ഫസ്റ്റ്ബെൽ 5, 6 ക്ലാസുകള്‍ ഇന്ന് പൂര്‍ത്തിയാകും



തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ കഴിഞ്ഞ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ അഞ്ച്, ആറ് ക്ലാസുകളുടെ  സംപ്രേഷണം വെള്ളിയാഴ്‌ച പൂർത്തിയാകും. ഏഴും ഒമ്പതും ക്ലാസുകൾ ചൊവ്വാഴ്ചയോടെയും മറ്റു ക്ലാസുകൾ 30-ഓടെയും പൂർത്തിയാകും. പ്ലസ് വണ്ണിൽ മുഴുവൻ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിഷയ വിഭാഗമായ ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി എന്നിവയുടെ സംപ്രേഷണം വ്യാഴാഴ്‌ച പൂർത്തിയായി. അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂർണമാകും. മറ്റ് പ്ലസ് വൺ ക്ലാസുകൾ മെയ്‌ അവസാനത്തോടെ പൂർത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്രത്യേക റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും പ്ലസ്‍ വൺ ക്ലാസുകൾക്ക് ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ഫസ്റ്റ്ബെൽ ക്ലാസുകളുടെ തുടർച്ചയായി ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ വിലയിരുത്തലിനായി മുഴുവൻ കുട്ടികൾക്കും പഠന മികവു രേഖകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഇവയിൽ നിഷ്കർഷിച്ചിട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി സമർപ്പിക്കുന്നതിനനുസരിച്ചാണ് അധ്യാപകർ മൂല്യനിർണയം നടത്തുക. മെയ് 20നകം ഇപ്രകാരം വർഷാന്തവിലയിരുത്തൽ നടത്തി സ്കൂളുകൾ പ്രൊമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ മെമാസവും‍ തുടരും. ഇതിനുപുറമെ ശാസ്ത്രം, പരിസ്ഥിതി, മാനസികാരോഗ്യം, സാങ്കേതികവിദ്യ, കലാ-കായിക വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്സിൽ മെയ് മാസം സംപ്രേഷണം ചെയ്യും. Read on deshabhimani.com

Related News