സിബിഎസ്‌ഇ 11, 12 ക്ലാസുകളിൽ പുതിയ മാത്തമാറ്റിക്‌സ്‌ പേപ്പർ



തിരുവനന്തപുരം  സീനിയർ സെക്കൻഡറി ക്ലാസുകളിൽ സിബിഎസ്‌ഇ 2020–21 അധ്യയന വർഷത്തിൽ ‘ അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌’ വിഷയം ആരംഭിക്കും.  നിലവിലുള്ള മാത്തമാറ്റിക്‌സ്‌ വിഷയത്തിന്‌ പുറമെയാണ്‌  അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ പേപ്പർ  അവതരിപ്പിക്കുന്നത്‌. ആദ്യം 11–ാം ക്ലാസിൽ ആരംഭിക്കുന്ന വിഷയം തൊട്ടടുത്ത വർഷം മുതൽ  12–ാം ക്ലാസിലും ഉണ്ടാകും. വിദ്യാർഥികൾക്ക്‌ അഭിരുചിക്ക്‌ അനുസരിച്ച്‌  രണ്ട്‌ മാത്തമാറ്റിക്‌സ്‌ വിഷയത്തിൽ ഏതെങ്കിലും ഒന്ന്‌ തെരഞ്ഞെടുത്ത്‌ പഠിക്കാം. 12–ാം ക്ലാസിന്‌ ശേഷം യൂണിവേഴ്‌സിറ്റി തലത്തിൽ മാത്‌സ്‌ പ്രധാനവിഷയമായി പഠിക്കാനോ, എൻജിനിയറിങ്‌ പഠനത്തിനോ ആഗ്രഹിക്കുന്നവർ 11–ാം ക്ലാസിൽ നിലവിലെ മാത്തമാറ്റിക്‌സ്‌ തന്നെ തെരഞ്ഞെടുക്കണം.  നിലവിലെ മാത്തമാറ്റിക്‌സ്‌ വിഷയം സയൻസ്‌ വിഷയങ്ങളോട്‌ യോജിച്ച്‌ നിൽക്കുന്നതാണെന്നും സാമ്പത്തിക ശാസ്‌ത്ര വിഷയങ്ങളുമായി ഇടപഴകുന്നില്ലെന്നുമാണ്‌ സിബിഎസ്‌ഇ വിലയിരുത്തൽ. ‘ അപ്ലൈഡ് മാത്തമാറ്റിക്സ് ’ എന്ന പുതിയ  പേപ്പർ വിവിധ മേഖലകളിലെ ഗണിതത്തിന്റെ പ്രായോഗിക പ്രയോഗം വിദ്യാർഥികളെ പഠിപ്പിക്കും. നൈപുണ്യ വിഷയമായാണ്‌ പുതിയ മാത്‌സ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഈ വിഷയത്തിൽ വിദ്യാർഥികൾക്ക്‌  വിമർശനാത്മക ചിന്ത, പ്രശ്‌ന പരിഹാരം, ലോജിക്കൽ റീസണിങ്‌, ഗണിതശാസ്ത്ര ചിന്ത   തുടങ്ങിയവയിൽ  കഴിവ്‌ വർധിപ്പിക്കാനാകുമെന്ന്‌   സിബിഎസ്‌ഇ വിലയിരുത്തുന്നു. കഴിഞ്ഞ വർഷം സിബിഎസ്‌ഇ 10–ാം ക്ലാസിൽ മാത്‌സ്‌ വിഷയം ബേസിക്‌ മാത്‌സ്‌, സ്‌റ്റാന്റേർഡ്‌ മാത്‌സ്‌ എന്നിങ്ങനെ രണ്ട്‌ പേപ്പറാക്കിയിരുന്നു. മാത്‌സ്‌ പഠനം കടുകട്ടിയായി കാണുകയും തുടർപഠനത്തിന്‌ മാത്‌സ്‌ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്കായാണ് പത്തിൽ  ബേസിക്‌ മാത്‌സ്‌ അവതരിപ്പിച്ചത്‌.  എന്നാൽ പത്തിൽ  ബേസിക്‌ മാത്‌സ്‌ പഠിച്ചവർക്ക്‌ പതിനൊന്നാം ക്ലാസിൽ പുതിയ ‘ അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ ’ തെരഞ്ഞെടുക്കാനാകുമെന്ന്‌ സിബിഎസ്‌ഇ സർക്കുലർ വ്യക്തമാക്കി. Read on deshabhimani.com

Related News