വെനസ്വേലയുടെ വിജയം ഫിദലിന്‌ സ്‌മരണാഞ്ജലി



വെനസ്വേലയിൽ  നടന്ന മേഖലാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ തകർപ്പൻ വിജയം സുവർണശോഭയുള്ളതാണ്‌. 23 സംസ്ഥാനത്തിൽ 20ലും ഭരണകക്ഷിയായ യുണൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയുടെ സ്ഥാനാർഥികൾ ഗവർണർമാരായി തെരഞ്ഞെടുക്കപ്പെട്ടു. 322 മേയർ സ്ഥാനത്ത്‌ 205ലും ഇടതുപക്ഷത്തിന്റെ ഗ്രേറ്റ്‌ പാട്രിയോട്ടിക്‌ പോൾ സഖ്യം വിജയക്കൊടി പാറിച്ചു. തലസ്ഥാനമായ കറാക്കസും ഇതിലുൾപ്പെടുന്നു. 22 വർഷമായി ഇടതുപക്ഷം ഭരണത്തിലുള്ള ഈ തെക്കനമേരിക്കൻ രാജ്യത്ത്‌ ഇത്‌ സ്വാഭാവികമല്ലേ എന്ന്‌ തോന്നാമെങ്കിലും അതങ്ങനെയല്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പശ്ചാത്തലം. 2018ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിക്കോളാസ്‌ മഡുറോ നേടിയ തുടർവിജയം വെനസ്വേലയിലെ വലതുപക്ഷവും അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുമുതൽ എല്ലാ തെരഞ്ഞെടുപ്പും ബഹിഷ്‌കരിച്ചുവന്ന വലതുപക്ഷം നാലു വർഷത്തിനിടയിൽ സഹകരിച്ച ആദ്യ തെരഞ്ഞെടുപ്പാണ്‌ ഇത്‌. യൂറോപ്യൻ യൂണിയന്റെ 130 പേരടക്കം നൂറുകണക്കിന്‌ അന്താരാഷ്‌ട്ര നിരീക്ഷകരുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ പൊതുവെ സുതാര്യമായിരുന്നുവെന്നാണ്‌ അവരുടെ വിലയിരുത്തൽ. ശാന്തമായാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നതെന്നാണ്‌ യൂറോപ്യൻ സംഘത്തിന്റെ നായിക ഇസബെൽ സാന്തോസ്‌ വ്യക്തമാക്കിയത്‌. മഡുറോയുടെ സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സഖ്യം ഉപരോധവും ഉപജാപങ്ങളുമടക്കം എല്ലാ വഴിയും സ്വീകരിച്ചുവരികയാണ്‌. ഹ്യൂഗോ ഷാവേസിലൂടെ 1999ൽ വെനസ്വേലയിൽ ഇടതുപക്ഷം ആദ്യമായി അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയതാണ്‌ അട്ടിമറിശ്രമം. 2002ൽ ഷാവേസിനെ അട്ടിമറിച്ചെങ്കിലും രണ്ടു ദിവസത്തിനകം അത്‌ പരാജയപ്പെട്ടു. അതോടെ കൂടുതൽ കരുത്തനായ ഷാവേസിന്റെ മരണത്തെത്തുടർന്ന്‌ 2013ൽ മഡുറോ അധികാരമേറ്റതോടെ അട്ടിമറിശ്രമങ്ങൾ ഊർജിതമാക്കുകയാണ്‌ അമേരിക്കയും ശിങ്കിടികളും ചെയ്‌തത്‌. അമേരിക്കൻ കമ്പനികളും തദ്ദേശ ഏജന്റുമാരും കൊള്ളയടിച്ചിരുന്ന വെനസ്വേലയുടെ എണ്ണ–-പ്രകൃതിവാതക സമ്പത്ത്‌ ഷാവേസ്‌ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന്‌ ഉപയോഗിക്കാൻ തുടങ്ങിയതാണ്‌ എതിരാളികളെ പ്രകോപിപ്പിച്ചത്‌. വലതുപക്ഷത്തിന്റെ നവ ഉദാരനയങ്ങൾക്ക്‌ ബദലാണ്‌ ഇടതുപക്ഷത്തിന്റെ ജനക്ഷേമ നയങ്ങളെന്ന്‌ പ്രയോഗത്തിലൂടെ കാണിച്ചു. മേഖലയിലും പുറത്തുമുള്ള മറ്റു വികസ്വര രാജ്യങ്ങൾക്കും ഗുണകരമായ നിലപാടുകൾ ഷാവേസ്‌ സ്വീകരിച്ചു. വെനസ്വേലയ്‌ക്കു പിന്നാലെ കൂടുതൽ രാജ്യത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നത്‌ മേഖലയിൽ അമേരിക്കയുടെ സർവാധിപത്യ മോഹത്തിന്‌ കനത്ത പ്രഹരമായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ പ്രതിസന്ധി നേരിട്ട ക്യൂബയിലെ വിപ്ലവ സർക്കാരിനെ എളുപ്പം പുറത്താക്കാമെന്ന അമേരിക്കയുടെ കണക്കുകൂട്ടൽ കൂടിയാണ്‌ പരാജയപ്പെട്ടത്‌. എന്നാൽ, ഷാവേസിന്റെ മരണവും പിന്നീട്‌ ബ്രസീലിലടക്കം കുതന്ത്രങ്ങളിലൂടെ വലതുപക്ഷം അധികാരത്തിൽ വന്നതും അമേരിക്കയ്‌ക്ക്‌ പ്രതീക്ഷ നൽകി. ഭൂഖണ്ഡത്തിൽ ഇടതുപക്ഷത്തെ തീർത്തും ഇല്ലാതാക്കാൻ ക്യൂബയെ തകർക്കണമെന്നും അതിന്‌ അവർക്ക്‌ പ്രധാന സഹായമായ വെനസ്വേലയിൽ അട്ടിമറി നടത്താൻ ഇതാണ്‌ അവസരമെന്നുമാണ്‌ അമേരിക്ക കണ്ടത്‌. ഉപരോധം കർക്കശമാക്കി വെനസ്വേലൻ ജനതയെ ദുരിതത്തിലാക്കലാണ്‌ അതിനുള്ള വഴിയായി അമേരിക്കൻ ചേരി സ്വീകരിച്ചത്‌. ഇന്ത്യയടക്കം നിരവധി രാജ്യം അമേരിക്കൻ ശിക്ഷ ഭയന്ന്‌ വെനസ്വേലയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചു. പ്രതിസന്ധി നേരിടാൻ ബ്രിട്ടീഷ്‌ ബാങ്കിലുള്ള സ്വർണശേഖരത്തിൽനിന്ന്‌ ഒരുഭാഗം പിൻവലിക്കാൻ വെനസ്വേല ശ്രമിച്ചപ്പോൾ അതുപോലും ബ്രിട്ടീഷ്‌ സർക്കാർ തടഞ്ഞു. ജനങ്ങളെ കലാപത്തിനിറക്കി ഇടതുപക്ഷ സർക്കാരിനെ പുറത്താക്കാമെന്നായിരുന്നു അമേരിക്കയുടെയും മറ്റും കണക്കുകൂട്ടൽ. അതിന്റെ തുടർച്ചയിലാണ്‌ വെനസ്വേലയിലെ വലതുപക്ഷം ബഹിഷ്‌കരണം അവസാനിപ്പിച്ച്‌ തെരഞ്ഞെടുപ്പിൽ പങ്കുകൊണ്ടത്‌. അതിൽ ഇടതുപക്ഷത്തിന്റെ ഉജ്വലവിജയം ലാറ്റിനമേരിക്കയിൽ അരനൂറ്റാണ്ടിലേറെ ഇടതുപക്ഷത്തെ നയിച്ച ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയ്ക്ക്‌  സ്‌മരണാഞ്ജലികൂടിയായി. ഫിദൽ മരണമില്ലാത്ത ഓർമയായിട്ട്‌ ഇന്ന്‌ അഞ്ചു വർഷം തികയുകയാണ്‌. Read on deshabhimani.com

Related News