ഡിജിറ്റല്‍ സർവകലാശാല 20ന് 
ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം മംഗലപുരം ടെക്നോസിറ്റി  ആസ്ഥാനമായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) 20ന് രാവിലെ 10ന്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.  മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. ഐഐഐടിഎംകെ ഡയറക്ടർ ബോർഡ് ചെയർമാൻ  മാധവൻ നമ്പ്യാർ സർവകലാശാലയുടെ നയരേഖ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെയും‌ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ്‌വസ്ഥയിലൂടെ പുരോഗതിയും ലക്ഷ്യമിടുന്നതാണ്‌ പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ്‌ മാനേജ്മെന്റ്‌ കേരളം (ഐഐഐടിഎം-കെ) നവീകരിച്ചാണ് ഡിജിറ്റൽ സർവകലാശാല ആരംഭിക്കുന്നത്. സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനീയറിങ്‌, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ്, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ്‌ ഓട്ടോമേഷൻ, സ്കൂൾ ഓഫ് ഇൻഫോർമാറ്റിക്സ്, സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ്‌ ലിബറൽ ആർട്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ സ്കൂൾ ആരംഭിക്കും. ഓരോ സ്കൂളും കംപ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ മാസ്റ്റർ ലെവൽ പ്രോഗ്രാം നടത്തും. പ്രമുഖ അന്താരാഷ്ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്ചെയിൻ, എഐ ആൻഡ് എംഎൽ, സൈബർ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്സ്, ബയോകംപ്യൂട്ടിങ്‌, ജിയോസ്പേഷ്യൽ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രം സ്ഥാപിക്കും. കഴിഞ്ഞ ബജറ്റിൽ  സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഓർഗനൈസേഷനും സർവകലാശാല നേതൃത്വം നൽകും. ടെക്നോസിറ്റിയിലെ 10 ഏക്കർ ക്യാമ്പസിൽ ആദ്യ ഘട്ടത്തിൽ അക്കാദമിക്, ഹോസ്റ്റൽ ബ്ലോക്ക് എന്നിവ പൂർത്തിയാക്കി. സർവകലാശാല പൂർണതോതിലായാൽ 1,200 റെസിഡൻഷ്യൽ വിദ്യാർഥികൾക്ക്‌ ഉൾപ്പെടെ പഠിക്കാമെന്ന്‌ വൈസ്‌ ചാൻസലർ സജി ഗോപിനാഥ്‌ പറഞ്ഞു. Read on deshabhimani.com

Related News