ഫസ്റ്റ്‌ ബെല്ലിൽ ഇനി ഓഡിയോ ബുക്കുകളും



തിരുവനന്തപുരം കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി  10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കൈറ്റ് പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവൻ വിഷയത്തിന്റെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയുന്നരൂപത്തിലുള്ള ഓഡിയോ ബുക്കുകൾ firstbell.kite.kerala.gov.inൽ ലഭ്യമാകുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളായാണുള്ളത്‌. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ  റേഡിയോ പ്രോഗ്രാം പോലെ കേൾക്കാനും എളുപ്പം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. ആവശ്യമുള്ളവർക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗൺലോഡ് ചെയ്യാം. ശ്രവണപരിമിതരായ കുട്ടികൾക്കായി ആംഗ്യഭാഷയിൽ (സൈൻ ലാംഗ്വേജ് അഡാപ്റ്റഡ്) തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറായി. കേൾവിപരിമിതരായ 280-ഓളം കുട്ടികൾക്ക് പ്രത്യേക ക്ലാസുകളാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ച്  നൽകിവരുന്നത്. എന്നാൽ, റിവിഷൻ ക്ലാസുകൾ ഇവർക്ക് ഇനിമുതൽ പൊതുവായി കാണാനാകും. നേരത്തെതന്നെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള "ഓർക്ക' സ്‌ക്രീൻ റീഡിങ് സോഫ്റ്റ്‌വെയർ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കിയിരുന്നു. അധ്യാപകർക്ക് പ്രത്യേക ഐസിടി പരിശീലനവും നൽകി. Read on deshabhimani.com

Related News