എസ്എസ്എൽസി: ഒന്നാംദിനം പൊളിച്ചു; മലയാളം ഒന്നാംപേപ്പർ എളുപ്പം



എസ്എസ്എൽസി പരീക്ഷ , മലയാളം ഒന്നാംപേപ്പറോടെ ആഹ്ലാദകരമായി ആരംഭിച്ചു. ആകെയുള്ള 5 യൂണിറ്റുകളിലെ 14 പാഠഭാഗങ്ങളിൽനിന്നായി 17 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ എല്ലാ വിഭാഗം ചോദ്യങ്ങളിലും ഒരു ചോദ്യം അധികമായി നൽകിയിരുന്നു. മികച്ച നിലവാരം പുലർത്തിയ ചോദ്യപേപ്പർ വിദ്യാർഥി കൾക്ക്‌ വലിയ ആശങ്ക നല്കിയില്ല.  കുട്ടികൾക്ക്‌ കൃത്യമായും വേഗത്തിലും  ഉത്തരം എഴുതാൻ  പറ്റുന്ന ചോദ്യങ്ങൾ. എല്ലാ യൂണിറ്റിനും പ്രാധാന്യം നൽകാൻ ചോദ്യകർത്താവ് ശ്രമിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ചോദ്യങ്ങളാണ് 6 സ്‌കോറിന്റേതായി  നൽകിയത്. ‘ലക്ഷ്മണ സാന്ത്വനം', ‘യുദ്ധത്തിന്റെ  പരിണാമം’ എന്നീ പാഠഭാഗങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങളായിരുന്നെങ്കിലും അതിനെ കാലിക പ്രസക്തിയുള്ള ചോദ്യങ്ങളാക്കാൻ ചോദ്യകർത്താവിന്‌ കഴിഞ്ഞിട്ടുണ്ട്. ഒരു സ്കോറിനുള്ള ആദ്യത്തെ എല്ലാ ചോദ്യങ്ങൾക്കും എല്ലാ കുട്ടികൾക്കും ഉത്തരമെഴുതാനാവുന്നത്ര എളുപ്പമാണെങ്കിലും ചെറിയ അശ്രദ്ധയിൽ  ഉത്തരം തെറ്റിപ്പോകാവുന്നവകൂടിയാണ്. അസഹ്യമായ ദുഃഖഭാരം, ചവറിന്റെ കൂമ്പാരം, അതിഥികൾ ആരാണെന്നറിയാതെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്തുന്നു, കണ്ണ് , നീർ, കവിതകാലാതിവർത്തിയായി നിലനിൽക്കും എന്നിങ്ങനെ ആദ്യ 5 ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതാൻ കഴിയും. പതിനേഴാമത്തെ ചോദ്യം ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയാണ്. ഒ എൻ വി കുറുപ്പിന്റെ കവിതയ്ക്കാണ് ആസ്വാദനം തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കാലികപ്രസക്തിയുള്ളതും പരിചയമുള്ളതുമായ കവിതയായതിനാൽ കുട്ടികൾക്ക് ഏറെ എഴുതാനാകും. ഒമ്പതാമത്തെയും പതിനൊന്നാമത്തെയും ചോദ്യങ്ങൾ കഴിഞ്ഞ വർഷം മാറി വന്ന ഋതുയോഗം, പാവങ്ങൾ എന്നീ പാഠഭാഗത്തുനിന്നായിരുന്നു. സർവദമനനെയും മെത്രാനെയും കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാ കുട്ടികളും പ്രതീക്ഷിക്കുന്നതായി. നാലു സ്കോറിനുള്ള ലളിതാംബിക അന്തർജനത്തിന്റെ ‘വിശ്വരൂപ’ത്തിൽനിന്നുള്ള പത്താമത്തെ ചോദ്യവും രണ്ട് സ്കോറിനുള്ള എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഞാൻ കഥാകാരനായ കഥ'യിൽനിന്നുള്ള ആറാമത്തെ ചോദ്യവും  കുട്ടികൾക്ക്‌  അവരവരുടെ ഭാഷയിൽ എഴുതി ഫലിപ്പിക്കുന്നതിന് പ്രയാസമുണ്ടാകില്ല. ആദ്യദിനത്തിലെ മലയാളം പരീക്ഷ ‘പൊളിച്ചു’ എന്നാണ്‌ പരീക്ഷാഹാളിൽനിന്ന്‌ പുറത്തിറങ്ങിയ കുട്ടികളേറെയും പറഞ്ഞത്‌ . എന്നിരുന്നാലും എപ്ലസ് നേടാൻ മികച്ചനിലയിൽ എഴുതിയ കുട്ടികൾക്കേ സാധിക്കൂ. (കണ്ണൂർ തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകനാണ് ലേഖകൻ) Read on deshabhimani.com

Related News