ഫെഡറലിസത്തിനുനേരെ വീണ്ടും ബിജെപി



പഞ്ചാബ്‌ പൊലീസ്‌ രജിസ്‌റ്റർചെയ്‌ത വിദ്വേഷപരാമർശക്കേസിൽ പ്രതിയായ ബിജെപി നേതാവ്‌ തജീന്ദർപാൽ സിങ്‌ ബഗ്ഗയെ സംരക്ഷിക്കാൻ ഡൽഹി പൊലീസ്‌ നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്കുനേരെയുള്ള പരസ്യമായ കടന്നാക്രമണമാണ്‌. കഴിഞ്ഞ ഏപ്രിൽ ഒന്നിന്‌ വിദ്വേഷപൂർണമായ ട്വീറ്റുകളിട്ടതിന്‌ പഞ്ചാബിലെ മൊഹാലി സ്‌റ്റേഷനിലാണ്‌ ബഗ്ഗയ്‌ക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പഞ്ചാബ്‌പൊലീസ്‌ അഞ്ച്‌ തവണ നോട്ടീസ്‌ അയച്ചിട്ടും അദ്ദേഹം അന്വേഷണവുമായി സഹകരിച്ചില്ല. മെയ്‌ ആറിന്‌ രാവിലെ പഞ്ചാബ്‌ പൊലീസ്‌സംഘം ഡൽഹി ജനക്‌പുരിയിലെ വീട്ടിൽനിന്ന്‌ ബഗ്ഗയെ അറസ്റ്റ്‌ ചെയ്‌ത്‌ മൊഹാലിയിലേക്ക്‌ തിരിച്ചു. ബഗ്ഗയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്‌ തൊട്ടുപിന്നാലെ ഡൽഹി പൊലീസ്‌ കേസെടുത്തു. ബഗ്ഗയെയും പഞ്ചാബ്‌ പൊലീസ്‌ സംഘത്തെയും _ഡൽഹി പൊലീസിന്റെ നിർദേശപ്രകാരം ഹരിയാന പൊലീസ്‌ കുരുക്ഷേത്രയിൽ തടഞ്ഞു. ഇവരെ ഹരിയാനയിലെ സദർപൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്‌ _ഡൽഹിപൊലീസ്‌; ഹരിയാനയിലെ ബിജെപി സർക്കാരും ഡൽഹിപൊലീസിന്റെ താളത്തിനുതുള്ളിയപ്പോൾ പഞ്ചാബ്‌ പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഡൽഹി പൊലീസിന്റെ നിർദേശപ്രകാരമാണ്‌ തങ്ങൾ പ്രവർത്തിച്ചതെന്ന്‌ ഹരിയാന ആഭ്യന്തരമന്ത്രി അനിൽവിജ്‌ സമ്മതിച്ചിട്ടുണ്ട്‌. ബഗ്ഗ തന്റെ അറസ്‌റ്റിനെതിരെ കോടതിയെ സമീപിച്ചു. _പഞ്ചാബ്‌ പൊലീസ്‌ സംഘത്തിനാകട്ടെ രാത്രി ഏഴുവരെ ഹരിയാന പൊലീസ്‌ സ്‌റ്റേഷനിൽ കഴിയേണ്ടിവന്നു.  ഇതിനെതിരെ പഞ്ചാബ്‌ _സർക്കാർ ഹേബിയസ്‌ കോർപസ്‌ ഹർജി നൽകിയിട്ടുണ്ട്‌. ക്രമസമാധാനപാലനം പൂർണമായും സംസ്ഥാനവിഷയമാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസ്‌ സംഘങ്ങൾ അന്വേഷണകാര്യങ്ങൾക്കും പ്രതികളെ അറസ്‌റ്റ്‌ചെയ്യാനും എത്തുമ്പോൾ നിയമപരമായ സഹായം ചെയ്‌തുകൊടുക്കേണ്ടത്‌ അതത്‌ സംസ്ഥാനപൊലീസിന്റെ കടമയാണ്‌. കാലങ്ങളായി നടന്നുവരുന്ന പ്രക്രിയയുമാണിത്‌. ഗുജറാത്തിലെ എംഎൽഎ ജിഗ്‌നേഷ്‌ മേവാനിയെ ഈയിടെയാണ്‌ അസംപൊലീസ്‌ വിദ്വേഷപരാമർശക്കേസിൽ ഗുജറാത്തിലെ വീട്ടിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോയത്‌. പുണെ ഭീമ കൊറേഗാവ്‌ കേസിന്റെ തുടക്കത്തിൽ മഹാരാഷ്‌ട്ര പൊലീസ്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ റെയ്‌ഡ്‌ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ ഭരണം മാറിയശേഷമാണ്‌ കേസ്‌ എൻഐഎയ്‌ക്ക്‌ വിട്ടത്‌. ക്രിമിനൽ കേസുകളിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ്‌ തമ്മിൽ സഹകരിക്കാറുണ്ട്‌. സമാധാനത്തിനും