ഡല്‍ഹി സര്‍വകലാശാല: പ്രവേശനം ഇങ്ങനെയൊക്കെ



ഡല്‍ഹി സര്‍വകലാശാല,അംബേദ്കര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവേശനത്തിന് സമയമാകുന്നു. ഇവിടങ്ങളില്‍ പ്രവേശനത്തിന് ചെയ്യേണ്ടതെന്തെല്ലാം..? ഒട്ടേറെ സാധ്യതകളാണ് കേന്ദ്ര  സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വയ്ക്കുന്നത്. മികച്ച സിലബസ് കൃത്യമായ പഠനക്രമം മികച്ച  അദ്ധ്യാപകര്‍ മികവുറ്റ അക്കാദമിക് അന്തരീക്ഷം പ്ലേസ്‌മെന്റ് സംവാദാത്മകമായ ഇടങ്ങള്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും ഒരു കേന്ദ്ര സര്‍വകലാശാല നല്ലൊരു തിരഞ്ഞെടുപ്പാണ്. എന്തുകൊണ്ട് ഡല്‍ഹി? ഡെല്‍ഹി ഒരു എഡ്യൂക്കേഷണല്‍ ഹബ് കൂടിയാണ്. ജെ.എന്‍.യു, ഡി.യു, ജാമിയ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളും, അംബേദ്കര്‍ പോലുള്ള മികച്ച സര്‍വകലാശാലകളും ഡല്‍ഹിയിലാണ്. ഇതുകൂടാതെ ഇന്ത്യയിലെ പ്രമുഖരായ അക്കാദമീഷ്യന്‍സ്, എഴുത്തുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ തുടങ്ങി വിശാലമായൊരു ലോകത്തോട് സംവദിക്കാന്‍ ഇവിടെ അവസരം ലഭിക്കുന്നു. വിവിധ പഠനഗവേഷണ കേന്ദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും കഴിയും. പുതിയ ഭാഷ, സംസ്കാരങ്ങള്‍, വിവിധതരത്തിലുള്ള ആളുകള്‍ തുടങ്ങി ക്ലാസ് മുറിക്ക് പുറത്തും വലിയൊരു പാഠപുസ്തകമാണ് ഡല്‍ഹി. ഇങ്ങനെ വിശാലമായ സാധ്യതകളാണ് ഡല്‍ഹി ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും വേണ്ടവിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഈ അവസരം  ഉപയോഗിച്ചു കാണുന്നില്ല. ഡല്‍ഹി സര്‍വകലാശാല പ്ലസ് ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാല കൂടിയാണ് ഡി.യു. (ചുരുക്കം ചില കോഴ്സുകളിലേക്കും കോളേജുകളിലേക്കും പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കാറുണ്ട്.) മികച്ച നിലവാരം പുലര്‍ത്തുന്ന ഒട്ടേറെ കോളേജുകള്‍ ഡി.യു വിലുണ്ട്. ഹോണേഴ്സ് കോഴ്സുകളാണ് ഡി.യു വിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തിരഞ്ഞെടുക്കുന്ന വിഷയത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നു. നിര്‍ബന്ധിതമായ സബ് പേപ്പറുകള്‍ ഇല്ല. മറിച്ച് ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥിയുടെ താത്പര്യത്തിനനുസരിച്ച് മറ്റു ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നും ഇലക്ടീവ് പേപ്പറുകള്‍ എടുത്ത് പഠിക്കാം. BA (Hons.) / BSc (Hons.) / BCom (Hons.) വിഭാഗങ്ങളിലായി ഒട്ടുമിക്ക വിഷയങ്ങളിലും കോഴ്സുകള്‍ ഉണ്ട്. ഇത് കൂടാതെ BA / BSc / BCom തുടങ്ങിയ സാധാരണ പ്രോഗ്രാം കോഴ്സുകളും  ഉണ്ട്. എഴുപത്തി അഞ്ചോളം വിഷയങ്ങളില്‍ ബിരുദങ്ങള്‍ ലഭ്യമാണ്. എണ്‍പതോളം കോളേജുകളിലായി അന്‍പതിനായിരത്തില്‍പരം സീറ്റുകളും. താരതമ്യേന ചെറിയ ഫീസ് മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. ബിരുദ കോഴ്സുകള്‍ക്ക് മികച്ച ഗുണനിലവാരമാണ് ഡി.യു പുലര്‍ത്തുന്നത്. ഇന്ത്യയിലെ ഏത് സര്‍വകലാശാലയെക്കാളും മികച്ച സിലബസ് ആണ് ഡല്‍ഹി സര്‍വകലാശാലയുടേതെന്ന് പറയാന്‍ സാധിക്കും. താമസസൗകര്യത്തിനായി കോളേജ്/യൂണിവേര്‍സിറ്റി ഹോസ്റ്റലുകള്‍ ഉണ്ട്. ഇത് കൂടാതെ ക്യാമ്പസിനടുത്ത് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നവരും പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവരും ഏറെ ഉണ്ട്. റാഗിംഗ് പോലുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ ഉണ്ടാവാറുണ്ട്. പരാതിയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാവും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഇടപെടല്‍ തന്നെയാണ് ക്യാംപസ് സമൂഹവും അതില്‍ വച്ചു പുലര്‍ത്തുന്നത്. പ്രവേശനം എങ്ങനെ? ഹയര്‍ സെക്കന്ററി പൊതു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കിബ പൂര്‍ണമായും മെറിറ്റ്  അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് ഉണ്ട്. ബസെന്റ് സ്റ്റീഫന്‍സ് കോളേജ്, ജീസസ് ആന്‍ മേരി കോളേജ്ബ എന്നിവ പ്രത്യേകം അഡ്മിഷന്‍ വിളിക്കുന്നു. മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്. സാധാരണഗതിയില്‍ മെയ് പകുതിയോടെ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ അവസാനത്തോടെ ആദ്യ കട്ട് ഓഫ് പുറത്തു വിടും. ജൂലൈ അവസാന വാരം ക്ലാസ് ആരംഭിക്കും. ഓരോ കോഴ്സുകള്‍ക്കും കോളേജുകള്‍ക്കുമനുരിച്ച് കട്ട് ഓഫില്‍ മാറ്റം  ഉണ്ടായിരിക്കും. പ്രധാനപ്പെട്ട കോളേജുകളിലെ ഡിപ്പാര്‍ട്മെന്റുകളില്‍ അഡ്മിഷന്‍ ലഭിക്കുവാന്‍ പൊതുവില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വേണ്ടി വരും.* കോഴ്സുകള്‍, കോളേജ്, സംവരണം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് ഇവ വ്യത്യാസപ്പെടാം. 80  ശതമാനം മാര്‍ക്ക് മതിയാവുന്ന കോഴ്സുകളും, 100 ശതമാനം മാര്‍ക്ക് കട്ട് ഓഫ് വരുന്ന ഡിപ്പാര്‍ട്മെന്റുകളും ഉണ്ട്. കോളേജുകള്‍, കോഴ്സുകള്‍, കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.  വെബ് സൈറ്റ് അഡ്രസ് : www.du.ac.in അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തലസ്ഥാനത്തെ മറ്റൊരു പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ അംബേദ്കര്‍ സര്‍വകലാശാല 2007 ല്‍ ഡെല്‍ഹി ഗവണ്‍മെന്റിനു കീഴില്‍ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യ ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളില്‍ അവസരം നല്‍കുന്നു. കണ്ടിന്വസ് ഇവാലുവേഷന്‍ സിസ്റ്റത്തിലൂന്നിയ പഠനം വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം സംവാദാത്മകമായ ക്ലാസുകള്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്സ് സെലക്ഷന്‍ മികച്ച ഫാക്കല്‍റ്റി,വിശാലമായ ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവ യൂണിവേഴ്‌സിറ്റിയുടെ  പ്രത്യേകതകളാണ്. ലാംഗ്വേജ് സെല്‍, ആന്റി സെക്ഷ്വല്‍ ഹറാസ്സ്മെന്റ് സ്‌ക്വാഡ്, വിവിധ ക്ലബ്ബുകള്‍, സൊസൈറ്റികള്‍ എന്നിവയും യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്നു. രണ്ട് കാമ്പസുകള്‍ ഉള്ള യൂണിവേഴ്‌സിറ്റിയില്‍  ബിരുദ പ്രവേശനത്തിന്, ഓരോ കോഴ്സിലും 8 സീറ്റുകള്‍ മാത്രമാണ് ഡെല്‍ഹിക്കു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  ലഭിക്കുക.ബ ഹയര്‍ സെക്കണ്ടറി മാര്‍ക്കായിരിക്കും ഇവിടെയും പ്രവേശന യോഗ്യത.* സംവരണ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കുന്നു. സഹായവുമായി യുവസമിതി ഡല്‍ഹി സര്‍വകലാശാലയിലേക്കും അംബേദ്കര്‍ സര്‍വകലാശാലയിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ ബകേരള ശാസ്ത്ര സാഹിത്യ പരിഷത് യുവസമിതി, ഡല്‍ഹി യൂണിറ്റ്ബ അഡ്മിഷന്‍ ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. പ്രവേശന നടപടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും മറ്റു വിവരങ്ങള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അതാതു ജില്ലകളനുസരിച്ച് ബന്ധപ്പെടാവുന്നതാണ്. (വാട്സ്ആപ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം.) ☎അപര്‍ണ :09870363550  (തിരുവനന്തപുരം, കൊല്ലം) ☎അശ്വിന്‍ : 08376919750 ( പത്തനംതിട്ട, ആലപ്പുഴ) ☎റിസ്വാന്‍ : 09560111474 (തൃശൂര്‍, എറണാകുളം) ☎സുല്‍ത്താന : 08281365257 ( വയനാട്, ഇടുക്കി) ☎അഖില്‍ : 09656459770  (കണ്ണൂര്‍, മലപ്പുറം) ☎ഇമ : 09599746997  (കോഴിക്കോട്, പാലക്കാട്) ☎കാവേരി : 08010767983  (കോട്ടയം, കാസര്‍ഗോഡ്) Read on deshabhimani.com

Related News