മോദിയുടെ കൊലക്കയർ വാക്കുകൾക്കുമേലും



സഹിഷ്‌ണുതയുടെയും ബഹുസ്വരതയുടെയും  സമൂഹമെന്ന പാരമ്പര്യത്തിൽനിന്ന്‌ തുടർച്ചയായി അധഃപതിപ്പിച്ച്‌ ഇന്ത്യയെ അടിമുടി തകർത്ത്‌  നാണംകെടുത്തുകയാണ്‌  നരേന്ദ്ര മോദിയും പരിവാരങ്ങളും. പാർലമെന്ററി ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശം തുടങ്ങിയ മൂല്യങ്ങളെല്ലാം എക്കാലത്തുമില്ലാത്ത ഗുരുതര വെല്ലുവിളി നേരിടുകയുമാണ്‌. ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾ ഉപയോഗിക്കുന്ന  വാക്കുകൾക്ക്‌ വിലങ്ങണിയിക്കുന്നതാണ്‌ ഒടുവിൽ  കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്‌ച. തിങ്കളാഴ്‌ച തുടങ്ങുന്ന  വർഷകാല സമ്മേളനത്തിനു മുന്നോടിയായി ലോക്‌സഭാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ കൈപ്പുസ്‌തകത്തിൽ അമ്പരപ്പിക്കുന്ന നിർദേശങ്ങളാണ്‌. അസഹിഷ്‌ണുതയുടെ ഉഗ്രമൂർത്തികളായ ആർഎസ്‌എസ്‌ ബുദ്ധികേന്ദ്രങ്ങളാണ്‌  പിന്നിലെന്ന്‌  വ്യക്തം. അഴിമതിക്കാരൻ, സ്വേച്ഛാധിപതി, അരാജകവാദി, വിനാശപുരുഷൻ, നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങൾ  ഇനിമുതൽ പാർലമെന്റിൽ ഉപയോഗിച്ചുകൂടാ. ഇരട്ട വ്യക്തിത്വം, വഞ്ചന, ചോരകൊണ്ടുള്ള കളി, ഉപയോഗശൂന്യം എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ആ പട്ടികയിലാണ്‌. അത്തരം പദങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും ഉന്നയിച്ചാൽ  രേഖകളിൽനിന്ന് നീക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ഏറ്റവുമധികം  പ്രയോഗിക്കാറുള്ള വാക്കുകളും ഒഴിവാക്കണം. സ്പീക്കർക്കെതിരെ ഉപയോഗിക്കുന്ന പക്ഷംപിടിക്കൽ, നിഷ്പക്ഷത പാലിക്കണം  തുടങ്ങിയവയുടെയും നാവറുത്തു. മോദി സർക്കാരിന്റെ വിനാശകരങ്ങളായ നയങ്ങൾക്കെതിരായ  വിമർശങ്ങൾ പൂർണമായി മറച്ചുപിടിക്കുകയാണ്‌ കാവിപ്പടയുടെ നിഗൂഢലക്ഷ്യം. സാധാരണക്കാരുടെ സംസാരഭാഷയിൽ ആവർത്തിക്കാറുള്ള  അഴിമതി, ഏകാധിപത്യം, വഞ്ചന തുടങ്ങിയവയ്‌ക്കും വിലക്കുണ്ട്‌. എന്തിനേറെ ‘നാടകം’ എന്ന സൗമ്യമായ വാക്കുപോലും കേൾക്കാൻ സംഘപരിവാറിന്റെ തമ്പുരാക്കൾക്ക്‌ ഒട്ടുംക്ഷമയില്ല. തുഗ്ലക്ക്‌ പരിഷ്‌കാരത്തിന്‌ സമാനമായി നേരം വെളുക്കുമ്പോഴേക്കും ഒരു മുൻകരുതലും ഇല്ലാതെ നോട്ടുനിരോധനം അടിച്ചേൽപ്പിച്ചതുപോലെ ലാഘവത്തോടെയാണ് വാക്കുകൾ പൂട്ടിയിട്ടത്‌.  ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം പാർലമെന്റിനുള്ളിൽ റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഭരണനേതൃത്വത്തിന്‌ അനിഷ്ടമുള്ള പദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്‌ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണംകെടുത്തുമെന്നുറപ്പ്‌. അതേസമയം, ബിജെപിയുടെ സ്വഭാവത്തിന്‌ തീർത്തും യോജിക്കുന്ന വാക്കുകളാണ്‌  നിരോധിച്ചവയെന്നതാണ്‌ വസ്‌തുത. വിമർശ പ്രയോഗങ്ങൾ ഭയക്കുന്നവരുടെ ഭ്രാന്തൻ  തീരുമാനം മാത്രമായല്ല  ഈ നീക്കത്തെ  നിരീക്ഷിക്കേണ്ടത്‌, ഭാവിയിൽ  മറ്റു മൗലികാവകാശങ്ങളും ഔദ്യോഗികമായി റദ്ദാക്കപ്പെടുമെന്ന അപകടമുണ്ട്‌; ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ  ഉന്മൂലനംചെയ്യാനും വഴിതെളിക്കും. അഡോൾഫ്‌ ഹിറ്റ്‌ലറുടെ ജർമനിയിലും ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന്‌ ചരിത്രംസാക്ഷിയാണ്‌. ജനങ്ങൾ പൊരുതി തോൽപ്പിച്ച ഏകാധിപത്യവാഴ്‌ച  ആഴത്തിൽ അരക്കിട്ടുറപ്പിക്കാനാണ് മോദിയുടെ ശ്രമം. അതിനാൽ ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറന്റ്‌ പ്രതീക്ഷിക്കാം. 1938ൽ ഹിറ്റ്‌ലർ ചില വാക്കുകൾ ദൂരെ കളയാൻ ഉത്തരവിടുകയും ചിലത്‌ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ജൂതരുടെ പാസ്‌പോർട്ടിൽ ചുവന്ന വലിയ അക്ഷരത്തിൽ ‘ജെ’ എന്ന്‌ നിർബന്ധമാക്കുകയുമുണ്ടായി.  വൈവിധ്യങ്ങൾ സംരക്ഷിക്കുക ജനാധിപത്യത്തിന്റെ മൗലികസത്തയാണ്‌. അത് അനുവദിച്ചില്ലെങ്കിൽ, ഭരണഘടന നിരർഥകമാകും. അഭിപ്രായങ്ങളോട്‌  ഭരണാധികാരികൾ  തുറന്ന സമീപനം കൈക്കൊണ്ടില്ലെങ്കിൽ  പൗരന്മാർ വെറും പ്രജകളായി തരംതാഴുന്നതും സ്വാഭാവികം. വിവാദ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചതോടെ ബാലിശ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ്‌ രംഗത്തെത്തി.  കാലാകാലങ്ങളായി ‘പാർലമെന്ററി മര്യാദ’കൾക്ക്‌ യോജിക്കാത്തതായി കണ്ടെത്തിയ വാക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ്‌ വാദം. അതിന്റെ തുടർച്ചയാണ്‌ പാർലമെന്റ്‌ മന്ദിരത്തിന്റെ  സമീപംപോലും  നിശ്ശബ്ദ മേഖലയാക്കാനുള്ള തീരുമാനം. വാക്കുകളെയും  കൊലചെയ്യുന്ന  മോദിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ  ഒന്നിച്ച്‌ അണിനിരക്കേണ്ടതുണ്ട്‌.   Read on deshabhimani.com

Related News