വിവിപാറ്റ്: കമീഷൻ വീണ്ടും വിശ്വാസ്യത തകർക്കുന്നു



ലോക‌്സഭാ  തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ വിവിപാറ്റ്‌ (വോട്ടർ വെരിഫെയബിൾ പേപ്പർ ഓഡിറ്റ്‌ ട്രയിൽ)  വോട്ടുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർടികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തള്ളിയതോടെ തെരഞ്ഞെടുപ്പുപ്രക്രിയയെപ്പറ്റി ഉയർന്ന ആശങ്കകൾ വോട്ടെണ്ണലിനു ശേഷവും നിലനിൽക്കാൻ സാധ്യതയേറി. മുമ്പ് ഒരു തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ലാത്തവിധം തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത തന്നെ വിവാദത്തിലാകുന്നതാണ് 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. കമീഷന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തെപ്പറ്റി ഉയർന്ന ആരോപണങ്ങൾക്കിടയിലാണ് വോട്ടെടുപ്പുപ്രക്രിയ കൂടി സംശയത്തിന്റെ നിഴലിലായത്.വോട്ടിങ‌് യന്ത്രങ്ങളിൽ തിരിമറിക്ക‌് ശ്രമം നടക്കുമെന്നതായിരുന്നു മുഖ്യ ആശങ്ക. ആദ്യം ഉയർന്നത് സാങ്കേതിക പ്രശ്നങ്ങൾ ആണെങ്കിൽ പിന്നീട് ഗുരുതരമായ മറ്റു വിഷയങ്ങളും ഉയർന്നു. വോട്ടിങ‌് യന്ത്രങ്ങൾ കാണാതായതായി ആധികാരികമായ വാർത്തകൾ വന്നു. യന്ത്രങ്ങൾ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കമീഷന് കൃത്യത ഇല്ലെന്ന‌് മുംബൈ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു പൊതുതാൽപര്യ ഹർജിയിൽ വ്യക്തമായി. നിർമിച്ചു കൈമാറിയതായി നിർമാതാക്കൾ അവകാശപ്പെടുന്ന 20  ലക്ഷം വോട്ടിങ‌് യന്ത്രങ്ങൾ എവിടെപ്പോയി എന്ന കോടതിയുടെ ചോദ്യത്തിന‌് വ്യക്തമായ ഉത്തരം ഉണ്ടായില്ല. അതിനിടെ, വോട്ടു ചെയ‌്ത യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾക്കു സമീപം വോട്ടിങ‌് യന്ത്രങ്ങളുമായി വാഹനങ്ങൾ വന്നതായി വാർത്തകൾ വന്നു. ഇതിനും തൃപ്തികരമായ  വിശദീകരണം ഉണ്ടായിട്ടില്ല. യന്ത്രങ്ങളിൽ സാങ്കേതികമായി കൃത്രിമം എത്രത്തോളം സാധ്യമാണ് എന്ന കാര്യത്തിൽ സിപിഐ എം അന്ധമായ ഒരു രാഷ്ട്രീയ നിലപാട് എടുത്തില്ല. യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമീഷന്റെ ക്ഷണം ലഭിച്ചപ്പോൾ സാങ്കേതിക വിദഗ്‌ധരുടെ ഒരു സംഘത്തെതന്നെ  സിപിഐ എം തെരഞ്ഞെടുപ്പു കമീഷനിലേക്ക്‌ അയച്ചിരുന്നു. മെഷീൻ മദർബോർഡ്‌ അടക്കമുള്ള ഹാർഡ്‌ വെയർകൂടി പരിശോധിച്ചാൽ മാത്രമേ സാങ്കേതിക പരിശോധന പൂർണമാകൂ എന്ന്‌ ആ വിദഗ്‌ധർ പറഞ്ഞെങ്കിലും അതിനുള്ള അനുമതി കമീഷൻ നൽകിയില്ല. അതുകൊണ്ടുതന്നെ പൂർണവും സ്വതന്ത്രവുമായ വിലയിരുത്തൽ നടത്താൻ കഴിഞ്ഞില്ല. ആ വിദഗ്ധസംഘവും പിന്നീട്‌ സിപിഐ എമ്മും നിർബന്ധമായി ആവശ്യപ്പെട്ട കാര്യം വോട്ടിങ‌് യന്ത്രം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവിപാറ്റ്‌ നിർബന്ധമാക്കണമെന്നാണ്‌. