ഉയരുന്ന വിമതശബ്‌ദം



ഉത്തർപ്രദേശിലെ ബെഹ്റായിച്ചിൽനിന്നുള്ള ലോക‌്സഭാ അംഗം സാവിത്രി ബായ് ഫുലെ ബിജെപിയുടെ പ്രാഥമികാംഗത്വം രാജിവച്ചത് അവർ ലക്ഷ്യമിടുന്ന സോഷ്യൽ എൻജിനിയറിങ്ങിനുള്ള കനത്ത തിരിച്ചടിയാണ്. ദളിതരെ ഹിന്ദുത്വവൽക്കരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി ബിജെപിയിലെത്തിയ ദളിത് നേതാവാണ‌് സാവിത്രി ഫുലെ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലഭിച്ചിരുന്ന സ‌്കോളർഷിപ് തുക വിഴുങ്ങിയ പ്രിൻസിപ്പലിനെ ചോദ്യംചെയ‌്തതിന‌് സ‌്കൂളിൽനിന്നും പുറത്താക്കപ്പെടുകയും ബിഎസ് പി നേതാവ് മായാവതി മുഖ്യമന്ത്രിയായപ്പോൾ വീണ്ടും അതേ സ‌്കൂളിൽ പ്രവേശനം നേടുകയും ചെയ‌്ത വിദ്യാർഥിനിയാണ് സാവിത്രി ഫുലെ. സ്വാഭാവികമായും ബിഎസ‌്പിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.  എന്നാൽ, കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  ബിജെപിയിലെത്തുകയും ബെഹ്റായിച്ചിൽനിന്ന‌് ലോക‌്സഭാ  അംഗമാകുകയും ചെയ‌്ത കാവിവേഷധാരിയായ ദളിത് നേതാവാണ് സാവിത്രി ഫുലെ. നാലരവർഷത്തെ ബിജെപി സഹവാസംകൊണ്ട് ആ പാർടി എന്താണെന്ന‌്  മനസ്സിലാക്കാൻ സാവിത്രി ഫുലെക്ക് കഴിഞ്ഞെന്നുവേണം അവരുടെ രാജിയിൽനിന്ന് മനസ്സിലാക്കാൻ. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ആകെയുള്ള 80ൽ 73 സീറ്റും നേടിയത് ബിജെപി സഖ്യമായിരുന്നു. ബിജെപിക്ക് തനിച്ച് 71 സീറ്റ് ലഭിച്ചു. തുടർന്ന് നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പിലും ബിജെപി തോറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുൽപുരിലും പശ്ചിമ യുപിയിലെ കൈരാനയിലും ബിജെപി സ്ഥാനാർഥികൾ തോറ്റു. സാവിത്രി ഫുലെയുടെ രാജിയോടെ ഒരു സീറ്റുകൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നു. സീറ്റ് 67 ആയി കുറഞ്ഞു. മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി നാന പടോലെ കർഷക അവഗണനയുടെ പ്രശ‌്നമുയർത്തി നേരത്തെ തന്നെ ബിജെപി വിട്ടിരുന്നു. വാഗ്ദാനലംഘനത്തിന്റെ പേരിൽ ലഡാക്ക് എംപി തപ‌്സ്ഥൻ ചെവാങ്ങും രാജിവയ‌്ക്കുകയുണ്ടായി. രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ ബിജെപിക്ക് തനിച്ച് ലോക‌്സഭയിലുള്ള ഭൂരിപക്ഷവും നഷ്ടപ്പെട്ടു. ദളിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്‌ത്രമാണ്‌ ആർഎസ്എസിനും ബിജെപിക്കും ഉള്ളത്.  