ജെഎന്‍യു: പ്രവേശന പരീക്ഷാ ഫീസില്‍ 300 ശതമാനം വര്‍ധന



ന്യൂഡല്‍ഹി > ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2019--20 അധ്യയന വര്‍ഷത്തെ ബിരുദ/ ബിരുദാനന്തര/ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫീസ് 300 ശതമാനം വര്‍ധിപ്പിച്ചു. ജനറല്‍ വിഭാഗക്കാര്‍ക്ക് കഴിഞ്ഞ തവണവരെ മൂന്ന് വിഷയത്തിന്റെ പ്രവേശന പരിക്ഷയ്ക്കായി 1200 രൂപ ഫീസായിരുന്നുവെങ്കില്‍ ഈവര്‍ഷം 3600 രൂപയായി.  ഒബിസി വിഭാഗക്കാര്‍ക്ക് 2700 രൂപയും പട്ടികജാതി /വിഭാഗക്കാര്‍ക്ക് 1800 രൂപയുമാണ് പുതുക്കിയ ഫീസ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, വിദേശവിദ്യാര്‍ഥികളുടെ ഫീസിലും വന്‍ വര്‍ധനയാണ് സര്‍വകലാശാല അധികൃതര്‍ വരുത്തിയിരിക്കുന്നത്. ഹ്യൂമാനിറ്റിസ് വിഭാഗക്കാര്‍ക്ക് 600 ഡോളറില്‍നിന്ന് 200 ശതമാനം വര്‍ധിപ്പിച്ച് 1200 ഡോളറാക്കി.  ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് 700 ഡോളറില്‍നിന്ന് 1400 ഡോളറാക്കി ഉയര്‍ത്തി. സെമസ്റ്റര്‍ പരീക്ഷയുടെ ഫീസില്‍ 400 ശതമാനം ഉയര്‍ത്തി 75 ഡോളറില്‍നിന്ന് 300 ഡോളറാക്കി. ഇന്ത്യന്‍ വിദ്യാഭ്യാസമേഖല വിദേശ വിദ്യാര്‍ഥികള്‍ക്കായി തുറന്നിടുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം നുണയാണെന്നതിന്റെ തെളിവാണ് ഫീസ് വര്‍ധനയെന്ന് ജെഎന്‍യു എസ് യു ജനറല്‍ സെക്രട്ടറി അജാസ് അഹമ്മദ് പറഞ്ഞു. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി. ഏപ്രില്‍ 17 മുതല്‍ 19 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. മെയ് 27 മുതല്‍ 30 വരെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 22 മുതല്‍ എന്‍ടിഎ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.   Read on deshabhimani.com

Related News