കേന്ദ്രീയ വിദ്യാലയ പരീക്ഷാസമയം മാറ്റി; പരാതിയുമായി രക്ഷിതാക്കള്‍



കൊച്ചി> കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നുമുതൽ ഒമ്പതാംക്ലാസുവരെയുള്ള വിദ്യാർഥികളുടെ അവസാനവർഷ പരീക്ഷ രാവിലെ ഏഴുമുതൽ 9.30 വരെ നടത്താൻ നിർദേശം. എതിർപ്പുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്. ഇങ്ങനെ പരീക്ഷ നടത്തിയാൽ വിദ്യാർഥികൾ രാവിലെ 6.30ന്പരീക്ഷാഹാളിൽ എത്തേണ്ടിവരും. ഇത് അകലെ താമസിക്കുന്ന വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കുമെന്നാണ‌് രക്ഷിതാക്കളുടെ പരാതി. അശാസ്ത്രീയമായ രീതി മാറ്റി മുൻ വർഷങ്ങളിലേതുപോലെ സാധാരണ ടൈംടേബിളിൽ പരീക്ഷ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാർച്ച് രണ്ടുമുതൽ ആരംഭിക്കുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷ അവധിയില്ലാതെ തുടർച്ചയായാണ് നടത്തുന്നത്. മുൻവർഷങ്ങളിൽ ബോർഡ് പരീക്ഷയ്ക്ക് ഇടയ‌്ക്കുള്ള ദിവസങ്ങളിലായിരുന്നു മറ്റു ക്ലാസുകളിലെ പരീക്ഷ നടത്തിയിരുന്നത്. തെരഞ്ഞെടുപ്പിനുമുന്നോടിയായി മറ്റു ക്ലാസുകളുടെ പരീക്ഷ നടത്തണമെങ്കിൽ ബോർഡ് പരീക്ഷയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 9.30 വരെ നടത്താമെന്ന നിർദേശംമാത്രമാണ‌് ഉണ്ടായതെന്നും ടൈംടേബിളിന് അന്തിമരൂപമായിട്ടില്ലെന്നും കേന്ദ്രീയ വിദ്യാലയ അധികൃതർ പറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ കെവിയുടെ 40 സ്‌കൂളുകളിലും വിദ്യാർഥികൾക്ക് ടൈംടേബിൾ നൽകിയതാണെന്നും ഇതുസംബന്ധിച്ച കേന്ദ്രീയ വിദ്യാലയയുടെ റീജണൽ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News