എയിംസിൽ നേഴ്‌സിങ്‌, ബയോടെക്‌നോളജി പാരാമെഡിക്കൽ കോഴ്‌സ്‌



തിരുവനന്തപുരം > ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ (എയിംസ്‌) 2020ലെ  നേഴ്‌സിങ്‌, ബയോടെക്‌നോളജി, പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള  സമയപട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തെ  എയിംസുകളിലുള്ള ബിഎസ്‌സി, എംഎസ്‌സി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങളാണ്‌ ന്യൂഡൽഹി എയിംസ്‌ ആരംഭിച്ചത്‌. 12 മുതൽ ബിഎസ്‌സി കോഴ്‌സുകളിലേക്കും 13 മുതൽ എംഎസ്‌സി കോഴ്‌സുകളിലേക്കുമുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. ഇരു വിഭാഗങ്ങളിലേക്കുമുള്ള രജിസ്‌ട്രേഷൻ 2020 ജനുവരി 16 ന്‌ അവസാനിക്കും. ബിഎസ്‌സി കോഴ്‌സുകൾ ഈ വിഭാഗത്തിൽ ബിഎസ്‌സി  (ഹോണേഴ്‌സ്‌) നേഴ്‌സിങ്‌, ബിഎസ്‌സി നേഴ്‌സിങ്‌ (പോസ്‌റ്റ്‌ ബേസിക്‌), ബിഎസ്‌സി  പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവയിലെ പ്രവേശനത്തിനാണ്‌ പൊതുരജിസ്‌ട്രേഷൻ ആരംഭിച്ചത്‌. ബിഎസ്‌സി ഹോണേഴ്‌സിന്‌ എസ്‌എസ്‌എൽസി+ പ്ലസ്‌ ടു (തത്തുല്യം) പഠിച്ചവർക്ക്‌ അപേക്ഷിക്കാം. പ്ലസ്‌ ടുവിന്‌  ഇംഗ്ലീഷ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവയ്‌ക്കും ബയോളജി, മാത്തമാറ്റിക്‌സ്‌ എന്നിവയിൽ ഏതെങ്കിലും ഒന്നിനും 50 ശതമാനം മാർക്ക്‌ നേടിയവർക്ക്‌ അപേക്ഷിക്കാം. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക്‌ 45 ശതമാനം മതി. ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സുകൾക്കും ഇതേ യോഗ്യതവേണം.  ബിഎസ്‌സി നേഴ്‌സിങ്‌ പോസ്‌റ്റ്‌ ബേസിക്‌ വിഭാഗത്തിൽ നേഴ്‌സിങ്‌ കൗൺസിൽ അംഗീകരിച്ച   ജനറൽ നേഴ്‌സിങ്‌, മിഡ്‌വൈഫറി കോഴ്‌സുകൾ കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഏതെങ്കിലും സംസ്ഥാനത്ത്‌ രജിസ്‌ട്രേഡ്‌ നേഴ്‌സ്‌(ആർഎൻ), രജിസ്‌ട്രേഡ്‌ മിഡ്‌വൈഎഫ്‌ (ആർഎം) രജിസ്‌റ്റർ ചെയ്‌തവരായിരിക്കണം.  ബിഎസ്‌സി (എച്ച്‌) നേഴ്‌സിങ്‌, പോസ്‌റ്റ്‌  ബേസിക്‌, പാരാമെഡിക്കൽ കോഴ്‌സുകൾക്ക്‌ 12 മുതൽ ജനുവരി 16ന്‌ വൈകിട്ട്‌ വരെ അപേക്ഷിക്കാം. സ്വീകരിച്ച അപേക്ഷകളുടെ വിവരങ്ങൾ ഫെബ്രവരി നാലിന്‌ പ്രസിദ്ധീകരിക്കും. ഫൈനൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ബിഎസ്‌സി നേഴ്‌സിങ് പോസ്‌റ്റ്‌ ബേസിക്‌ പ്രവേശന പരീക്ഷ ജൂൺ ആറിനും പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക്‌ ജൂൺ 20നും നേഴ്‌സിങ്‌ ഹോണേഴ്‌സിന്‌ ജൂൺ 28നും പരീക്ഷ നടക്കും. വിശദവിവരങ്ങളും ഒാൺലൈൻ അപേക്ഷാവിശദാംശങ്ങളും www.aiimsexams.org വെബ്‌സൈറ്റിൽ ലഭിക്കും. എംഎസ്‌സി കോഴ്‌സുകൾ എംഎസ്‌സി നേഴ്‌സിങ്‌, എംഎസ്‌സി–- മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്‌ട്രി, ബയോഫിസിക്‌സ്‌, മെഡിക്കൽ സൈക്കോളജി, മെഡിക്കൽ ഫാർമകോളജി, മെഡിക്കൽ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  എംഎസ്‌സി നേഴ്‌സിങിന്‌ ബിഎസ്‌സി (എച്ച്‌) നേഴ്‌സിങ്‌, ബിഎസ്‌സി നേഴ്‌സിങ്‌ (പോസ്‌റ്റ്‌ സർട്ടിഫിക്കേറ്റ്‌, പോസ്‌റ്റ്‌ ബേസിക്‌ ) നാല്‌ വർഷ ബിഎസ്‌സി നേഴ്‌സിങ്‌ എന്നിവയിൽ 60 ശതമാനം മാർക്കോടെ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. നേഴ്‌സിങ്‌ ഇതര എംഎസ്‌സി കോഴ്‌സുകൾക്ക്‌  ബിബിഎസ്‌, ബിഡിഎസ്‌ എന്നിവയിൽ 55 ശതമാനം മാർക്കുള്ളവർക്ക്‌ അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഎസ്‌സി ബിരുദക്കാരും പ്രവേശനത്തിന്‌ യോഗ്യരാണ്‌. ഇതിന്റെ വിശദവിരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. എംഎസ്‌സി കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ 13ന്‌ ആരംഭിച്ച്‌ ജനുവരി 16ന്‌ വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. ഫൈനൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം എംഎസ്‌സി നേഴ്‌സിങ്‌ പ്രവേശന പരീക്ഷ ജൂൺ ആറിനും ഇതര എംഎസ്‌സി കോഴ്‌സുകളിൽ ജൂൺ നാലിനും പ്രവേശന നടക്കും. ബിഎസ്‌സി, എംഎസ്‌സി കോഴ്‌സുകളിൽ പ്രവേശനത്തിന്‌ 2019 ൽ ബേസിക്‌ രജിസ്‌ട്രേഷൻ നടത്തിയവർ വീണ്ടും ബേസിക്‌ രജിസ്‌ട്രേഷൻ ആവശ്യമില്ല. ഫൈനൽ രജിസ്‌ട്രേഷൻ നടപടികളിൽ പങ്കെടുത്താൽ മതി. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം വായിക്കാൻ www.aiimsexams.org വെബ്‌സൈറ്റ്‌ സന്ദർശിക്കുക. Read on deshabhimani.com

Related News