വിടവാങ്ങിയത്‌ ധീരനായ കമ്യൂണിസ്‌റ്റ്‌



ജനലക്ഷങ്ങളുടെ ഹൃദയസ്പന്ദനമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവാണ് ചൊവ്വാഴ്ച അന്തരിച്ച സഖാവ് ടി ശിവദാസമേനോൻ. പതിറ്റാണ്ടുകളോളം  മലയാളി ജീവിതത്തിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ സഖാവിനെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി,  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, രണ്ടുവട്ടം മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. കേരളത്തിന്റെ ഭരണ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലാകെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എക്കാലത്തും പുരോഗമന ആശയങ്ങളുടെ ശക്തനായ വക്താവും പ്രചാരകനുമായി നിലകൊണ്ട്‌, നാടിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ചു. സമരമുഖങ്ങളിലെ   ധീരപോരാളിയായിരുന്നു. പലതവണ ക്രൂരമായ പൊലീസ് മർദനത്തിനും ഇരയായിട്ടുണ്ട്. 1932ൽ പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌  സമ്പന്ന ജൻമി കുടുംബത്തിൽ പിറന്ന മേനോൻ നന്നേ ചെറുപ്പത്തിൽത്തന്നെ ജൻമിത്തത്തിനെതിരായ പോരാട്ടങ്ങളിൽ ആകൃഷ്ടനായി. തുടർന്ന്, കമ്യൂണിസ്റ്റ് - പുരോഗമന ആശയങ്ങളിലേക്ക് നടന്നടുത്തു.  പതിറ്റാണ്ടുകളോളം സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ചരിത്രത്തിന്റെ ഭാഗമാണ്‌. 1973ൽ രൂപീകൃതമായ, സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായ കെപിടിയുവിന്റെ  സ്ഥാപകനേതാവായിരുന്നു. അക്കാലത്ത് നടന്ന, അധ്യാപകരുടെ 54 ദിവസം നീണ്ട പണിമുടക്ക് സമരത്തിന്റെ മുൻനിര നേതാവുമായിരുന്നു.  ഈ പണിമുടക്കോടെയാണ് ആ സംഘടന രൂപം കൊള്ളുന്നത്. 1955 മുതൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായും പിന്നീട് ഹെഡ് മാസ്റ്ററായും പ്രവർത്തിച്ച മേനോൻ  മികച്ച അധ്യാപകനെന്ന നിലയിലും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ പാലക്കാടുനിന്ന്‌ ലോക സഭയിലേക്ക് മത്സരിക്കുന്നതുവരെ അധ്യാപനരംഗത്ത്‌ തുടർന്നു.  1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി–ഗ്രാമവികസന മന്ത്രിയായും 96ൽ ധന–-എക്‌സൈസ്‌ മന്ത്രിയായും  ഭരണരംഗത്തും ശിവദാസമേനോൻ പ്രാഗൽഭ്യം തെളിയിച്ചു. പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. മലമ്പുഴ മണ്ഡലത്തിൽനിന്നാണ്‌ മൂന്നുവട്ടം അദ്ദേഹം നിയമസഭയിലെത്തിയത്‌. വിവിധ മേഖലകളിൽ സഖാവിന്റെ പ്രവർത്തനം തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ വീറും സർഗാത്മകതയും വെളിപ്പെടുത്തുന്നതായി. വൈവിധ്യമാർന്ന വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ്, അറിവിനൊത്ത വിനയം, പറയുന്ന കാര്യങ്ങളിലെ വ്യക്തത, നിലപാടുകളിലെ ആദർശധീരത എന്നിവ അദ്ദേഹത്തെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാക്കി. 