യുഎഇ ഇസ്രയേൽ ബന്ധം രാഷ്ട്രീയ സമവാക്യമോ



അറബ്‌ ലോകത്തെ രാഷ്ട്രീയ ബന്ധങ്ങൾക്ക്‌ പുതിയ മാനം നൽകിക്കൊണ്ട്‌ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സും (യുഎഇ) ഇസ്രയേലും തമ്മിൽ സമാധാനക്കരാർ ഒപ്പുവച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മധ്യസ്ഥതയിലാണ്‌ ഇരുരാജ്യവും തമ്മിൽ കരാറിലെത്തിയിരിക്കുന്നത്‌. അസാധ്യമെന്ന്‌ കുറച്ചുവർഷം മുമ്പുവരെ കരുതിയിരുന്ന കരാറിലാണ്‌ ഇരുരാജ്യവും ഒപ്പിട്ടിരിക്കുന്നത്‌. പലസ്‌തീനിലെ അറബ്‌ ജനതയ്‌ക്കെതിരെ നിരന്തരം യുദ്ധം ചെയ്യുകയും അവരുടെ ഭൂപ്രദേശങ്ങൾ കൈയേറുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ഇസ്രയേലുമായാണ്‌ യുഎഇ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ തുറക്കാനും തീരുമാനിച്ചിട്ടുള്ളത്‌. വരുംദിവസങ്ങളിൽ ഊർജം, നിക്ഷേപം, ടൂറിസം, ടെലികോം മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്‌ക്കും. നേരിട്ടുള്ള വിമാന സർവീസും ആരംഭിക്കും. ട്രംപ്‌ ഇതിനെ ചരിത്രപരമായ കരാർ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ചരിത്രദിവസമാണിതെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ  നെതന്യാഹുവും പ്രതികരിച്ചു. നവംബറിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന്‌ ജനങ്ങളുടെ മുമ്പിൽ വൻ നേട്ടമായി ഈ കരാറിനെ അവതരിപ്പിക്കാൻ കഴിയുമെന്ന ആശ്വാസമുണ്ട്‌. അഭിപ്രായ വോട്ടെടുപ്പുകളിൽ എതിരാളി ജോൺ ബൈഡനേക്കാൾ വളരെ പിറകിലാണിപ്പോൾ ട്രംപ്‌.  മുൻ കരസേനാമേധാവി ബെന്നി ഗാറ്റ്‌സിന്റെ പാർടിയുമായി അധികാരം പങ്കിടാൻ നിർബന്ധിക്കപ്പെട്ട, മൂന്ന്‌ അഴിമതിക്കേസ്‌ നേരിടുന്ന നെതന്യാഹുവിനും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ആശ്രയമാണ്‌ ഈ കരാർ. അതിനാലാണ്‌ ജൂലൈ‌ ആദ്യം പ്രഖ്യാപിച്ച പശ്ചിമതീരം വെട്ടിപ്പിടിക്കുന്നത്‌ തൽക്കാലം മരവിപ്പിച്ചുനിർത്താൻ കരാറിന്റെ ഭാഗമായി നെതന്യാഹു തീരുമാനിച്ചിട്ടുള്ളത്‌. എന്നാൽ, ഉറഞ്ഞുതുള്ളുന്ന ജൂതവംശീയതയുടെ പ്രതീകമായ നെതന്യാഹുവിന്‌ ഈ വാഗ്‌ദാനം ലംഘിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. ഗൾഫ്‌ രാജ്യങ്ങളിൽ ഇസ്രയേലുമായി സമാധാനക്കരാറിലെത്തുന്ന ആദ്യ രാഷ്ട്രമാണ്‌ യുഎഇ. അറബ്‌ ലോകത്ത്‌ മൂന്നാമത്തെ രാഷ്ട്രവും. നേരത്തേ ക്യാമ്പ്‌ ഡേവിഡ്‌ കരാറിൽ ഒപ്പിട്ടുകൊണ്ട്‌ ഈജിപ്‌ത്‌ ഇസ്രയേലുമായി സമാധാനം സ്ഥാപിച്ചിരുന്നു. തുടർന്ന്‌, 1994ൽ ജോർദാനും ഇസ്രയേലുമായി സമാധാനക്കരാറിൽ ഒപ്പുവയ്‌ക്കുകയുണ്ടായി. ഈ രണ്ട്‌ അറബ്‌ രാഷ്ട്രവും ഇസ്രയേലുമായി ഏറ്റുമുട്ടിയ രാഷ്ട്രങ്ങളായിരുന്നുവെങ്കിൽ യുഎഇ ഒരിക്കലും ഇസ്രയേലുമായി മുഖാമുഖം ആയുധം ഏന്തിയിരുന്നില്ല. യുഎഇയുടെ ചുവടുപിടിച്ച്‌ കൂടുതൽ ഗൾഫ്‌ രാഷ്ട്രങ്ങൾ ഇസ്രയേലുമായി സമാധാനക്കരാറിൽ ഒപ്പുവയ്‌ക്കാനാണ്‌ സാധ്യത. കരാറിനെ സ്വാഗതംചെയ്‌ത ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ യുഎഇയുടെ പാത സ്വീകരിക്കാനാണ്‌ സാധ്യത. ഇതുവരെയും നിശ്ശബ്‌ദത പാലിച്ച സൗദിയും ഇസ്രയേലുമായി സമാധാനം സ്ഥാപിച്ചാൽ അത്ഭുതപ്പെടാനില്ല. പലസ്‌തീൻ ജനതയെ പിന്നിൽനിന്ന്‌ കുത്തുന്ന സമീപനമാണ്‌ യുഎഇയുടേതെന്നാണ്‌ പലസ്‌തീൻ പ്രസിഡന്റ്‌‌ മഹ്‌മൂദ്‌ അബ്ബാസ്‌ പ്രതികരിച്ചത്‌. ഇറാൻ, തുർക്കി, ഹമാസ്‌ എന്നിവരുടെ പ്രതികരണവും സമാനമാണ്‌. വർഷം കഴിയുന്തോറും അറബ്‌ രാഷ്ട്രങ്ങൾ ഒന്നൊന്നായി പല കാരണങ്ങൾ ഉയർത്തി പലസ്‌തീൻ ജനതയെയും അവരുടെ പോരാട്ടത്തെയും ഉപേക്ഷിക്കുകയാണ്‌.   