ഗണിതശാസ്ത്ര ഒളിംപ്യാഡ് : കൈപ്പുസ്തകവുമായി ‍‍ഡോ. രാജു നാരായണ സ്വാമി



കൊച്ചി> ഗണിതശാസ്ത്ര ഒളിംപ്യാഡിന് ഒരുങ്ങുന്ന കുട്ടികള്‍ക്ക് കൈപ്പുസ്തകവുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി.  വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 26 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നമ്പര്‍ തീയറിയുടെ അടിസ്ഥാനമായ മോ‍ഡുലര്‍ അരിതമെറ്റിക്, ഫിബൊനാക്കി അനുക്രമം മുതലായവയെക്കുറിച്ചുള്ള  ലഘുവിവരണവും ഗ്രന്ഥത്തില്‍ ഉണ്ട്. സ്വാമിയുടെ മുപ്പത്തിഒന്നാമത്തെ പുസ്തകമാണിത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വ‌രയില്‍" മുതല്‍ സംസ്ഥാന കുഞ്ഞുണ്ണി പുരസ്കാരത്തിനര്‍ഹമായ "നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം" വരെയുള്ള കൃതികള്‍ സ്വാമി ഇതിനുമുന്‍പെഴുതിയ പുസ്തകങ്ങളില്‍പ്പെടും. അഞ്ചു ജില്ലകളില്‍ കളക്ടറായും  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , മാര്‍ക്കറ്റ് ഫെഡ് എം.ഡി. , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാന്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍  സത്യേന്ദ്രദുബേ മെമ്മോറിയല്‍  അവാര്‍ഡ് നല്‍കിയിരുന്നു.  സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പു് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോന്‍  യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്  ഡിസംബറിലാണ്  ലഭിച്ചത് .  നിയമത്തിലും ടെക്നോളജിയിലും ആയി 240 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ റെക്കോർഡും രാജു നാരായണ സ്വാമിയുടെ പേരിൽ ഉണ്ട് . Read on deshabhimani.com

Related News