ട്രംപിന്റെ സന്ദർശനം : ഇന്ത്യക്ക്‌ ഗുണമെന്ത്‌



  രണ്ടുദിവസത്തെ ഇന്ത്യാസന്ദർശനത്തിനായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച എത്തുമ്പോൾ ‌ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ ഇടതുപക്ഷ പാർടികളും മറ്റ്‌ പുരോഗമന ബഹുജന സംഘടനകളും അക്കാദമിക്‌ പണ്ഡിതരും വിദ്യാർഥികളും യുവജനങ്ങളുമെല്ലാം. അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യയിലേക്ക്‌ എത്തുമ്പോൾ മുൻകാലങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്‌. അമേരിക്കയെന്ന മുതലാളിത്തരാഷ്ട്രം അന്തർദേശീയമര്യാദകളെല്ലാം കാറ്റിൽപ്പറത്തി മറ്റ്‌ രാഷ്ട്രങ്ങൾക്കെതിരായി നടത്തിയ കടന്നാക്രമണങ്ങളും അട്ടിമറികളുമെല്ലാമാണ്‌ യുഎസ്‌ പ്രസിഡന്റുമാർ എത്തുമ്പോൾ പ്രതിഷേധങ്ങൾക്ക്‌ വഴിയൊരുക്കിയിരുന്നത്‌. എന്നാൽ, ഇപ്പോഴുയരുന്ന പ്രതിഷേധം അമേരിക്കയുടെ ഏകാധിപത്യനയങ്ങൾക്കൊപ്പം ട്രംപ്‌ എന്ന വ്യക്തിയുടെ രാഷ്ട്രീയനിലപാടുകൾക്കെതിരായിക്കൂടിയാണ്‌. ട്രംപിനെപോലെ വർണവെറിയനും കുടിയേറ്റവിരുദ്ധനും ഇസ്ലാമിക വിരോധിയുമായ ഒരു പ്രസിഡന്റ്‌ അമേരിക്കയുടെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ത്യക്കാരടക്കമുള്ള അന്യരാജ്യക്കാർക്കെതിരായി വെറുപ്പിന്റെ രാഷ്ട്രീയം ഉയർത്തിയും തീവ്രദേശീയത ഘോഷിച്ചുമാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപ്‌ അപ്രതീക്ഷിതമായി പ്രസിഡന്റ്‌ പദവിയിലെത്തിയത്‌. തെരഞ്ഞെടുപ്പിന്‌ ശേഷവും വെളുത്തവരും കറുത്തവരുമെന്ന വേർതിരിയലിലൂടെ വർണവെറിയുടെ രാഷ്ട്രീയം കടുത്ത രീതിയിൽത്തന്നെ തുടർന്നു. എച്ച്‌ 1 ബി വിസകൾ നിയന്ത്രിച്ചുംമറ്റും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ ട്രംപ്‌ ദ്രോഹിച്ചു. പ്രസിഡന്റെന്നനിലയിൽ കടുത്ത കുടിയേറ്റവിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചത്‌. ഒപ്പം ചൈനയ്‌ക്കും ഇന്ത്യക്കും മറ്റുമെതിരായി വ്യാപാരയുദ്ധം പ്രഖ്യാപിച്ചുകൊണ്ട്‌ ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു. ഇറാനുമായുള്ള ആണവധാരണയിൽനിന്ന്‌ ഏകപക്ഷീയമായി പിൻവാങ്ങി ആ രാജ്യത്തിനുമേൽ വീണ്ടും ഉപരോധം അടിച്ചേൽപ്പിച്ചു. ഒപ്പം ഇറാന്റെ സേനാധിപനെ കൊലപ്പെടുത്തി പശ്‌ചിമേഷ്യയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെയാണ്‌ ട്രംപിന്റെ പ്രഥമ ഇന്ത്യാസന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ എത്തുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി അമേരിക്കയിൽ ‘ഹൗഡിമോഡി’യെന്ന പേരിൽ മോഡിക്കായി ഒരു പ്രചാരണപരിപാടി ഒരുക്കപ്പെട്ടിരുന്നു. അതിന്‌ പകരമെന്ന നിലയിലാണ്‌ ഇപ്പോൾ അഹമ്മദാബാദിൽ ‘നമസ്‌തേ ട്രംപ്‌’ എന്ന പേരിൽ മോഡി ട്രംപിനായി സ്വീകരണമൊരുക്കുന്നത്‌. ഇന്ത്യയിലേക്ക്‌ ട്രംപ്‌ ആദ്യമായാണ്‌ വരുന്നതെങ്കിലും മോഡിയുമായി യുഎസിലും പല അന്തർദേശീയവേദികളിലുമായി പലവട്ടം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. മോഡിയെ തന്റെ അടുത്ത സുഹൃത്തായാണ്‌ ട്രംപ്‌ വിശേഷിപ്പിക്കുന്നത്‌. ബ്രസീൽ പ്രസിഡന്റ്‌  ജേയ്‌ർ ബോൾസണാരോയും