കെഎഎസ്‌ പ്രിലിമിനറി അരികെ; ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷയെഴുതാം



കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾമാത്രം.  ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്. സിലബസനുസരിച്ച്  പഠിച്ച ഭാഗങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കണം. പൂർണമായും  ഒബ്ജക്ടീവ്  മാതൃകയിലുള്ള  ചോദ്യങ്ങളാണുള്ളത്‌. തെറ്റായ ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്‌ . ഭാഷാപ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയിൽ തയ്യാറെടുക്കണം. പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റപദം, പര്യായം, വിപരീതപദം, ശൈലികൾ, പഴഞ്ചൊല്ലുകൾ, സമാനപദം, ചേർത്തെഴുതുക, സ്ത്രീലിംഗം, പുല്ലിംഗം, ഔദ്യോഗിക ഭാഷാ പദാവലി, സംഗ്രഹം തുടങ്ങിയവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഗ്രാമർ, മലയാളം വ്യാകരണം എന്നിവയിലൂന്നിയുള്ള ഓബ്ജക്ടീവ് മാതൃകാ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ഗ്രാമറിന് മുൻതൂക്കമുണ്ടാകും. പ്രിലിമിനറി പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുണ്ട്. ഓരോ പേപ്പറിലും 100 വീതം ചോദ്യമുണ്ടാകും. 90 മിനിറ്റാണ് പരീക്ഷാ സമയം. ശരിയായ ഉത്തരത്തിന് രണ്ട്‌ മാർക്കുവീതവും തെറ്റായാൽ – 0.25 (മൈനസ്‌ 0.25) വീതവുമാണ് മാർക്ക്. പൊതുവിജ്ഞാനത്തിന്റെ ഒന്നാം പേപ്പറും പൊതുവിജ്ഞാനം, ഇംഗ്ലീഷ്, മലയാളം/ കന്നട/ തമിഴ് എന്നിവ രണ്ടാം പേപ്പറിലുണ്ട്. പ്രിലിമിനറിയിൽ വിജയിച്ചാൽമാത്രമേ  മെയിൻ പരീക്ഷയെഴുതാൻ  യോഗ്യത നേടൂ. മെയിനിൽ 100 മാർക്കിന്റെ മൂന്നു  പേപ്പറുണ്ട്. മെയിനിൽ വിജയിച്ചാൽ  ഇന്റർവ്യൂവുണ്ട്.  50 മാർക്കിന്റെ ഇന്റർവ്യൂവടക്കം 350 മാർക്കിലാണ് റാങ്കിങ്‌.  പ്രിലിമിനറി പേപ്പർ ഒന്നിൽ ഇന്ത്യ, കേരള ചരിത്രം, ലോകചരിത്രം, സാംസ്‌കാരിക പൈതൃകം, ഇന്ത്യൻ ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സിസ്റ്റം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, ഭൂമിശാസ്ത്രം, റീസണിങ്‌, മെന്റൽ എബിലിറ്റി, സിമ്പിൾ അരത്തമാറ്റിക്ക്‌ എന്നിവയിൽ ചോദ്യങ്ങളുണ്ടാകും. . പേപ്പർ 2ൽ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ, പദ്ധതി രൂപീകരണം, കാർഷികമേഖല, ഭൂവിനിയോഗം, വ്യവസായനയം, ഭൗതിക സൗകര്യം, വികസനം, ജനസംഖ്യ, പുത്തൻ പ്രവണതകൾ, ബജറ്റിങ്‌, ടാക്സേഷൻ, പൊതു ചെലവ്, കേരള സമ്പദ് വ്യവസ്ഥ, ജനസംഖ്യ, സാമൂഹ്യ സുരക്ഷ, വനിതാശാക്തീകരണം, ദുരന്തനിവാരണ പരിചരണം, കാർഷിക, വ്യവസായ സേവനമേഖലകളിലെ പുത്തൻ പ്രവണതകൾ, വികേന്ദ്രീകൃതാസൂത്രണം, സംസ്ഥാന പ്ലാനിങ്‌ ബോർഡ്, ടൂറിസം, ഹൗസിങ്‌ മുതലായവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. ശാസ്ത്ര സാങ്കേതിക മേഖലയിൽ  ദേശീയ ശാസ്ത്രനയം, ഇ ഗവർണൻസ്, സംസ്ഥാന പദ്ധതികൾ, വിവര സാങ്കേതിക വിദ്യ, സൈബർ പോളിസി, കൃത്രിമ ബുദ്ധി, റോബോട്ടിക്സ്, സ്‌പെയ്‌സ് സയൻസ്, പ്രതിരോധമേഖല, ഊർജമേഖല, പാരിസ്ഥിതിക ശാസ്ത്രം, ബയോഡൈവേഴ്സിറ്റി, വനം, വന്യജീവി, പാരിസ്ഥിതിക ദുരന്തങ്ങൾ, ബയോടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോ ടെക്നോളജി, വന്യജീവി പരിരക്ഷ തുടങ്ങിയവയിൽനിന്ന്‌ ചോദ്യങ്ങളുണ്ടാകും. ഇക്കണോമിക്സ്, കേരള ചരിത്രം, നവോത്ഥാന പ്രസ്ഥാനം, ബജറ്റ്, കൃത്രിമ ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്‌, മെഷീൻ ലേണിങ്‌, ഡാറ്റാ സയൻസ്, ഡാറ്റ അനലിറ്റിക്സ്,  ഡിസാസ്റ്റർ മാനേജ്മെന്റ്,  ആഗോള വ്യാപാരക്കരാറുകൾ, സാമ്പത്തികവളർച്ച എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇനിയുള്ള ദിവസങ്ങളിൽ ശുഭാപ്‌തി വിശ്വാസത്തോടെ പരീക്ഷയ്‌ക്കായി തയ്യാറെടുക്കാം. Read on deshabhimani.com

Related News