താലിബാൻ ഭരണം തുടങ്ങുമ്പോൾ



അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ അമേരിക്കൻസേനാ പിന്മാറ്റം പൂർത്തിയായി. താലിബാൻ സൈനികർ ആകാശത്തേക്ക്‌ വെടിയുതിർത്ത്‌ ആഘോഷിച്ചു.  ലോകരാഷ്‌ട്രങ്ങൾ താലിബാൻ ഭരണവുമായി പൊരുത്തപ്പെടാനുള്ള നയതന്ത്രത്തിലാണ്‌. ‘മിതവാദി താലിബാൻ’ എന്ന്‌ ആഗ്രഹിക്കുകയാണ്‌ ലോകം. നിലവിൽ മറ്റൊരു വഴിയില്ല. അത്രയ്‌ക്ക്‌ ശൂന്യതയും അരക്ഷിതാവസ്ഥയുമാണ്‌ അമേരിക്ക രണ്ടു പതിറ്റാണ്ടത്തെ അധിനിവേശംകൊണ്ട്‌ ബാക്കിവച്ചത്‌. സാമ്രാജ്യത്വ നയവൈകല്യത്തിന്റെ സ്മാരകമായി ഇത്‌ അവശേഷിക്കുന്നു. വിയറ്റ്‌നാമിലെ അമേരിക്കൻ പരാജയം മാനവപുരോഗതിക്ക്‌ മുതൽക്കൂട്ടായെങ്കിൽ അഫ്‌ഗാനിൽ നേർവിപരീതം. മിതവാദി താലിബാൻ എന്ന ആഗ്രഹത്തിന്‌ എത്രമാത്രം സാംഗത്യമുണ്ടെന്നതാണ്‌ ചോദ്യം. മിതവാദ പ്രസ്താവനകൾ താലിബാൻ നേതൃത്വത്തിൽനിന്ന്‌ വരുന്നുണ്ട്‌. എന്നാൽ, ഇത്‌ ലോകത്തിന്റെ നിയമപരമായ അംഗീകാരം നേടിയെടുക്കാനുള്ള അടവായാണ്‌ ഭൂരിഭാഗം നിരീക്ഷകരും കണക്കാക്കുന്നത്‌. ആഗസ്ത്‌ 15ന്‌ കാബൂൾ കീഴടക്കിയശേഷമുള്ള ദിവസങ്ങളിൽ ഭീകരസേന ചെയ്‌തുകൂട്ടിയ ക്രൂരതകൾ കണ്ടതാണ്‌. പുതിയ നിയമങ്ങളും നടപ്പാക്കിത്തുടങ്ങി. സംഗീതവും സിനിമയും നിരോധിച്ചുകഴിഞ്ഞു. സ്‌ത്രീകൾ തൽക്കാലം ജോലിക്ക്‌ വരേണ്ട എന്ന്‌ വിലക്കി. സ്‌ത്രീകളുടെ ജോലി ബന്ധുക്കളായ പുരുഷന്മാർക്ക്‌ കൊടുക്കാമെന്ന നിർദേശവുമുണ്ട്‌. മുഖം മറയ്‌ക്കാതെ സ്‌ത്രീകൾ പുറത്തിറങ്ങിയാൽ മരണമുറപ്പ്‌.  ജീവഭയംകൊണ്ട്‌ ലക്ഷങ്ങളാണ്‌ രാജ്യംവിടുന്നത്‌. പതിനായിരങ്ങൾ അതിർത്തികളിൽ പുതിയ ഭൂമിക്കായി കാത്തിരിക്കുന്നു. സമീപകാലം ദർശിച്ച വലിയ അഭയാർഥിപ്രവാഹമായി മാറുകയാണ് ഇത്‌. അഫ്‌ഗാൻ പൗരന്മാരെ രാജ്യംവിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ താലിബാൻ. പലായനം ചെയ്യുന്നവരെ വെടിവച്ചും ബോംബിട്ടുമാണ്‌ നേരിടുന്നത്‌. രക്ഷപ്പെടാൻ കാബൂൾ വിമാനത്താവളത്തിനടുത്ത്‌ തമ്പടിച്ചവർക്കുനേരെയാണ്‌ ആഗസ്ത്‌ 27ന്‌ മുന്നൂറോളംപേർ കൊല്ലപ്പെട്ട ചാവേറാക്രമണം ഉണ്ടായത്‌. പിന്നീട്‌, കാബൂൾ വിമാനത്താവളത്തിനുനേരെ ഭീകരരുടെ റോക്കറ്റാക്രമണവുമുണ്ടായി. താലിബാൻ നിയന്ത്രണത്തിലുള്ള നഗരത്തിനകത്തുവച്ച്‌ താലിബാന്റെ സഹസംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌  -ഖൊറാസൻ (ഐഎസ്‌-കെ) ആണ്‌ ഈ ആക്രമണങ്ങൾ നടത്തിയത്‌. ഇതിനെ അപലപിച്ച താലിബാൻ വക്താവ്‌ പറഞ്ഞത്‌ യുഎസ്‌ സേന പൂർണമായും പിൻവാങ്ങിയാൽ ഭീകരാക്രമണം അവസാനിക്കുമെന്നാണ്‌. ഇതിന്റെ പിറ്റേന്നുതന്നെ അവസാന യുഎസ്‌ സേനാ വിമാനവും കാബൂൾ താവളത്തിൽനിന്ന്‌ പറന്നുപോയി. ഭീകരവാദം ഉപയോഗിച്ച്‌ ഇസ്ലാമിനെ ബന്ദിയാക്കി വികൃതനിയമങ്ങൾ നടപ്പാക്കുകയാകും താലിബാൻ ചെയ്യുക എന്ന്‌ വ്യക്തമാണ്‌. ‘ഇസ്ലാമിക്‌ എമിറേറ്റ്‌സ്‌ ഓഫ്‌ അഫ്‌ഗാനിസ്ഥാൻ’ 96–-2001ലെ താലിബാൻ ഭരണത്തേക്കാൾ മോശമാകാനേ തരമുള്ളൂ. അന്ന്‌ ഐഎസ്‌ പോലുള്ള ഭീകരസംഘടനകൾ രംഗത്തെത്തിയിരുന്നില്ല. സിറിയയിലും ഇറാഖിലുമായി ഐഎസ്‌ഐഎൽ 2014ൽ രൂപീകരിച്ച ഖിലാഫത്ത്‌ രാജ്യം 15–-ാം നൂറ്റാണ്ടിലെ ഖലീഫാ ഭരണത്തിന്റെ വികലമായ അനുകരണമായിരുന്നു. സ്വയംപ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബാഗ്‌ദാദി യസീദികൾക്കും മറ്റും നേരെ നടത്തിയ ഭീകരതയുടെ ക്രൂരപരീക്ഷണം ആധുനിക ലോകത്തിന്‌ തീരാക്കളങ്കമായി. അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും പുറമെ മധ്യേഷ്യയിൽ വ്യാപിച്ചിരുന്ന മധ്യകാല ഖൊറാസൻ സാമ്രാജ്യം തിരിച്ചുകൊണ്ടുവരിക എന്നതാണ്‌ ഐഎസ്‌കെയുടെ ലക്ഷ്യം. ഇവർക്ക്‌ നിലവിൽ എതിരാളികളില്ലാത്ത അവസ്ഥയാണ്‌. അഫ്‌ഗാൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ സാധ്യതകളെല്ലാം തകർത്തുകൊണ്ടാണ്‌ അമേരിക്കൻ അധിനിവേശം അവസാനിച്ചത്‌. താലിബാൻ മിതവാദം സ്വീകരിക്കുമെന്ന മോഹമാണ്‌ ലോകമെങ്ങുമുള്ള നയതന്ത്രജ്ഞർക്ക്‌. യുഎൻ രക്ഷാസമിതിയുടെ ഒടുവിലത്തെ പ്രമേയവും ഈ ആഗ്രഹം പങ്കുവയ്‌ക്കുന്നു. പക്ഷേ, താലിബാന്റെ ആന്തരികഘടന ഇത്‌ എത്രമാത്രം