എംജി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ



കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 2018‐19 അധ്യയന വർഷത്തെ ഏകജാലകം വഴിയുള്ള ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 25 മുതൽ ആരംഭിക്കും. ജൂൺ 3 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റും ജൂൺ 7 ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ജൂൺ 13 നും രണ്ടാം അലോട്ട്മെന്റ് 22 നും പ്രസിദ്ധീകരിക്കും. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഓരോ കോളേജുകളിലെയും അക്കാദമിക് പ്രോഗ്രാം www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ പ്രോസ്പെക്ടസിന്റെ സംക്ഷിപ്തരൂപം മലയാളത്തിലും നൽകിയിട്ടുണ്ട്. സ്പോർട്സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകർക്ക് മെയ്  31 വരെ കോളേജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ രണ്ടിന് കോളേജുകളിൽ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ നാലിനകം പൂർത്തീകരിക്കണം. ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി സർവകലാശാല ഇൻഫർമേഷൻ സെന്ററുകളിലും അക്ഷയ സെന്ററുകളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലും ഏകജാലക ഹെൽപ്പ് ഡെസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്സി/എസ്ടി വിഭാഗത്തിന് 330 രൂപയും മറ്റുള്ളവർക്ക് 660 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്ട്രേഷനും ക്യാമ്പ് സംബന്ധമായ എല്ലാ വിശദവിവരങ്ങളും www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ നമ്പർ: 9188641784, 9188651784, 04812733369. Read on deshabhimani.com

Related News