സ്വൈരജീവിതത്തിനും ഭീഷണിയായ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സുപ്രീംകോടതി കർശനനിലപാടാണ്‌ സ്വീകരിച്ചുവരുന്നത്‌. കഴിഞ്ഞ ഡിസംബറിൽ ഹിന്ദുയുവവാഹിനി സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്വേഷപ്രസംഗം ഉണ്ടായെന്ന ഹർജികളിന്മേൽ ആരോപണവിധേയരെ _സംരക്ഷിക്കുന്ന റിപ്പോർട്ട്‌ നൽകിയ ഡൽഹിപൊലീസ്‌ നടപടിയെ സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ബിജെപി നിയന്ത്രണത്തിലുള്ള _ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളും വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന്‌ പരമോന്നതനീതിപീഠം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇത്തരത്തിൽ പ്രതിക്കൂട്ടിൽനിൽക്കുന്ന ബിജെപി സർക്കാരുകൾ ഇതര സംസ്ഥാന സർക്കാരുകളുടെ നിയമപരമായ ചുമതലനിർവഹണം തടസ്സപ്പെടുത്താനും മുതിരുകയാണ്‌. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെയും ഫെഡറൽ ഘടനയെയും ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തുടർച്ചയായി ശ്രമിച്ചുവരികയാണ്‌. ആധുനിക ജനാധിപത്യസംവിധാനത്തിന്‌ ഭീഷണിയായനിലയിൽ പ്രചാരണം നടത്തുന്നത്‌ സംഘപരിവാറിന്റെ പ്രവർത്തനശൈലിയാണ്‌. _ഇത്തരം വിഷലിപ്‌തമായ പ്രചാരണം നടത്തുന്നവരെ നിയമത്തിന്റെ വഴിയിൽ കൊണ്ടുവരാൻ ബിജെപി സർക്കാരുകൾ തയ്യാറാകുന്നില്ല. ഇപ്പോൾ കാര്യങ്ങൾ അതിനുമപ്പുറം എത്തിയിരിക്കുന്നു. വിദ്വേഷപ്രചാരണം നടത്തുന്നവർക്ക്‌ ബിജെപി സർക്കാരുകളുടെ സഹായവും പിന്തുണയും ലഭിക്കുമെന്ന പരസ്യമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്‌ കേന്ദ്രം. ബഗ്ഗയെ നിയമത്തിന്റെ മാർഗത്തിൽ കൊണ്ടുവരുന്നത്‌ തടഞ്ഞ ഡൽഹി, ഹരിയാന പൊലീസുകളുടെ നടപടി സൂചിപ്പിക്കുന്നത്‌ മറ്റൊന്നുമല്ല. ഭരണകക്ഷിക്കാർ നിയമസംവിധാനങ്ങൾക്ക്‌ അതീതരാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്‌ നിയമവാഴ്‌ചയ്‌ക്ക്‌ ഹാനികരമാണ്‌. രാജ്യത്ത്‌ രണ്ടുതരം നീതിയെന്ന അപകടകരമായ അവസ്ഥയും രൂപംകൊള്ളുകയാണ്‌. _ബിജെപിസർക്കാരുകളുടെ വിമർശകർ ക്രൂരമായി വേട്ടയാടപ്പെടുന്നു. _അവർക്കെതിരെ അന്യായമായ ആരോപണങ്ങൾ ഉയരുന്നു. _ ബിജെപി ദേശീയഅധ്യക്ഷൻ ജെ പി നദ്ദ കഴിഞ്ഞദിവസം എൽഡിഎഫ്‌ സർക്കാരിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഈ പശ്‌ചാത്തലത്തിലാണ്‌ കാണേണ്ടത്‌. രാജ്യത്ത്‌ വർഗീയത വളർത്താൻ ഏതു മാർഗവും സ്വീകരിക്കുന്നവർ ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സംസ്ഥാനസർക്കാരിനെ നിരുത്തരവാദപരമായി ആക്ഷേപിക്കുകയാണ്‌. ജനാധിപത്യവാദികൾ തികഞ്ഞ ജാഗ്രത കാട്ടേണ്ട കാലമാണിത്‌.   Read on deshabhimani.com

Related News