അംബേദ്കറെ സ്വന്തമാക്കാനായി ഇന്ന് ശ്രമിക്കുന്നുണ്ടെങ്കിലും അയിത്തത്തിനും ജാതിവ്യവസ്ഥയ‌്ക്കുമെതിരെ ചെറുവിരലുപോലും അനക്കാൻ സംഘപരിവാർ സംഘടനകൾ തയ്യാറായിരുന്നില്ല. മോഡി സർക്കാർ അധികാരമേറിയതോടെ ദളിത് പീഡനം പതിന്മടങ്ങ‌് വർധിച്ചു. ഗുജറാത്തിലെ ഉനയിലും മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലും ഉത്തർപ്രദേശിലെ ഷഹാരൻപുരിലും ദളിത് പീഡനങ്ങൾ നടന്നു. അംബേദ്കർ പ്രതിമകൾ രാജ്യവ്യാപകമായി തകർക്കപ്പെട്ടു.  വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലിയിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും നിയമസഭയിലും പാർലമെന്റിലും ദളിതന് പ്രവേശം ഉറപ്പാക്കിയ ഭരണഘടനയ‌്ക്കെതിരെയും ആർഎസ്എസും ബിജെപിയും രംഗത്തിറങ്ങി.  ആർഎസ്എസ് മേധാവികളായ ഹെഡ്ഗേവാറും ഗോൾവാൾക്കറും മുതൽ മോഹൻഭാഗവത് വരെയും ഭരണഘടനയ‌്ക്കെതിരെ സംസാരിക്കുകയാണ്. മനുസ‌്മൃതി അഥവാ ഒരു ഹിന്ദുഭരണഘടനയെന്ന ആശയമാണ് അവർ മുന്നോട്ടുവയ‌്ക്കുന്നത്. സാവിത്രി ഫുലെയെ ഏറെ അസ്വസ്ഥമാക്കിയതും  ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള ബിജെപിയുടെ നീക്കമാണ്.  ദളിതർക്ക് സംരക്ഷണം നൽകുന്ന ഭരണഘടന മാറ്റി,   അംബേദ‌്ക്കർ ചുട്ടുകരിക്കണമെന്ന‌് ആഹ്വാനം ചെയ്ത മനുസ്മൃതി പകരംവെക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ ദളിത് സമൂഹത്തില്‍ പടരുന്ന രോഷം സാവിത്രി ഫുലെയുടെ രാജിയിൽനിന്നും വായിച്ചെടുക്കാം. സംഘപരിവാർ നീക്കം അംഗീകരിക്കാൻ  ദളിതർക്ക് കഴിയില്ലെന്നു പറഞ്ഞാണ് സാവിത്രി ഫുലെ അംബേദ്കറുടെ ചരമദിനത്തിൽ തന്നെ ബിജെപിയിൽനിന്ന് രാജിവച്ചത്. ബുലന്ദ്ശഹറിൽ പശുവിന്റെ പേരിൽ നടന്ന കലാപമാണ് രാജിക്കുള്ള പെട്ടെന്നുള്ള കാരണം. സമൂഹത്തിൽ ഹിന്ദു–-മുസ്ലിം വിഭജനം സൃഷ്ടിക്കാൻ ബിജെപി നടത്തിയ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ബുലന്ദ്ശഹർ സംഭവമെന്ന് അവർ കുറ്റപ്പെടുത്തുന്നു. പാകിസ്ഥാന്റെയും മസ്ജിദിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയം അംഗീകരിക്കാനാകില്ലെന്നാണ് സാവിത്രി ഫുലെയുടെ വാദം. രാജ്യത്ത് വർഗീയ കലാപം സൃഷ്ടിച്ച‌് വോട്ടു നേടാനുള്ള ബിജെപി തന്ത്രത്തെ സാവിത്രി ഫുലെ തിരിച്ചറിഞ്ഞുവെന്ന് സാരം.  സാവിത്രി ഫുലെയുടെ രാജി ബിജെപിയിൽ തുടങ്ങാനിരിക്കുന്ന കലാപത്തിന്റെ സൂചനയാണ്. മോഡിയുടെ പ്രതിച്ഛായ നഷ്ടത്തിനൊപ്പം വിമതശബ്ദവും ഉയരുമെന്നതിന്റെ വ്യക്തമായ സൂചനയും ഇത് നൽകുന്നുണ്ട്. Read on deshabhimani.com

Related News