തുടര്‍ പഠനം: സാധ്യതകളുടെ ലോകം മുന്നില്‍



പ്ലസ് ടു ജയിച്ച കുട്ടികൾ നേരിടാൻ പോകുന്ന ആദ്യപ്രശ്നം ഒരുപക്ഷേ ‘ന്യൂജെൻ കോഴ്‌സുകളുടെ’ പട്ടികയുമായി വരുന്ന ഉപദേശകരെ നേരിടലാകും. തുടർപഠനം നമ്മുടെ അഭിരുചിയും താൽപ്പര്യവും മനോഭാവവുമൊക്കെ അനുസരിച്ചാകണമെന്ന് പറയാൻ എളുപ്പമാണെങ്കിലും ഇതൊക്കെ ആദ്യമേ കണ്ടെത്താൻ നമുക്ക് കഴിയണമെന്നില്ല. അതൊരു കുറവല്ലെന്ന് മാത്രമല്ല, എത്ര വലിയ ആൾക്കൂട്ടത്തിനിടയിലും നമ്മുടേതായ ഒരു സ്‌‌പേയ്‌സ് അഥവാ സാധ്യതകളുടെ ലോകം മുന്നിലുണ്ടാകുമെന്ന ധൈര്യത്തിൽ മുന്നോട്ടുപോകുക. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങിയ ബിരുദ സ്ട്രീമുകൾ, എൻജിനിയറിങ്‌, മെഡിസിൻ, നിയമം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഇവയൊക്കെയാണ് സാധാരണ തുടർപഠന സാധ്യതകളായി മുന്നിലുള്ളത്. പുതിയ കാലത്തിന്റെ പ്രത്യേകത സമാന്തരമായ പഠനത്തിനുള്ള അവസരങ്ങൾ കൂടിയുണ്ട് എന്നതാണ്. എൻജിനിയറിങ്ങിൽത്തന്നെ സിവിൽ എടുത്തവർക്ക് ഐടിയും തിരിച്ചുമൊക്കെ മൈനർ കോഴ്സായി പഠിക്കാൻ അവസരമുണ്ട്. ജോലി സാധ്യത ഐടി മേഖലയ്‌ക്ക്‌ ഏറെയുണ്ട്‌. ഇതിന് ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകളും പോളിടെക്നിക്കിലെ കമ്പ്യൂട്ടർ ഡിപ്ലോമയും ഒന്നും വേണമെന്നു തന്നെയില്ല. ഇവിടെയാണ്ആദ്യം സൂചിപ്പിച്ച മൈനർ - സമാന്തര കോഴ്സുകളുടെയൊക്കെ പ്രസക്തിയേറുന്നത്. എൻജിനിയറിങ്‌ കോഴ്സുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇടയ്ക്കൊക്കെ മാന്ദ്യമുണ്ടായാലും ഐടിയുടെ സാധ്യത അടുത്തകാലത്തൊന്നും ഇല്ലാതാകാൻ പോകുന്നില്ലെന്നാണ്‌ വിലയിരുത്തൽ. നമ്മുടെ അറിവും നൈപുണ്യവും അനുസരിച്ച് വ്യത്യസ്ത നിലകളിലാകുന്നതിനാൽ ആഴത്തിൽ പഠിക്കാൻ തയ്യാറായേ പറ്റൂ. ബിരുദവും കഴിഞ്ഞ് ഏതെങ്കിലും സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുമ്പോൾ തന്നെ തുടർന്ന് പഠിക്കാൻ കഴിയും. നാം പഠിക്കുന്ന വിഷയത്തിൽ നല്ല അടിത്തറയുണ്ടാക്കണം. ബിടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന കോഴ്സിൽ കമ്പ്യൂട്ടർ സയൻസിനായിരിക്കും പ്രാമുഖ്യം എന്നതുകൊണ്ട് പ്രൊഫഷണൽ കോഴ്സുകളിൽ ഇത് വലിയ പ്രശ്നം ഉണ്ടാക്കണമെന്നില്ല.അതോടൊപ്പം ഡാറ്റാ സയൻസ് കൂടിയ വൈദഗ്ധ്യം ആവശ്യപ്പെടുമ്പോൾ ഡ‍ാറ്റാ എ‍ൻജിനിയറിങ്‌ എന്നത് കുറച്ചുകൂടി കൈയിലൊതുങ്ങും. ഇക്കണോമിക്സ് - സ്റ്റാറ്റിസ്റ്റിക്സ് കോമ്പിനേഷനൊക്കെ പ്രസക്തി ഏറുകയാണ്‌. മാറിയകാലത്ത് സൈബർ സെക്യൂരിറ്റി ഒരു പ്രധാന മേഖലയാണെങ്കിലും കൃത്യമായി ഇതിന്റെ തൊഴിൽ സാധ്യതകൾ കൂടുതൽ ( ഉദാഹരണം: ഫോറൻസിക് സയൻസ്) രൂപപ്പെട്ടു വരേണ്ടതുണ്ട്. എന്നാൽ, പ്ലസ് ടുവിനു ശേഷംതന്നെ മറ്റു പഠനത്തോടൊപ്പം വൻകിട കമ്പനികളുടെയെല്ലാം ഐടി സുരക്ഷാ പഴുതുകൾ കണ്ടെത്താൻ കഴിയുന്ന ടൂളുകൾ പഠിപ്പിക്കുന്ന owasp.org പോലുള്ള ഓപ്പൺ സംവിധാനങ്ങളുണ്ട്. വിശകലന ബുദ്ധിയും സാഹചര്യങ്ങളെ നേരിടാനുള്ള പ്രായോഗികതയും വളർത്തിയെടുക്കലാണ് ഏറ്റവും പ്രാധാനം. പ്രമുഖ ഐടി കമ്പനികൾവരെ ഐടി ഇതര ബ്രാ‍ഞ്ചുകളിൽനിന്നുള്ളവരെ ക്യാമ്പസ് ഇന്റർവ്യൂവിലൂടെയും മറ്റും തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പരീക്ഷിക്കുന്നത് റീസണിങ്‌ എബിലിറ്റിയാണ്‌ എന്നോർക്കുക.  അടിസ്ഥാന പ്രോഗ്രാമിങ്‌ ശേഷി ആർജിക്കാനായി ‘പൈതൺ’ പ്രോഗ്രാമിങ്‌ ഭാഷ പഠിക്കുന്നത് ഏറെ പ്രയോജനപ്പെടും. നമ്മുടെ 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തിൽ നൽകിയ പൈതൺ പ്രോഗ്രാമിങ്‌, ഗ്രാഫിക്സ് അധ്യായങ്ങൾവച്ച് തന്നെ ഇതു തുടങ്ങാം. കൂടാതെ ലളിതമായ ട്യൂട്ടോറിയലുകൾ നെറ്റിൽ ലഭ്യമാണ്. കൈറ്റ് വിക്ടേഴ്സിൽ ജൂൺ 11 മുതൽ രാത്രി ഏഴിന്‌ സംപ്രേഷണം ചെയ്തുവരുന്ന (itsvicters യു ട്യൂബ് ചാനലിലും) ‘വാട്‌സ്‌ എഹെഡ്’ കരിയർ ക്ലാസുകളും ഗുണകരമാണ് Read on deshabhimani.com

Related News