അറബ്‌ ലോകത്ത്‌ ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പ്രതിഫലനമായി വേണം ഈ പുതിയ കരാറിനെ കാണാൻ. അറബ്‌ രാഷ്ട്രങ്ങളുടെ പൊതുശത്രുവാണ്‌ ഇറാൻ. അമേരിക്ക ആണവക്കരാറിൽനിന്ന്‌ പിന്മാറിയശേഷം ഇറാനെ മേഖലയിൽ ഒറ്റപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ വാഷിങ്‌ടണിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. മേഖലയിലെ ഏക ആണവശക്തിയാണ്‌ ഷിയാ ഭൂരിപക്ഷമായ ഇറാൻ എന്നതാണ്‌ ഗൾഫ്‌ രാഷ്ട്രങ്ങളെ ഏറെ അലോസരപ്പെടുത്തുന്നത്‌. മാത്രമല്ല, യമനിലും സിറിയയിലും ലബനനിലും മറ്റും ഇറാൻ ചെലുത്തുന്ന സ്വാധീനം സൗദിയെയും മറ്റും കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌. അതിനാൽ ഇറാനെന്ന പൊതുശത്രുവിനെ നേരിടാൻ  ഇസ്രയേലിന്റെ സഹായവും സ്വീകരിക്കാമെന്ന സമീപനമാണ്‌ യുഎഇയും മറ്റും സ്വീകരിക്കുന്നത്‌. വർഷങ്ങളായി രഹസ്യമായി യുഎഇപോലുള്ള ഗൾഫ്‌രാഷ്ട്രങ്ങൾ രഹസ്യാന്വേഷണങ്ങളും മറ്റും കൈമാറിവരികയാണ്‌. 2012ൽ യുഎഇ വിദേശമന്ത്രി യുഎൻ പൊതുസഭാ സമ്മേളനവേളയിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും കുടിക്കാഴ്‌ച നടത്തിയിരുന്നു. 2018ൽ നെതന്യാഹു ഒമാൻ സന്ദർശിക്കുകയുമുണ്ടായി. കൊറോണക്കാലത്ത്‌ ആദ്യമായി മെഡിക്കൽ വസ്‌തുക്കളുമായി യുഎഇ വിമാനം ടെൽഅവീവിൽ ഇറങ്ങുകയും ചെയ്‌തു. ഇതിന്‌ സമാന്തരമായി മറ്റൊരു അടിയൊഴുക്കും അറബ്‌ ലോകത്ത്‌ നടക്കുന്നുണ്ട്‌. അമേരിക്കയ്‌ക്കൊപ്പം ചേർന്ന്‌ ഇറാനെ എതിർക്കാനെന്ന പേരിൽ ഇസ്രയേലുമായി കൈകോർക്കുന്ന അറബ്‌ രാഷ്ട്രങ്ങൾ ഇസ്ലാമികതാൽപ്പര്യങ്ങൾ കൈയൊഴിയുകയാണെന്ന വികാരം ശക്തമാണ്‌. ഈജിപ്‌തിലെ ബ്രദർഹുഡ്‌ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തുന്ന ശക്തികളാണ്‌ പ്രധാനമായും ഇത്തരമൊരു വികാരം പങ്കുവയ്‌ക്കുന്നത്‌. തുർക്കിയിലെ ഇസ്ലാമിസ്‌റ്റ്‌ ഭരണാധികാരി റസിപ്‌ തയ്യിപ്‌ എർദോഗനാണ്‌ ഇതിൽ പ്രധാനി.  അടുത്തിടെ ഇസ്‌താംബുളിലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയത്‌‌ ഇസ്ലാമിക ലോകത്തിന്റെ നായകനാണ്‌ താനെന്ന്‌ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌. പാകിസ്ഥാൻ, മലേഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ചേർന്നാണ്‌ ഇസ്ലാമിക കൂട്ടുകെട്ടിന്‌ നീക്കം തുടങ്ങിയിട്ടുള്ളത്‌. ഇന്തോനേഷ്യയെയും കൂടെക്കൂട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. പുതിയ കരാറിനെക്കുറിച്ച്‌ പാകിസ്ഥാൻ മൗനം പാലിക്കുന്നത്‌ ശ്രദ്ധേയമാകുന്നതും ഈ പശ്‌ചാത്തലത്തിലാണ്‌. ഏതായാലും അറബ്‌രാഷ്ട്രീയം പുതിയ വഴിത്തിരിവിലാണ്‌. ഇവർ തമ്മിലുള്ള മത്സരത്തിൽ പിടയുന്നത്‌ പലസ്‌തീനികളാണെന്നുമാത്രം. ഓസ്‌ലോ ഉടമ്പടി അകാലചരമം പ്രാപിച്ചിരിക്കുന്നു. പ്രത്യേകരാഷ്ട്രം എന്ന പലസ്‌തീൻ സ്വപ്‌നം അകന്ന്‌ അകന്ന്‌ പോകുകയാണ്‌.   Read on deshabhimani.com

Related News