കർഷകരെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസർക്കാർ



ഇന്ത്യയിലെ 140 കോടി ജനസംഖ്യയിൽ പകുതിയിലേറെയും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. 14 കോടിയോളം കർഷക കുടുംബം. 14.43 കോടി കർഷകത്തൊഴിലാളി കുടുംബം. ഭരണാധികാരികൾ കാർഷികമേഖലയ്‌ക്കായി ചെയ്യേണ്ടത് അവരുടെ ഔദാര്യമായല്ല, രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ്. ബജറ്റിൽ കാർഷികമേഖലയ്‌ക്കായുള്ള നീക്കിയിരിപ്പ് ആ മേഖലയുടെ അവകാശമാണ്. ഓരോ ബജറ്റിലും കാർഷികവിഹിതം നാമമാത്രമായാണെങ്കിലും വർധിപ്പിക്കുകയാണ് പതിവ്. ധനമന്ത്രി നിർമല സീതാരാമൻ ആ പതിവും തെറ്റിച്ചിരിക്കുന്നു. കാർഷികമേഖലയുടെ വിഹിതം വെട്ടിച്ചുരുക്കി. 2021-–-22ൽ പുതുക്കിയ കണക്കു പ്രകാരം 4,74,750.47 കോടിയായിരുന്നു കാർഷികമേഖലയ്‌ക്കുള്ള മൊത്തം വിഹിതം. ഈ ബജറ്റിൽ അത് 3,70,303 കോടിയായി കുറച്ചു. ഒരു ലക്ഷം കോടിയുടെ വെട്ടിക്കുറയ്‌ക്കൽ. ഗ്രാമവികസനത്തിനുള്ള വിഹിതം 5.59 ശതമാനത്തിൽനിന്ന് 5.23 ശതമാനമായി കുറച്ചു. വിള സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ, - രാസവളം–-കീടനാശിനി സബ്സിഡി  തുടങ്ങിയവയ്ക്കുള്ള വിഹിതവും കുറച്ചു. എല്ലാ വിളയെയും വിളസംഭരണത്തിന്റെ പരിധിയിൽപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. 1.63 കോടി കർഷകരിൽനിന്ന് 1208 ലക്ഷം ടൺ നെല്ലും ഗോതമ്പും സംഭരിക്കുമെന്ന കാര്യമാണ് ബജറ്റിലുള്ളത്. 10 ശതമാനം കർഷകരേ ഇതിൽപ്പെടൂ. ഇതുതന്നെ മുൻവർഷവുമായി താരതമ്യപ്പെടുത്തിയാൽ സംഭരണത്തിൽ ഏഴു ശതമാനത്തിന്റെയും ഗുണഭോക്താക്കളിൽ 17 ശതമാനത്തിന്റെയും കുറവുണ്ട്. കഴിഞ്ഞ വർഷം 1.97 കോടി ഗുണഭോക്താക്കളുണ്ടായിരുന്നത് ഈ വർഷം 1.63 കോടിയായി കുറച്ചു. 34 ലക്ഷം നെൽ–-ഗോതമ്പ് കർഷകരെ ഒഴിവാക്കി. ഭക്ഷ്യധാന്യ സംഭരണത്തിനായി അനുവദിക്കുന്ന തുക 75,290 കോടിയിൽനിന്ന് 60,561 കോടിയായി ചുരുക്കി.  എഫ്സിഐക്ക് അനുവദിക്കുന്ന സബ്സിഡി 28 ശതമാനം കുറച്ചു. ഇതുമൂലം 2022-–23ൽ നെല്ല്, ഗോതമ്പ് സംഭരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് അനുമാനം. കാലാവസ്ഥാവ്യതിയാനം കൂടിയാകുമ്പോൾ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലായേക്കാം.  ഇതോടൊപ്പമാണ് ഇന്ധനസബ്സിഡിയിൽനിന്നുള്ള പിന്മാറ്റം. പെട്രോൾ-–-ഡീസൽ സബ്സിഡി ഇല്ലാതായതോടെ കാർഷികമേഖലയിലെ ഇന്ധന സബ്സിഡിയിൽ കുത്തനെയുള്ള പതനമാണ്. 