കിഫ‌്ബി: പൊതുവിദ്യാലയങ്ങൾ പ്രൗഢിയിലേക്ക‌്



തിരുവനന്തപുരം സ്വകാര്യ–-സ്വാശ്രയ മേഖലയെ പിന്തള്ളി സ്വപ‌്‌നസമാനമായ പ്രൗഢിയിലേക്ക‌് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കുതിക്കുന്നു. പശ്ചാത്തലസൗകര്യ വികസനത്തിന‌് 1239 കോടി രൂപയുടെ പദ്ധതിയാണ‌് കിഫ്ബി വഴി ഏറ്റെടുത്തത‌്. നിർമാണം തുടങ്ങിയതും ടെൻഡർ ക്ഷണിച്ചതുമായ പദ്ധതികളും ഇവയിൽ പെടുന്നു. പൊതുവിദ്യാലയങ്ങളുടെ ഐടി പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് 364 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചു. എൽപി, യുപി വിഭാഗങ്ങൾക്കായി 292 കോടിയുടെ പദ്ധതിക്ക‌് ടെൻഡറായി. ഹൈടെക് ക്ലാസ് മുറികൾക്ക് ആകെ 656 കോടിയാണ‌് നീക്കിവച്ചത‌്. പൊതുവിദ്യാലയങ്ങളുടെ കെട്ടിടങ്ങൾക്കും  ഹൈടെക് ക്ലാസ് മുറികൾക്കുമായി 1895 കോടി ഇതിനകം നൽകി‌. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ ഹൈടെക്ക‌് ക്ലാസ് മുറികളിൽ ഐടി സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഠനത്തിന് 19.8 ലക്ഷം കുട്ടികൾക്കാണ‌് അവസരമൊരുങ്ങിയത‌്. അടുത്തഘട്ടത്തിൽ  ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസ് മുറികളാണ് ഹൈടെക്കാകുന്നത്. ഇതിന് 292 കോടി രൂപയുടെ അനുമതിയും കിഫ്ബി നൽകി. പൊതുവിദ്യാലയങ്ങളിൽ 40.36 ലക്ഷം കുട്ടികൾക്കാണ‌് അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാകുന്ന വിവിധ പദ്ധതികൾ നടപ്പാകുന്നത‌്. 4752 സ്കൂളുകളിലായി 44705 ക്ലാസ് മുറികളാണ് ഹൈടെക് ആയത്. 59772 ലാപ്ടോപ്പുകളും 43422 പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും ക്ലാസ് മുറികളിൽ വിന്യസിച്ചു. 55086 ലാപ്ടോപ്പുകളും 23170 പ്രൊജക്ടറുകളും അടക്കമുള്ള ഉപകരണങ്ങൾ പ്രൈമറി സ്കൂളുകളിൽ രണ്ടാംഘട്ടത്തിൽ വിന്യസിക്കുക. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇതിന് ടെൻഡർ ക്ഷണിച്ചു.സ്കൂളുകളുടെ കെട്ടിടനവീകരണ പദ്ധതിയിൽ 137 സ്കൂളുകളിൽ അഞ്ച് കോടിവീതവും 70 സ്കൂളുകളിൽ മൂന്ന് കോടി രൂപ വീതവും മുടക്കി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 895 കോടി രൂപയാണ് പദ്ധതി അടങ്കൽ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കലാലയങ്ങളുടെ രൂപവും ഭാവവും മാറുകയാണ‌്. 10 ആർട്സ് ആൻഡ‌് സയൻസ് കോളേജുകളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. 64.38 കോടി രൂപയാണ് ചെലവ്.  26 ആർട്സ് ആൻഡ‌് സയൻസ് കോളേജുകളുടെപശ്ചാത്തലസൗകര്യത്തിന് 129.26 കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പുരോഗമിക്കുന്നു.  ആറ് എൻജിനിയറിങ‌് കോളേജുകൾക്ക് 59.55 കോടി രൂപയും കിഫ്ബി അനുവദിച്ചു. കോളേജുകൾക്കായി  253.19 കോടി രൂപ ഇതുവരെ നീക്കിവച്ചു. Read on deshabhimani.com

Related News