2003ൽ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ നടന്ന വെടിവയ്‌പിനെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി സഖാവ് മാറിയത് കേരളത്തിന്റെ ഓർമയിൽ ഇന്നുമുണ്ട്.  പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയപ്പോൾ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ട് തല്ലി. സഖാവിന്റെ ജീവൻ നഷ്ടപ്പെടുമോയെന്ന് കേരളം ആശങ്കപ്പെട്ട ഭീകരമർദനമാണ് അന്നുണ്ടായത്. കൊടുങ്കാറ്റായി ആഞ്ഞുവീശിയ കമ്യൂണിസ്റ്റ് ധീരതയാണ് അദ്ദേഹം അന്ന് പ്രകടിപ്പിച്ചത്. കമ്യൂണിസ്റ്റ് -_ ഇടതുപക്ഷ ആശയങ്ങളെ ശക്തിപ്പെടുത്താനും  ഭരണകൂടത്തിന്റെ ചൂഷണങ്ങൾക്കെതിരെ അസാമാന്യ ധീരതയോടെ പോരാടാനും എന്നും   മുൻനിരയിലുണ്ടായിരുന്നു.  വിപ്ലവചിന്തയുടെ തീനാളം പകർന്ന ശിവദാസമേനോന്‌ ആദരാഞ്‌ജലികൾ, ശോണാഭിവാദനങ്ങൾ.   യുഎസ്‌ ഗർഭഛിദ്ര വിധി ട്രംപിസത്തിന്റെ വിജയം ഗർഭഛിദ്രം നടത്തുന്നതിന്‌ അമേരിക്കൻ സ്‌ത്രീകൾ അരനൂറ്റാണ്ടോളം നിയമപരമായി അനുഭവിച്ചുവന്ന അവകാശം കഴിഞ്ഞദിവസം അവിടത്തെ സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്‌. ഗർഭഛിദ്രത്തിന്‌ അവർക്ക്‌ ഭരണഘടനാപരമായി അവകാശമില്ലെന്നാണ്‌ യുഎസ്‌ സുപ്രീംകോടതി മൂന്നിനെതിരെ ആറ്‌ ജഡ്‌ജിമാരുടെ ഭൂരിപക്ഷത്തോടെ വിധിച്ചിരിക്കുന്നത്‌. സ്വന്തം ശരീരത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യം തീരുമാനിക്കുന്നതിൽ അനുഭവിച്ചുവന്ന സ്വാതന്ത്ര്യമാണ്‌ സുപ്രീംകോടതിയിലെ വലതുപക്ഷ ജഡ്‌ജിമാർ ഇല്ലാതാക്കിയത്‌. ഗർഭഛിദ്രം അനുവദിക്കണമോയെന്ന്‌ ഇനി  സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. വിധി കാത്തിരുന്നതുപോലെ 13 സംസ്ഥാനം ഗർഭഛിദ്രം നിരോധിച്ചു. ആകെയുള്ള 50 സംസ്ഥാനത്തിൽ 13 എണ്ണംകൂടി യാഥാസ്ഥിതിക റിപ്പബ്ലിക്കൻ പാർടിയുടെ ഭരണത്തിലായതിനാൽ അവിടങ്ങളിലും വൈകാതെ നിരോധനമുണ്ടായേക്കും. ഗർഭനിയന്ത്രണം, ഗർഭഛിദ്രം, ദയാവധം, കാണ്ഡകോശ പരീക്ഷണം തുടങ്ങിയവയോടുള്ള എതിർപ്പ്‌ അമേരിക്കൻ വലതുപക്ഷം ഏതാനും പതിറ്റാണ്ടുകളായി തീവ്രമാക്കിയിരിക്കുകയാണ്‌. തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും റിപ്പബ്ലിക്കന്മാരുടെ പ്രധാന പ്രചാരണവിഷയങ്ങളിൽ ഇവ ഇടംപിടിക്കാറുണ്ട്‌. ഗർഭഛിദ്രം നിരോധിക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ 2016ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡോണൾഡ്‌ ട്രംപ്‌ വോട്ട്‌ തേടിയത്‌. വിജയിച്ചതിനുശേഷം അതിനാവശ്യമായ നടപടികൾ ട്രംപ്‌ സ്വീകരിച്ചതിന്റെ ഫലമായാണ്‌ വലതുപക്ഷം കാത്തിരുന്ന വിധിയുണ്ടായത്‌. യുഎസ്‌ സുപ്രീംകോടതിയിലെ ഒമ്പത്‌ ജഡ്‌ജിമാരിൽ ആറ്‌ പേർ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ചവരാണ്‌. അവരിൽ മൂന്നുപേരെ നിയമിച്ചത്‌ ട്രംപാണ്‌. അതിൽ അവസാനത്തെയാളായ ഏമി കോണീ ബാരെറ്റിനെ 2020ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്ത്‌ ട്രംപ്‌ തിടുക്കത്തിൽ നിയമിച്ചത്‌ കടുത്ത വിമർശത്തിനിടയാക്കിയിരുന്നു. യുഎസ്‌ സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ സാധാരണഗതിയിൽ മരണംവരെ, അല്ലെങ്കിൽ അനാരോഗ്യത്താലോ മറ്റോ അവർ സ്വയം ഒഴിയുന്നതുവരെ  തുടരാം. അതിനാൽ പരമോന്നത നീതിപീഠത്തിലെ വലതുപക്ഷ ആധിപത്യം അടുത്തകാലത്തൊന്നും അവസാനിക്കില്ല. ഈ സ്ഥിതി അമേരിക്കൻ ജനതയെ, വിശേഷിച്ച്‌ സ്‌ത്രീകളെ ആശങ്കയിലാക്കുന്നതാണ്‌. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഗർഭഛിദ്ര അവകാശം വിഷയമായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്‌. എങ്കിലും പകുതിയോളം സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ ആധിപത്യം ഉള്ളവയായതിനാൽ അവിടങ്ങളിൽ നയംമാറ്റത്തിന്‌ സാധ്യതയില്ല. ഈ സാഹചര്യത്തിൽ ദീർഘകാലത്തേക്ക്‌ അമേരിക്കൻ സ്‌ത്രീകളുടെ ആരോഗ്യത്തെയും ജീവനെത്തന്നെയും ദോഷകരമായി ബാധിക്കുന്നതാണ്‌ സുപ്രീംകോടതി വിധി.  താമസിക്കുന്നിടത്ത്‌ ഗർഭഛിദ്രത്തിന്‌ വിലക്കുണ്ടെങ്കിൽ ആവശ്യക്കാർക്ക്‌ അതിന്‌ അനുവാദമുള്ള സംസ്ഥാനങ്ങളിലേക്ക്‌ പോകേണ്ടിവരും. ചില വൻകിട കമ്പനികൾ തൊഴിലാളികൾക്ക്‌ അതിന്‌ സൗകര്യമൊരുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. എന്നാൽ പലരും, വിശേഷിച്ച്‌ പാവപ്പെട്ടവർ അത്തരം ആനുകൂല്യങ്ങൾക്ക്‌ പുറത്തായിരിക്കും. അത്തരക്കാർ, ആഗ്രഹിക്കാത്ത പ്രസവത്തിനോ സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെ നിയമവിരുദ്ധമായി ഗർഭഛിദ്രത്തിനോ നിർബന്ധിതരാകും. ലോകത്താകെയുള്ള ഗർഭഛിദ്രങ്ങളിൽ 45 ശതമാനം സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെയാണെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെയും യുഎൻ ലൈംഗിക–-പ്രത്യുൽപ്പാദന ആരോഗ്യ ഏജൻസിയുടെയും കണക്ക്‌.  ‘വികസിത, പരിഷ്‌കൃത’ രാജ്യമായ അമേരിക്കയിലെ സ്‌ത്രീകളെക്കൂടി ഈ ദുരവസ്ഥയിലേക്ക്‌ തള്ളിയിടുന്നതാണ്‌ ജൂൺ 24ലെ വിധി.  ഇനി പതിറ്റാണ്ടുകളോളം അമേരിക്കൻ സ്‌ത്രീകൾ ഈ ‘ദുർവിധി’യുടെ ഇരകളായിരിക്കും. ട്രംപ്‌ തോറ്റെങ്കിലും  ട്രംപിസം വിജയിക്കുന്നതാണ്‌ ലോകം കാണുന്നത്‌.   Read on deshabhimani.com

Related News