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർടികളും ഈ ആവശ്യമുന്നയിച്ചു. വോട്ടിങ‌് യന്ത്രത്തിനൊപ്പം വിവിപാറ്റ്‌ യന്ത്രംകൂടിയുണ്ടെങ്കിൽ ആർക്കാണ്‌ വോട്ട്‌ രേഖപ്പെടുത്തിയതെന്ന്‌ വ്യക്തമാക്കുന്ന രസീതുകൂടി വോട്ടർക്ക്‌ കാണാം. ഇത്‌ വിശ്വാസ്യത കൂട്ടും. മുമ്പ്‌ ബാലറ്റ്‌ പേപ്പറിൽ വോട്ട‌് ചെയ്‌തപ്പോൾ ഉണ്ടായിരുന്ന തൃപ്‌തിയിൽ വോട്ടർക്ക്‌ ബൂത്ത്‌ വിടാനുമാകും. എന്നാൽ, വിവിപാറ്റിന്റെ കാര്യത്തിൽ സർക്കാരിന്‌ മെല്ലെപ്പോക്കായിരുന്നു. ആവശ്യമായ യന്ത്രങ്ങൾ വാങ്ങിയില്ല. തെരഞ്ഞെടുപ്പു കമീഷനും വേണ്ട ജാഗ്രതയുണ്ടായില്ല. സുതാര്യത ബോധ്യപ്പെടുത്തുന്നതിനും തുടർനടപടി ഉണ്ടായില്ല. എങ്കിലും  ഒടുവിൽ മുഴുവൻ മണ്ഡലങ്ങളിലും വിവിപാറ്റ് ഏർപ്പെടുത്താൻ കമീഷൻ നിർബന്ധിതമായി. എന്നാൽ, ഇപ്പോൾ ഇവ എണ്ണുന്ന കാര്യത്തിൽ കമീഷൻ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ്. തെരഞ്ഞെടുപ്പു കമീഷനുമായി പലവട്ടം പാർടികൾ നടത്തിയ ചർച്ചകൾക്കും സുപ്രീംകോടതിയുടെ ഇടപെടലിനുംശേഷം ഒരു നിയമസഭാ  മണ്ഡലത്തിലെ അഞ്ച്‌ വിവിപാറ്റുകൾ എണ്ണിയാൽ മതിയെന്നായി തീരുമാനം. 50 ശതമാനം വിവിപാറ്റ്‌ സ്ലിപ്പുകൾ എങ്കിലും എണ്ണണമെന്ന്‌ ആവശ്യപ്പെട്ട്‌ 21 പ്രതിപക്ഷ പാർടികൾ  സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം തള്ളി. ഈ സാഹചര്യത്തിലാണ് വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത്. എന്നാൽ, ബുധനാഴ‌്ച ഈ ആവശ്യവും നിരസിക്കപ്പെട്ടു. ഇതോടെ ആശങ്കകൾ നിലനിൽക്കുന്ന അവസ്ഥയായി. അഞ്ചു ശതമാനം വിവിപാറ്റ് എണ്ണുമ്പോൾ കണക്കിൽ വ്യത്യാസം വന്നാൽ മുഴുവൻ വിവിപാറ്റും എണ്ണുമോ എന്നതിലടക്കം ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ആദ്യം വിവിപാറ്റ് എണ്ണിയാൽ ഫലം വൈകുമെന്ന വാദം നിരർഥകമാണ്. നേരത്തെ അറിയുക എന്നതിലും പ്രധാനമാണല്ലോ നേര് അറിയുക എന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ കമീഷൻ പിടിവാശി അവസാനിപ്പിക്കുകയായിരുന്നു വേണ്ടത്. വിവിപാറ്റ് കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളോട് നീതിപുലർത്താൻ അതാവശ്യമായിരുന്നു. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെന്നത്‌ തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യതകൂടിയാണ്‌. അത് തകർക്കുന്ന നീക്കങ്ങൾ  ജനാധിപത്യത്തെ തന്നെയാണ് അപകടത്തിലാക്കുന്നത‌്. Read on deshabhimani.com

Related News