ഉപരിപഠനം: ആശയക്കുഴപ്പം വേണ്ട



പ്ലസ്‌ ടു പരീക്ഷ വിജയിച്ചു കഴിഞ്ഞവർ എത്തിച്ചേരുന്നത് ഒരു ട്രാഫിക്ക് ജങ്‌ഷനിലാണെന്ന്‌ പറയാം!. ഏത്‌ ഉപരിപഠന വഴി തെരഞ്ഞെടുക്കണമെന്നുള്ള കാര്യത്തിൽ ആശയക്കുഴപ്പം സ്വാഭാവികമാണ്‌. ഹയർ സെക്കൻഡറിക്കുശേഷം ഏത് കോഴ്സാണ് ആകർഷകം എന്ന ചോദ്യത്തിന്, എല്ലാ കോഴ്സുകളും ആകർഷകം തന്നെയാണെന്നാണ്‌ ഉത്തരം. പക്ഷെ ഈ തെരഞ്ഞെടുക്കലിൽ സംഭവിക്കുന്ന ധാരണപ്പിശകുകളും, ചില രക്ഷിതാക്കളുടെ ‘ഈഗോയും'വിദ്യാർഥികളുടെ അഭിരുചികൾക്കനുസൃതമായ കോഴ്സുകളിൽനിന്നും അവരെ മാറ്റിനിർത്തുന്നു. പഠിക്കുന്നത് ഞാനല്ല എന്റെ കുട്ടിയാണ്എന്ന ധാരണ രക്ഷിതാക്കൾക്കുണ്ടാകണം. പ്രൊഫഷണൽ കോഴ്സുകളോടൊപ്പം ആർട്സ്, സയൻസ്, കൊമേഴ്സ്, മാനേജ്മെന്റ് ഡിഗ്രി കോഴ്സുകളും ഇന്നത്തെ കാലയളവിൽ ഏറെ ആകർഷകവും ജോലി സാധ്യതയുള്ളവയുമാണ്. അവിടെയും ഭാഷാ വിഷയങ്ങളിൽ അഭിരുചിയുള്ളവർ അതിനനുസൃതമായ ഡിഗ്രി കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകാം. ഡിഗ്രി പഠനത്തിനുശേഷമുള്ള ജോലികളും ബിരുദാനന്തര പഠനത്തിനുശേഷമുള്ള അവസരവും അതുവഴിയുള്ള ജോലികളും ഗവേഷണ പഠന സാധ്യതകളും നിങ്ങൾക്കായി ഉണ്ട്‌. അതുപോലെ പ്രൊഫഷണൽ കോഴ്സുകളിൽ ചേരുമ്പോഴും അഭിരുചിക്കനുസരിച്ച ബ്രാഞ്ചുകളും ഐച്ഛികവിഷയങ്ങളും തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മികച്ച കോളേജുകൾ എന്ന നിലയിൽ നമ്മുടെ ശ്രദ്ധയിൽ വരുന്ന സ്ഥാപനങ്ങളിലെ എല്ലാ കോഴ്സുകളും മികച്ചതായിരിക്കണമെന്നില്ല. ഹയർസെക്കൻഡറി വിജയികൾക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളും കൈയെത്തുന്നിടത്താണ്. ബിരുദപഠനത്തിന് തുടർച്ചയായിതന്നെ ബിരുദാനന്തര പഠനവും തുടരുന്നു എന്നതാണ് ഈ കോഴ്സിന്റെ ആകർഷണം. ഡിഗ്രി പഠനത്തിനുശേഷം പോസ്റ്റ് ഗ്രാജ്വേറ്റ്പഠനത്തിനായി ഏതു കോഴ്സ്, ഏത് സ്ഥാപനം എന്ന അനിശ്ചിത ത്വം ഇവിടെ ഒഴിവാകുന്നു. സയൻസ്, ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് എന്നീ എല്ലാ പഠനശാഖയിലും അഞ്ച് വർഷം നീണ്ടു നിൽക്കുന്ന ഇത്തരം കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിലെ പഠന കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും ഇപ്പോൾ ഉണ്ട്‌. Read on deshabhimani.com

Related News