‌ അർഹരാമണ്‌. ഇവർ വില്ലേജ്‌ ഓഫീസറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ■ അപേക്ഷയിൽ തെറ്റായ വിവരം നൽകിയാൽ പ്രവേശനം മുൻകാല പ്രാബല്യത്തിൽ റദ്ദാകും. ■ പ്രവേശന പ്രോസ്‌പെക്ടസിൽ സാമ്പത്തിക സംവരണവ്യവസ്ഥ ഉൾപ്പെടുത്തും വാർഷികവരുമാനത്തിൽനിന്ന്‌ ഒഴിവാകുന്നത്‌: സാമൂഹ്യ സുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, തൊഴിലില്ലായ്‌മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിലെ ഹൗസ്‌ പ്ലോട്ടിലെ കാർഷിക വരുമാനം. Read on deshabhimani.com

Related News