സാമ്രാജ്യത്വശക്തികളെ പ്രതിരോധിക്കണം



മറ്റു രാജ്യങ്ങളുടെ തെരഞ്ഞെടുപ്പിലും ഭരണത്തിലും ഇടങ്കോലിട്ട് തങ്ങൾക്ക് അനുകൂലമായ സർക്കാരുകളെ വാഴിക്കുക എന്നത് എന്നും അമേരിക്കയുടെ രീതിയാണ്. രാജ്യത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും അമേരിക്കതന്നെ. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി അമേരിക്ക എത്രയെത്ര സർക്കാരുകളെയാണ് അട്ടിമറിച്ചതും പാവഭരണാധികാരികളെ അധികാരത്തിൽ അവരോധിച്ചതും. 1823 മൺറോ സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ലാറ്റിനമേരിക്കയെ തങ്ങളുടെ പിന്നാമ്പുറമായി പ്രഖ്യാപിച്ച് അവിടത്തെ രാജ്യങ്ങളിൽ ഇടപെടാൻ അമേരിക്കയ‌്ക്ക‌് അധികാരമുണ്ടെന്ന് സ്ഥാപിച്ചു. 1847ൽ മെക‌്സിക്കോക്കുനേരെ പടനയിച്ച് ആ രാജ്യത്തിന്റെ പകുതിയോളം ഭൂപ്രദേശം കീഴ്പ്പെടുത്തിക്കൊണ്ടായിരുന്നു ലാറ്റിനമേരിക്കയിലെ അധിനിവേശത്തിന് അമേരിക്ക തുടക്കമിട്ടത്. തുടർന്ന് പനാമയിലും ഗ്വാട്ടിമാലയിലും ബ്രസീലിലും ചിലിയിലും ഹൈത്തിയിലും ഗ്രനഡയിലും ഹോണ്ടുറാസിലും അമേരിക്കൻ സൈന്യം ഇടപെടുകയും അട്ടിമറി സംഘടിപ്പിക്കുകയും ചെയ‌്തു.  ഈ നീക്കങ്ങളിൽ ഏറ്റവും അവസാനത്തേതാണ് വെനസ്വേലയിലെ നിക്കോളസ് മഡുറോയുടെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം. ആദ്യമായൊന്നുമല്ല വെനസ്വേലയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നത്. ആദ്യത്തെ ശ്രമം 2002 ഏപ്രിലിലായിരുന്നു.  ഹ്യൂഗാ ഷാവേസ് സർക്കാരിനെയാണ് അന്ന് അമേരിക്ക അട്ടിമറിച്ചത്. എന്നാൽ, അമേരിക്കൻ ഇടപെടലിനെതിരെ വെനസ്വേലയിലെ ജനങ്ങൾ അണിനിരന്നതോടെ രണ്ട് ദിവസത്തിനുശേഷം ഷാവേസിന് അധികാരം തിരികെ ലഭിച്ചു. ഒന്നരപതിറ്റാണ്ടുമുമ്പ് പരാജയപ്പെട്ട നീക്കം വിജയത്തിലെത്തിക്കാൻ അമേരിക്ക നടത്തിയ ശ്രമമായിരുന്നു ജനുവരി 23ലേത്.  വെനസ്വേലൻ പാർലമെന്റായ നാഷണൽ അസംബ്ലിയുടെ പ്രസിഡന്റ് ജുവാൻ ഗുഅയിഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അട്ടിമറിനീക്കം. താമസമേതുമില്ലാതെ ഗുഅയിഡോക്ക് അംഗീകാരം നൽകി അമേരിക്ക രംഗത്തെത്തി. വലതുപക്ഷം ഭരണനേതൃത്വത്തിലുള്ള ബ്രസീലും കൊളംബിയയും ക്യാനഡയും മറ്റും പുതിയ പ്രസിഡന്റിന് പിന്തുണ നൽകി. എന്നാൽ, ചൈനയും റഷ്യയും ക്യൂബയും ബൊളീവിയയും ഉൾപ്പെടെ നൂറ്ററുപതോളം രാഷ്ട്രങ്ങൾ വെനസ്വേലയിലെ തെരഞ്ഞെടുക്കപ്പെട്ട മഡുറോ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രതിപക്ഷ പാർടികൾ പോലും ഭരണഘടനാവിരുദ്ധമായ അട്ടിമറിനീക്കത്തെ പിന്തുണച്ചില്ല.  