സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവോടെ എൻടിടിഎഫ്‌



തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന്റെ അഭിമാനമായ നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ‌് ഫൗണ്ടേഷൻ അഥവാ എൻടിടിഎഫ് കോഴ്‌സുകൾ.   കോഴ്‌സ് കഴിയുംമുമ്പേ 95 ശതമാനംപേർക്കും പ്ലേസ്‌മെന്റ് എന്നതാണ്‌ എൻടിടിഎഫിന്റെ റെക്കോഡ്. ആസ്‌ത്രേലിയ, കാനഡ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ എൻടിടിഎഫിൽനിന്ന് പഠിച്ചിറങ്ങിയ അനേകംപേർ ജോലിചെയ്യുന്നു.  തലശേരിയിലെ  ഇല്ലിക്കുന്നിൽ ആരംഭിച്ച സ്ഥാപനം രാജ്യത്തെ  21 കേന്ദ്രങ്ങളിലേക്ക് ഇന്ന് വ്യാപിച്ചിരിക്കുന്നു. പത്താംക്ലാസ് വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും എൻടിടിഎഫിൽ പ്രവേശനം നേടാം. പ്രായപരിധി 21 വയസ്സാണ്.  ഇംഗ്ലീഷ് മാധ്യമത്തിലുള്ള ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രാമീണ മേഖലയിലുള്ളവർക്കും പെൺകുട്ടികൾക്കും പ്രവേശനത്തിൽ മുൻഗണന.  50 കുട്ടികൾ വീതമുള്ള നാലു ബാച്ചുകളാണ് ഓരോ ത്രിവത്സര ഡിപ്ലോമ കോഴ്‌സിനുമുള്ളത്. ഐടിഐ പഠനം പൂർത്തിയാക്കിയവർക്ക് മറ്റു കടമ്പകളില്ലാതെ ലാറ്ററൽ എൻട്രിയിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും. ക്ലാസുകൾ  ജൂലൈ ഒന്നിന് ആരംഭിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് വായ്പാ സ്‌കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. തലശേരിയിൽ ടൂൾ ആൻഡ‌് ഡൈ മേക്കിങ‌്, കംപ്യൂട്ടർ എൻജിനിയറിങ‌്, മെക്കാട്രോണിക്‌സ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളും ടൂൾ ഡിസൈൻ പോസ്റ്റ് ഡിപ്ലോമ കോഴ്‌സ്, പ്രിസിഷൻ മെഷിനിസ്റ്റ്, ഇൻസ്‌പെക‌്ഷൻ മെട്രോളജി എന്നീ ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണുള്ളത്. ബംഗളൂരു സെന്ററിൽ ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി കോഴ്‌സുകളുമുണ്ട്. കേരളത്തിൽ തലശേരിക്കുപുറമെ മലപ്പുറത്തും കുറ്റിപ്പുറത്തുമാണ് കേന്ദ്രമുള്ളത്. മൂന്നുവർഷത്തെ സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം ജർമൻ സർവകലാശാല ബിരുദവും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.    മെക്കാട്രോണിക്‌സ്, ടൂൾ ആൻഡ‌് ഡൈമെയ്ക്കിങ‌് ഡിപ്ലോമ വിദ്യാർഥികൾക്കാണ് ജർമൻ കോഴ്‌സിന് പ്രവേശനം. കഴിഞ്ഞ അധ്യയന വർഷമാണ് ഈ കോഴ്‌സ് ആരംഭിച്ചത്. 60 പേർക്കാണ് പ്രവേശനം. പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കാണ്  അടിസ്ഥാന യോഗ്യത.  കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ ലെഫ്. കേണൽ കെ വി നായർ പറഞ്ഞു.  എല്ലാ കോഴ്‌‘സുകളെക്കുറിച്ചും പ്രവേശനസമയത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ  എൻടിടിഎഫിന്റെ ശാഖകളിൽനിന്നും  ലഭിക്കും. എല്ലാ ശാഖകളിലും പ്രവേശന പരീക്ഷക്ക് സൗകര്യമുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക്‌   www.nttftrg.com  Read on deshabhimani.com

Related News