മഞ്ചാടി മാത്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു



വടകര കൂടത്തായി കൂട്ടക്കൊലയിലെ നാലാമത്തെ കൊലപാതകമായ മഞ്ചാടി മാത്യു വധക്കേസിൽ കുറ്റപത്രം നൽകി. തിങ്കളാഴ്‌ച താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിലാണ്‌ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്‌. ജോളി, എം എസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കൊല്ലപ്പെട്ട റോയിയുടെ അമ്മാവനായ മഞ്ചാടി മാത്യുവിനെ കേസിലെ മുഖ്യപ്രതി ജോളി മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി കൊന്നെന്നാണ് കേസ്. 2014 ഫെബ്രുവരി 24 നായിരുന്നു സംഭവം. വൈകിട്ട് ആറോടെ ജോളി നാട്ടുകാരെ വിളിച്ച്‌ കുഞ്ഞമ്മച്ചായന് അസുഖമാണെന്ന് പറഞ്ഞു. വിവരമറിഞ്ഞെത്തിയ സ്ത്രീകൾ മാത്യു വീട്ടിനകത്ത് ഛർദിച്ച് കിടക്കുന്നതാണ് കണ്ടത്. ഈ സമയം ജോളി പുറത്ത് ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച മാത്യു രാത്രി ഏഴോടെയാണ് മരിച്ചത്. മരണസമയത്ത് ജോളിയും  ആശുപത്രിയിൽ ഉണ്ടായിരുന്നു.  ഹൃദ്രോഗിയായ മാത്യു ഹൃദയാഘാതത്താൽ മരിച്ചു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. മരിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കൊയിലാണ്ടി സിഐ കെ ഉണ്ണിക്കൃഷ്ണൻ, ഡിവൈഎസ്‌പി എം വി അനിൽകുമാർ, എസ്ഐമാരായ ഇ സി ബാബു, അബ്ദുൾ നാസർ, എഎസ്ഐമാരായ പ്രദീപ്, മുനീർ തുടങ്ങിയവർ ചേർന്നാണ് കുറ്റപത്രം നൽകിയത്. Read on deshabhimani.com

Related News