ട്രംപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്‌. തീവ്രവലതുപക്ഷ നിലപാടുകൾ തന്നെയാണ്‌ ഈ മൂന്നു നേതാക്കളെയും യോജിപ്പിക്കുന്നത്‌. സ്‌റ്റെന്റ്‌ അടക്കമുള്ള വൈദ്യോപകരണങ്ങൾക്കും ഹാർലിഡേവിസൺ ബൈക്കിനും ഇന്ത്യ തീരുവ വർധിപ്പിച്ചതാണ്‌ ട്രംപിനെ പ്രകോപിപ്പിച്ചത്‌. ട്രംപിന്റെ സന്ദർശനവേളയിൽ യുഎസിനെ  പരമാവധി പ്രീണനപ്പെടുത്തുംവിധം ഒരു വ്യാപാരകരാറിന്‌ ഇന്ത്യ ശ്രമം നടത്തിയിരുന്നു. ട്രംപിന്റെ സന്ദർശനം ഇന്ത്യക്കുള്ള ബഹുമതിയെന്നാണ്‌ മോഡിയുടെ ഒടുവിലെ വിശേഷണം. ഏതർഥത്തിലാണ്‌ പ്രധാനമന്ത്രിയുടെ ഈ പ്രസ്‌താവമെന്ന്‌ വ്യക്തമല്ല. ട്രംപ്‌ അധികാരമേറ്റതുമുതൽ ഇന്ത്യാവിരുദ്ധ നിലപാടുകളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. വ്യാപാരരംഗത്താണ്‌ ഇന്ത്യക്ക്‌ ഏറ്റവും തിരിച്ചടിയേറ്റത്‌. ഇന്ത്യക്ക്‌ നൽകിവന്നിരുന്ന മുൻഗണനാപദവിയും വികസ്വരരാഷ്ട്ര പദവിയും എടുത്തുകളഞ്ഞു. ഇന്ത്യയിൽനിന്ന്‌ തീരുവരഹിതമായി ഇറക്കുമതി ചെയ്‌തിരുന്ന രണ്ടായിരത്തോളം ഉൽപ്പന്നങ്ങൾക്ക്‌ തീരുവ ചുമത്തപ്പെട്ടു. അലുമിനിയത്തിനും ഉരുക്കിനുമുള്ള തീരുവ നേരത്തേ തന്നെ വർധിപ്പിച്ചിരുന്നു. സ്‌റ്റെന്റ്‌ അടക്കമുള്ള വൈദ്യോപകരണങ്ങൾക്കും ഹാർലിഡേവിസൺ ബൈക്കിനും ഇന്ത്യ തീരുവ വർധിപ്പിച്ചതാണ്‌ ട്രംപിനെ പ്രകോപിപ്പിച്ചത്‌. ട്രംപിന്റെ സന്ദർശനവേളയിൽ യുഎസിനെ  പരമാവധി പ്രീണനപ്പെടുത്തുംവിധം ഒരു വ്യാപാരകരാറിന്‌ ഇന്ത്യ ശ്രമം നടത്തിയിരുന്നു. വൈദ്യോപകരണങ്ങളുടെയും ഹാർലിഡേവിസണിന്റെയും തീരുവകൾ കുറച്ചും പാലുൽപ്പന്നങ്ങളും കോഴിയിറച്ചിയും ഉദാരമായി ഇറക്കുമതിചെയ്യുന്നതിന്‌ സന്നദ്ധത അറിയിച്ചും ട്രംപിന്റെ മനസ്സുമാറ്റാനാണ്‌ ഇന്ത്യ ശ്രമിച്ചത്‌. എന്നാൽ, ഇതുകൊണ്ടൊന്നും യുഎസ്‌ പ്രസിഡന്റ്‌ തൃപ്‌തനായിട്ടില്ല. സ്വതന്ത്ര വ്യാപാരമടക്കം യുഎസ്‌ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായ കൂടുതൽ വിപുലമായ ഒരു കരാറാണ്‌ അവർ ലക്ഷ്യംവയ്‌ക്കുന്നത്‌. വ്യാപാര കരാർ ഇല്ലാതായതോടെ പ്രതിരോധരംഗത്തേതടക്കം ചുരുക്കം ചില കരാറുകളിൽമാത്രമാകും സന്ദർശനവേളയിൽ ഒപ്പുവയ്‌ക്കുക. 2.6 ശതകോടി ഡോളറിന്‌ 24 സീഹോക്ക്‌ ഹെലികോപ്‌റ്ററുകൾ, 1.86 ശതകോടി ഡോളറിന്‌ വ്യോമപ്രതിരോധ സംവിധാനം എന്നിവ യുഎസിൽനിന്ന്‌ വാങ്ങുന്നതിന്‌ കരാറാകും. ഇതോടൊപ്പം ആണവ റിയാക്ടറുകളും ഷെയ്‌ൽ ഇന്ധനവും വാങ്ങുന്നതിനുള്ള കരാറുകളുമുണ്ടാകും. പ്രതിരോധസഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള അടിസ്ഥാന കൈമാറ്റ–- സഹകരണ കരാറിനായുള്ള (ബെക്ക) ചർച്ചകൾ വേഗത്തിലാക്കാനും ധാരണയാകും. ഇതെല്ലാം യുഎസ്‌ താൽപ്പര്യമുള്ള വിഷയങ്ങളാണ്‌. മോഡിയെ വരുതിക്കുനിർത്താൻ കശ്‌മീർ, പൗരത്വ നിയമ വിഷയങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുണ്ട്‌. ഈ രണ്ടു വിഷയങ്ങളിലും യുഎസിനെ മയപ്പെടുത്തുന്നതിനായി ഏതറ്റംവരെ പോകാനും മോഡിയും ഒരുക്കമാകും. ഇന്ത്യക്ക്‌ പ്രതികൂലമായ കൂടുതൽ കരാറുകളും ധാരണകളുമാകും ഇതിന്റെ പ്രത്യുൽപ്പന്നങ്ങൾ. മോഡി സർക്കാരിന്റെ രാജ്യദ്രോഹപരമായ ഈ നിലപാടിനെതിരായിക്കൂടിയാണ്‌ തിങ്കളാഴ്‌ച  പ്രതിഷേധമുയരുക. Read on deshabhimani.com

Related News