സാധ്യമാകുമെന്ന സംശയം ജനിപ്പിക്കുന്നതാണ്‌. സോവിയറ്റ്‌ സേനയ്‌ക്കെതിരെ അമേരിക്കൻ പിന്തുണയോടെ എൺപതുകളിൽ ഉയർന്നുവന്ന പഷ്‌തൂൺ സേനയാണ്‌ തുടക്കത്തിൽ താലിബാൻ. കടുത്ത മതമൗലികത അടിസ്ഥാനമാക്കിയുള്ള, അതിനോടൊപ്പം അമേരിക്ക വളർത്തിയ മുജാഹിദ്ദീനുകളും ചേർന്നു. ലോകമെങ്ങുമുള്ള മതമൗലിക സംഘങ്ങളുടെ കൂട്ടായ്‌മ രൂപപ്പെട്ടു. സോവിയറ്റ്‌ സേനയ്‌ക്കെതിരെ സിഐഎ കൂടുതൽ ആശ്രയിച്ചത്‌ ജലാലുദ്ദീൻ ഹഖാനിയുടെ സേനയെയാണ്‌. ബിൻ ലാദൻകൂടി എത്തിയതോടെ ഹഖാനി–-ലാദൻ അച്ചുതണ്ട്‌ തൊണ്ണൂറുകളിൽ താലിബാനെ നിയന്ത്രിച്ചു. ലാദൻ കൊല്ലപ്പെട്ടെങ്കിലും അൽഖായ്‌ദ താലിബാന്റെ പ്രിയ സുഹൃത്താണ്‌ ഇപ്പോഴും. ഹഖാനി ഗ്രൂപ്പ്‌ താലിബാൻ നേതൃത്വത്തിൽ മേധാവിത്വം പുലർത്തുകയും ചെയ്യുന്നു. ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ്‌ ആറംഗ താലിബാൻ നേതൃത്വത്തിലെ പ്രമുഖൻ. അബ്ദുൾ ഗനി ബറാദറുടെ നേതൃത്വത്തിൽ താലിബാൻ സംഘം 2018 മുതൽ ദോഹയിൽ അമേരിക്കയുമായി ചർച്ച നടത്തുമ്പോൾ ഹഖാനി ശൃംഖല അഫ്‌ഗാനിൽ ഭീകരാക്രമണം രൂക്ഷമാക്കുകയായിരുന്നു. താലിബാന്റെ വിലപേശൽതന്ത്രമായിരുന്നു ഇത്‌. പാക്‌ അതിർത്തി കേന്ദ്രീകരിച്ച്‌ 2015ൽ രൂപംകൊണ്ട ഐഎസ്‌-കെ ഇപ്പോൾ താലിബാന്റെ അവിഭാജ്യഘടകമാണ്‌. താലിബാൻ നേതൃത്വം ഐഎസ്‌കെയെ തള്ളിപ്പറയുന്നുണ്ടെങ്കിലും താഴേത്തട്ടിൽ ‘ആയുധമേന്തിയ സഹോദരർ’ ആയാണ്‌ പ്രവർത്തനം. അൽഖായ്‌ദയെപ്പോലെതന്നെ ആഗോളഭീകരരുടെ മേൽപ്പാളിയാണ്‌ ഐഎസ്‌കെ. താലിബാൻ സൈനികരെ ഐഎസ്‌കെ വിഴുങ്ങുന്നു എന്ന വിലയിരുത്തലുമുണ്ട്‌. നിരവധി ഗ്രൂപ്പുകളുടെ സംയുക്തമാണ്‌ താലിബാൻ. വ്യത്യസ്‌തവും ചിലപ്പോൾ ഏറ്റുമുട്ടുന്നതുമായ താൽപ്പര്യങ്ങൾ ഈ വിഭാഗങ്ങൾക്കുണ്ട്‌. അമേരിക്ക പിൻവാങ്ങിയതോടെ തുറന്നുകിടക്കുന്ന കളത്തിൽ ഈ വൈരുധ്യങ്ങൾ ഏറ്റുമുട്ടാനുള്ള സാഹചര്യമാണുള്ളത്‌. അതുകൊണ്ടുതന്നെ താലിബാൻ ഭരണത്തിലുള്ള അഫ്‌ഗാൻ ലോകരാഷ്ട്രീയത്തിൽ ഒരു ‘തമോഗർത്ത’മായി മാറുകയാണ്‌. Read on deshabhimani.com

Related News