യുഎഇ ബന്ധം ദൃഢമാക്കിയ മുഖ്യമന്ത്രിയുടെ സന്ദർശനം



എന്തുകൊണ്ടാണ് ഇത്രയധികം മലയാളികൾ യുഎഇയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കിയതെന്നായിരുന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചോദിച്ചത്. "കേരളീയർ ഈ രാജ്യത്തെ അത്രയധികം സ്‌നേഹിക്കുന്നു. അവർ ഇവിടെ വളരെയധികം സ്‌നേഹിക്കപ്പെടുന്നു, അവർ അത് തിരിച്ചുനൽകുകയും ചെയ്യുന്നു'- ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിനും കേരളീയർക്കും യുഎഇ രാഷ്ട്രനേതൃത്വത്തിന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരാഴ്ച നീണ്ട യുഎഇ സന്ദർശനം. തലസ്ഥാനമായ അബുദാബിയിലും ദുബായിലും ഇരുകരയുടെയും ചരിത്രപരവും വൈകാരികവുമായ ബന്ധം ഓർമിപ്പിക്കുന്ന സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. യുഎഇ ഭരണനേതൃത്വവുമായി നടന്ന കൂടിക്കാഴ്ച എമിറേറ്റുമായുള്ള മലയാളക്കരയുടെ ബന്ധവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായി. കേരളത്തിന്റെ വികസനത്തിന് യുഎഇയുടെ പിന്തുണയും അദ്ദേഹം കൂടിക്കാഴ്ചയിൽ ഉറപ്പുവരുത്തി. കേരളത്തിന്റെ വ്യവസായമേഖലയിൽ നിക്ഷേപം നടത്തുന്നതിന് എല്ലാ പിന്തുണയും യുഎഇയിലെ വ്യവസായികൾ വാഗ്ദാനം ചെയ്തു. ഔദ്യോഗിക ക്ഷണപ്രകാരം ജനുവരി 29നാണ് മുഖ്യമന്ത്രി യുഎഇയിൽ എത്തിയത്. സമാനതകളില്ലാത്ത സ്വീകരണമാണ് മുഖ്യമന്ത്രിക്ക്  ലഭിച്ചത്. എക്‌സ്‌പോ നഗരിയിൽ മുഖ്യമന്ത്രിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം എന്നിവരും സ്വീകരിക്കാൻ എത്തി. കൂടിക്കാഴ്ചയിൽ കേരളത്തിലെ വിവിധ വികസനപദ്ധതികളും നിക്ഷേപ സാധ്യതകളും ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി പങ്കുവച്ചു. ഇക്കാര്യം ഷെയ്ഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി അറബിയിൽ നൽകിയ ട്വീറ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ പ്രതീക്ഷയോടെയാണ് പ്രവാസലോകവും മുഖ്യമന്ത്രിയുടെ സന്ദർശനം കണ്ടത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിലുള്ള സന്തോഷം പ്രവാസികൾ മറച്ചുവച്ചതുമില്ല. തനിക്ക് ലഭിക്കുന്ന പരിഗണന കേരളീയരോടും കേരളത്തോടുമുള്ള യുഎഇയുടെ പ്രത്യേക പരിഗണനയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി എമിറേറ്റ്‌സ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎഇയിലെ വ്യാപാര, വ്യവസായ പ്രമുഖരുമായി നടന്ന ചർച്ചകൾ ഏറെ ശ്രദ്ധേയം. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായുള്ള കൂടിക്കാഴ്ച ഇതിൽ പ്രധാനമാണ്. വ്യവസായമന്ത്രി പി രാജീവും കൂടിക്കാഴ്ചകളിൽ സന്നിഹിതനായി.  അബുദാബി ചേംബർ ഓഫീസിൽ എത്തിയാണ് മുഖ്യമന്ത്രി ചേംബർ പ്രതിനിധികളെ കണ്ടത്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് അബുദാബി ചേംബർ കേരളം സന്ദർശിക്കുമെന്ന് അൽ മസ്രോയ് അറിയിച്ചിട്ടുണ്ട്.  കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് എല്ലാ പിന്തുണയും യുഎഇ വ്യവസായികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹോട്ട്പാക്ക് 200 കോടിയുടെ നിക്ഷേപവും  മുരല്യ  100 കോടിയുടെ നിക്ഷേപവും നടത്തുമെന്ന് അറിയിച്ചു. ട്രാൻസ്‌വേൾഡ് കണ്ടയ്‌നർ  നിർമാണശാല തുടങ്ങാനും ആസ്റ്റർ ഗ്രൂപ്പ് തിരുവനന്തപുരത്തും കാസർകോടും സ്ഥാപനങ്ങൾ തുടങ്ങാനും ഷറഫ് ഗ്രൂപ്പ് നിക്ഷേപത്തിനും സന്നദ്ധത അറിയിച്ചു. ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്കരണ രംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസ്സങ്ങൾ മറികടക്കാൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയ ഊർജമാണ് യുഎഇ സന്ദർശനത്തിൽ ലഭിച്ച പ്രതികരണങ്ങളെന്ന് മുഖ്യമന്ത്രി ബുധനാഴ്ച തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. പ്രവാസികളാണ് ഇതിന് ചാലകശക്തിയായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News