എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25



തിരുവനന്തപുരം > 2017-18 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍. പേപ്പര്‍-ഒന്ന് ഫിസിക്സും കെമിസ്ട്രിയും 24നും പേപ്പര്‍-രണ്ട് മാത്തമാറ്റിക്സ് 25നും നടക്കും. രാവിലെ പത്ത് മുതല്‍ പകല്‍ 12.30 വരെയാണ് പരീക്ഷ. സംസ്ഥാനത്തെ 14 ജില്ലാകേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ് കേന്ദ്രങ്ങളിലും പ്രവേശനപരീക്ഷ നടത്തും. കേരളത്തിലെ വിവിധ എന്‍ജിനിയറിങ് കോഴ്സുകളില്‍ പ്രവേശനംനേടാന്‍ ആഗ്രഹിക്കുന്നവര്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണം. 2017-18 വര്‍ഷത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ച് ഉത്തരവായി. എംബിബിഎസ്, ബിഡിഎസ്, ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്സുകളും കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിഎസ്സി അഗ്രികള്‍ചര്‍, ബിഎസ്സി ഫോറസ്ട്രി, വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിവിഎസ്സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡ്രി, ഫിഷറീസ് സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിഎഫ്എസ്സി കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നീറ്റ് അടിസ്ഥാനത്തില്‍ നടത്തുക. Read on deshabhimani.com

Related News