അമേരിക്കൻ ഇടപെടലിനെതിരെ വെനസ്വേലയിലെ ജനങ്ങൾ രംഗത്തിറങ്ങിയെന്നുമാത്രമല്ല, പട്ടാളം മഡുറോക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഇതോടെ രണ്ടാമത്തെ അട്ടിമറി നീക്കവും പരാജയപ്പെട്ടു.  വെനസ്വേലയിൽ 1998 മുതൽ തുടരുന്ന ഇടതുപക്ഷഭരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് ഗതിവേഗം ലഭിച്ചത് ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതോടെയാണ്. വെനസ്വേലയിലെ എണ്ണസമ്പത്തിലാണ് ട്രംപിന്റെ കണ്ണ്. 2013ൽ ഷാവേസ് മരണപ്പെട്ടതോടെ വെനസ്വേലയിലെ സോഷ്യലിസ്റ്റ് പാർടി ഭരണത്തിന് അന്ത്യമിടാൻ കഴിയുമെന്നായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും കരുതിയത്. 2016ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മഡുറോയുടെ സോഷ്യലിസ്റ്റ‌് പാർടി തോറ്റതോടെ ഈ നീക്കത്തിന് ആക്കംകൂടി. എന്നാൽ, തുടർന്ന് നടന്ന ഭരണഘടനാ നിർമാണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും 2018 മേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റ് പാർടി വിജയിച്ചതോടെ ‘ഭരണമാറ്റ' നീക്കം അത്ര എളുപ്പമല്ലെന്ന് അമേരിക്കയ‌്ക്കും അവരുടെ ശിങ്കിടിയായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റിനും ബോധ്യമായി. ഈ പശ്ചാത്തലത്തിലാണ് വെനസ്വേലൻ അട്ടിമറിനീക്കം ശക്തിപ്പെടുത്താനായി മാത്രം ലിമ ഗ്രൂപ്പിന് രൂപംനൽകുന്നത്. തുടർന്ന് മഡുറോയുമായി തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അമേരിക്കൻ അധികൃതർ വാഷിങ്ടണിൽ ചർച്ച നടത്തി.  കഴിഞ്ഞവർഷം ജൂണിൽ സുപ്രീംകോടതിക്കുനേരേ ഗ്രനേഡ് ആക്രമണവും ആഗസ‌്തിൽ പ്രസിഡന്റിനു നേരേ ഡ്രോൺ ആക്രമണവും നടത്തി. മഡുറോയെ മാറ്റാൻ സൈനികമായ ഇടപെടലിനും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതും ഈ ഘട്ടത്തിലാണ്. ഇതിന്റെ തുടർച്ചയെന്നോണമാണ് ജനുവരി 11 ന് ഗുഅയിഡോ താൽക്കാലിക പ്രസിഡന്റാണെന്ന‌് പ്രഖ്യാപിച്ചത്. ഗു അയിഡോയെ മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തെ പിന്തുണയ‌്ക്കുന്ന പൊലീസിലെ ഒരു വിഭാഗം അയാളെ അറസ്റ്റ് ചെയ‌്തു. ഇതിന്റെപേരിൽ കലാപം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് മനസ്സിലാക്കിയ മഡുറോ ഗു അയിഡോയെ വിട്ടയച്ചു.  തുടർന്നാണ് പ്രസിഡന്റായി ഗു അയിഡോ സ്വയം പ്രഖ്യാപിച്ചതും അതിന് അമേരിക്കയുംമറ്റും പിന്തുണ പ്രഖ്യാപിച്ചതും. വെനസ്വേലയുടെ ഭരണഘടനയെയും ജനാധിപത്യ കീഴ‌്‌വഴക്കങ്ങളെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ ശക്തമായ പ്രതിഷേധംതന്നെ ഉയരേണ്ടതുണ്ട്. Read on deshabhimani.com

Related News