സാങ്കേതിക സർവകലാശാലയിൽ ക്ലാസുകൾ നടത്തിയശേഷം പരീക്ഷ



തിരുവനന്തപുരം  സാങ്കേതിക സർവകലാശാലയിൽ  വിവിധ സെമസ്റ്ററുകളുടെ അവശേഷിക്കുന്ന പാഠഭാഗം പഠിപ്പിച്ചശേഷം പരീക്ഷകൾ നടത്താൻ അക്കാദമിക്‌ കൗൺസിൽ യോഗം തീരുമാനിച്ചു. എല്ലാ സെമസ്‌റ്ററിലും പാഠഭാഗങ്ങൾ ബാക്കിയുണ്ട്‌. ക്ലാസുകളും പരീക്ഷകളും ലോക്ക്‌ഡൗൺ അവസാനിച്ചശേഷമേ നടത്തൂ. കോഴ്‌സ്‌ പൂർത്തിയാക്കുന്ന യുജി, പിജി  ടെർമിനൽ (ഫൈനൽ ) സെമസ്‌റ്ററുകളിൽ  20 ദിവസം ക്ലാസുകളുണ്ടാകും. ശേഷം ഒമ്പതു ദിവസം പഠനത്തിന്‌ അവധി നൽകിയശേഷം പരീക്ഷ നടത്താനാണ്‌ തീരുമാനം.  ഇന്റർമിഡിയറ്റ്‌  സെമസ്‌റ്ററുകളിൽ 30 ദിവസം ക്ലാസുകൾ നടത്തും. തുടർന്ന്‌ ഒമ്പതു ദിവസത്തെ സ്‌റ്റഡി ലീവിന്‌ ശേഷമായിരിക്കും പരീക്ഷ. ഫൈനൽ, ലോവർ സെമസ്‌റ്ററുകളിൽ പ്രത്യേക ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. കോവിഡ്‌ –-19 സ്ഥിതിഗതികൾ പരിശോധിച്ചശേഷമാകും ക്ലാസുകൾ.  ആറു മൊഡ്യൂളുകളും ഉൾക്കൊള്ളിച്ചായിരിക്കും പരീക്ഷ. സിലബസിലോ, കരിക്കുലത്തിലോ, ചോദ്യപാറ്റേണിലോ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ക്ലാസുകളുടെയും പരീക്ഷകളുടെയും തീയതികൾ ലോക്ക്ഡൗണിനു ശേഷം പ്രഖ്യാപിക്കും. യുജിസിയുടെയും എ ഐസിടിഇയുടെയും നിർദേശങ്ങൾ കൂടി അക്കാദമിക് കൗൺസിൽ പരിഗണിക്കുന്നുണ്ട്‌. ഇതിനുള്ള ശുപാർശകൾ സമർപ്പിക്കുവാൻ ഡോ. സി  സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അക്കാദമിക് കൗൺസിൽ ഉപ-സമിതി രൂപീകരിച്ചു. ഫൈനൽ സെമസ്‌റ്റർ  പരീക്ഷകളാണ്‌ ആദ്യം നടത്തുക. ഉന്നത പഠന സാധ്യതകളും ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചവരുടെ തൊഴിലവസ-രങ്ങളും  നഷ്ടമാകാത്ത രീതിയിൽ പരീക്ഷകൾ ക്രമീക-രിക്കും. വിവിധ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി ലോക്ക്ഡൗണിന്റെ ഭാഗമായി കുടുങ്ങിപ്പോയ വിദ്യാർ-ഥികൾക്ക് അവരുടെ ക്വാറന്റൈൻ കാലയളവുകൾക്കു വിധേയമായി പരീക്ഷകൾ എഴുതാനുള്ള അവസരവും ഒരുക്കും. മെയ്‌ രണ്ടാംവാരം വീണ്ടും അക്കാദമിക്‌ കൗൺസിൽ  ചേരുന്നുണ്ട്‌. അക്കാദമിക്‌ കൗൺസിൽ തീരുമാനങ്ങൾ വായിക്കാൻ  വെബ്‌സൈറ്റ്‌ https://ktu.edu.in/eu/core/announcements.htm. Read on deshabhimani.com

Related News