2020-–-21ൽ 38,454 കോടിയായിരുന്നത് നടപ്പുവർഷം 6517 കോടിയാണ്. അടുത്ത വർഷം 5812 കോടിയാകും. രാസവളം–-കീടനാശിനി സബ്സിഡി ഫണ്ട്‌ 25 ശതമാനം കുറച്ചു. യൂറിയ സബ്സിഡി 75,930 കോടിയിൽനിന്ന് 63,222 കോടിയാക്കി. കോവിഡ് മഹാമാരിയെത്തുടർന്ന്  ഗ്രാമീണമേഖല വൻ തകർച്ചയിലാണ്. പട്ടിണിക്കാരുടെ മഹാനിരതന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവരെ പുനരുജ്ജീവിപ്പിക്കേണ്ടതിൽ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്കു വഹിക്കാനുണ്ട്. എന്നാൽ, തൊഴിലുറപ്പ് പദ്ധതിവിഹിതം ഭീമമായി വെട്ടിക്കുറച്ചു. 2020-–-21ൽ 1.11 ലക്ഷം കോടി അനുവദിച്ചപ്പോൾ ഈ ബജറ്റിൽ 73,000 കോടിയാണ് നീക്കിവച്ചത്. പട്ടിണി അകറ്റാൻ ഭക്ഷ്യ സബ്സിഡി കൂട്ടേണ്ടതിനുപകരം കുറച്ചു. 2020-–-21ൽ 2.86 ലക്ഷം കോടിയായിരുന്നത് ഇത്തവണ രണ്ടു ലക്ഷം കോടിയായി. നാമമാത്രമെന്നു തോന്നാമെങ്കിലും പട്ടിണിക്കാരോടുള്ള സമീപനം വ്യക്തം. ആഗോളവൽക്കരണ സാമ്പത്തിക പരിഷ്കാരങ്ങൾ ഏറ്റവും ആഘാതമുണ്ടാക്കിയത് കാർഷികമേഖലയ്‌ക്കാണ്. തൊണ്ണൂറുകളിൽ നിലവിൽവന്ന ലോകവ്യാപാര കരാർ കാർഷികമേഖലയെ  പിന്നോട്ടടിപ്പിച്ചു. കാർഷിക സബ്സിഡികൾ എടുത്തുകളയുക എന്നതായിരുന്നു ഇതിലെ പ്രധാന ഇനം. വൻപ്രക്ഷോഭത്തെത്തുടർന്ന് പല രാജ്യങ്ങൾക്കും ഇതിൽനിന്ന് പിന്മാറേണ്ടി വന്നു. പരിഷ്കാരങ്ങളെന്ന പേരിൽ നടപ്പാക്കിയ ദ്രോഹനടപടികൾ പിൻവലിക്കേണ്ടി വന്നു. ഇന്ത്യയിൽ കോർപറേറ്റ് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്ത കോൺഗ്രസ് ദേശീയരാഷ്ട്രീയത്തിൽത്തന്നെ അപ്രസക്തമായി. "മറ്റൊരു ബദലില്ല' എന്ന സാഹചര്യത്തിൽ വന്ന ബിജെപി ഭരണം ഈ നയങ്ങൾ അനുസ്യൂതം മുന്നോട്ടു കൊണ്ടുപോകുകയാണ്. കർഷകപ്രക്ഷോഭം അലയടിച്ചപ്പോൾ കർഷകവിരുദ്ധ നിയമങ്ങൾ മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്നു. എന്നാൽ, തൊട്ടടുത്ത ബജറ്റിലൂടെത്തന്നെ സർക്കാർ വർഗവിധേയത്വം പ്രകടമാക്കിയിരിക്കുകയാണ്. സംയുക്ത കർഷകപ്രക്ഷോഭം വിജയിച്ചതിലുള്ള പ്രതികാരം സർക്കാർ ബജറ്റിലൂടെ വീട്ടിയെന്ന തോന്നലാണുള്ളതെന്ന് അഖിലേന്ത്യാ കിസാൻ സഭ പറയുന്നു. കർഷകരെ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളിവിടുകയാണ് മോദി സർക്കാർ. Read on deshabhimani.com

Related News