ഊർജമാകണം ഈ വിജയം



കൊൽക്കത്തയിലെ സാൾട്ട്ലേക്ക് മൈതാനത്ത് കേരളത്തിലെ ഫുട്ബോളിന്റെ ഉയിർപ്പായിരുന്നു ഞായറാഴ്ച. വംഗനാട്ടിൽ കേരളം ആറാം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. പ്രതീക്ഷകൾ നിറച്ച തുകൽപ്പന്തിൽ ചാരുതയുള്ള കളികൊണ്ട് യുവനിര അവസാന നിമിഷംവരെ ത്രസിപ്പിച്ചു, കളികൊണ്ട് ചരിത്രം മെനഞ്ഞു. കാൽപ്പന്തുകളിയുടെ ആരാധകർക്ക് കേരളത്തിന്റെ സന്തോഷ്ട്രോഫി പെരുമയുടെ വീണ്ടെടുപ്പാണ് ഈ കിരീടം. ഒപ്പം നാട്ടിലെ മൈതാനങ്ങൾ പുതുതലമുറയെ കാത്തിരിക്കുന്നുവെന്ന ഓർമപ്പെടുത്തലും. ഐഎസ്എലും ഐ ലീഗും ഉൾപ്പെടെ കേരളത്തിന്റെ പ്രാതിനിധ്യമുള്ള ഫുട്ബോൾമേളകൾ ഉണ്ടാക്കിയ ഉണർവിനെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള ഊർജമാകണം ഈ വിജയം. ആക്രമിച്ചും ഓടിപ്പിടിച്ചും കേരളവും ബംഗാളും മനോഹരമായി നിറഞ്ഞാടി കലാശക്കളിയിൽ. നിശ്ചിതസമയത്തും അധികസമയത്തും കേരളം ആദ്യം ഗോൾ കണ്ടെത്തിയെങ്കിലും ബംഗാൾ കൂടെയെത്തി. പെനൽറ്റി ഷൂട്ടൗട്ടിലേക്കുനീണ്ട കളിയിലും ആദ്യം ഗോൾ നേടിയത് കേരളമായിരുന്നു. പക്ഷെ ഇത്തവണ ആദ്യ അവസരം പാഴാക്കിയ ബംഗാളിന്റെ കൺമുന്നിലായിരുന്നു നായകൻ രാഹുൽ വി രാജ് ഗോൾ നേടിയത്. പിന്നെയും ബംഗാളിനു പിഴച്ചു. പിന്നോട്ടു നടക്കാൻ കേരളം തയ്യാറായിരുന്നില്ല. അടുത്ത മൂന്ന് ഷോട്ടും ബംഗാളിന്റെ നെഞ്ചുതുളച്ചു. ജി ജിതിനും ജസ്റ്റിൻ ജോർജും സീസനും സന്തോഷിച്ചു. ബംഗാളിന് രണ്ട് ഷോട്ടുകൾ വലയിലെത്തിക്കാനായെങ്കിലും 72‐ാം സന്തോഷ് ട്രോഫി വിജയികളായി കേരളം പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ക്യാപ്റ്റൻ മണി (1973), വി പി സത്യൻ (1992), കുരികേശ് മാത്യു (1993), ശിവകുമാർ (2001), ഇഗ്നേഷ്യസ് സിൽവസ്റ്റർ (2004) എന്നിവരുടെ പേരുകൾക്കൊപ്പം രാഹുൽ വി രാജ് എന്ന പേരു കൂടി സന്തോഷ്ട്രോഫി ചരിത്രത്തിൽ കേരളം ചേർത്തുവച്ചു. ഫൈനൽവരെ ഒരു ഗോൾമാത്രം വഴങ്ങി അപരാജിതരായാണ് കേരളം എത്തിയത്. മോഹൻ ബഗാൻ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ബംഗാളിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി. കേരളത്തെ കീഴടക്കാമെന്ന അമിതവിശ്വാസവുമായി ഇറങ്ങിയ മിസോറത്തിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്താണ് ഫൈനലിലേക്ക് കടന്നത്. കലാശപ്പോരുകളിൽ ബംഗാളിന്റെ മുന്നിൽ തലകുനിച്ച ചരിത്രം അവിടെ തിരുത്തിയെഴുതുകയും ചെയ്തു. കഴിഞ്ഞ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി ഒത്തിണക്കമുള്ള സംഘമായാണ് കേരളം പന്തുതട്ടാനൊരുങ്ങിയത്. ബംഗളൂരുവിലെ യോഗ്യതാറൗണ്ടിൽതന്നെ കേരളം അത് തെളിയിച്ചു. ശക്തമായ മധ്യനിര കേരളത്തിന്റെ കളിയുടെ ചുക്കാൻപിടിച്ചു. ഫൈനൽ റൗണ്ടിലെ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോഴേക്കും ചിത്രം വ്യക്തമായി. ടൂർണമെന്റിലെ ഓരോ കളിയിലും കൃത്യമായ പദ്ധതിയുണ്ടായിരുന്നു സതീവൻ ബാലന്. ശിഷ്യർ ഒരുങ്ങിയിറങ്ങി, അണുകിട തെറ്റാതെ ഒരുമിച്ച് നടപ്പാക്കി. വല കാക്കാൻ മിഥുനും പ്രതിരോധക്കോട്ട തീർക്കാൻ രാഹുൽ വി രാജും എസ് ലിജോയും ജി ശ്രീരാഗും. ഗോളടിക്കാനും ഗോളിനു വഴിയൊരുക്കാനും മികവുകാട്ടിയ എം എസ് ജിതിൻ അഞ്ചു ഗോൾ നേടി ടോപ്സ്കോററായി. ഗോളടിക്കാനുള്ള ദൗത്യം ജിതിനിൽ മാത്രം ഒതുക്കിയില്ല സതീവൻ ബാലൻ. ജി ജിതിൻ, സജിത് പൗലോസ്, വി കെ അഫ്ദൽ, വി എസ് ശ്രീക്കുട്ടൻ, കെ പി രാഹുൽ, നായകൻ രാഹുൽ വി രാജ്, വിബിൻ തോമസ് എന്നിവരും ഗോളടിക്കാരുടെ പട്ടികയിലുണ്ട്. അതുതന്നെയാണ് ഇക്കുറി കേരളത്തെ കൂടുതൽ ശക്തരാക്കിയതും. ഇനി ഇവരും കേരളത്തിലെ കാൽപ്പന്താരാധകരുടെ പ്രിയപ്പെട്ടവരാണ്. വഴികാട്ടികളും. കലാശക്കളിയിലാണ് കേരളം ഏറ്റവും മികച്ച കളി പുറത്തെടുത്തത്. പിഴവുകൾക്ക് ഇടനൽകിയില്ല. 19‐ാം മിനിറ്റിൽ എം എസ് ജിതിനിലൂടെ ആദ്യ ഗോൾ നേടിയതോടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. മറുപടിക്കായുള്ള ബംഗാൾ നീക്കങ്ങളെ മിഥുൻ എന്ന രക്ഷകൻ തോൽപ്പിച്ചുകൊണ്ടേയിരുന്നു. ഇരുകൂട്ടരും തുറന്നുകിട്ടിയ എത്ര അവസരങ്ങൾ പാഴാക്കി. നിശ്ചിതസമയത്തിനുള്ളിൽ ബംഗാളിനെ അവസാനിപ്പിക്കാനുള്ള അവസരങ്ങളാണ് കേരളം നഷ്ടപ്പെടുത്തിയത്. ആ പിഴവുകൾക്കും ഇപ്പോൾ മനോഹാരിതയുണ്ട്..! 14 വർഷം കാത്തിരുന്ന കപ്പ് കൊണ്ടുവരേണ്ടത് ഇങ്ങനെത്തന്നെയാണ്. എല്ലാവരെയും ഉദ്ദ്വേഗത്തിന്റെ കൊടുമുടിയേറ്റിയിട്ടുതന്നെ വേണമത്. ഇങ്ങനെയൊക്കെയാണ് ആ കണക്കുകൾ തീർക്കേണ്ടതും. കേരളത്തിന്റെ സന്തോഷ്ട്രോഫി ഹാട്രിക് എന്ന സ്വപ്നം തച്ചുടച്ചതുൾപ്പെടെ മുമ്പ് രണ്ടുതവണയും ടൈബ്രേക്കറിലാണ് ബംഗാൾ കേരളത്തിന്റെ ഹൃദയം തകർത്തത്. സ്വന്തം മണ്ണിൽ ജയിച്ച് 33‐ാം കിരീടനേട്ടം ആഘോഷിക്കാനെത്തിയ അതേ ബംഗാളിനെയാണ് അവരുടെ തട്ടകത്തിൽ മടക്കിയത്. അവരുടെ തട്ടകത്തിൽ ഒരിക്കലും ഫൈനൽ നഷ്ടമായിട്ടില്ലെന്ന കളിക്കണക്ക് ബംഗാളിന് ഇനിയില്ല. കീഴടങ്ങാതെ പൊരുതിയിരുന്നു ബംഗാൾ. കേരളത്തിന്റെ നിശ്ചയദാർഢ്യത്തെ ഒരുപരിധിവരെ വെല്ലുവിളിക്കുകയും ചെയ്തു. പക്ഷേ, അവസാനം അടിപതറി. ആദ്യപകുതിയിലെ കേരളത്തിന്റെ ലീഡിന് രണ്ടാം പകുതിയിൽ ബംഗാളിന്റെ മറുപടി. അധികസമയത്ത് കേരളം വിബിൻ തോമസിലൂടെയെങ്കിൽ സമയം അവസാനിക്കുംമുമ്പ് ബംഗാൾ തീർഥങ്കർ സർക്കാരിലൂടെ ഗോൾ നേടി. പെനൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനു പിഴച്ചു. വലതുവശത്തേക്കു ചാടി ബംഗാളിനെ പിടിക്കാനുള്ള പരിശീലകൻ സതീവൻ ബാലന്റെ നിർദേശം നടപ്പാക്കിയ ഗോളി മിഥുനും കേരളത്തിലെ കാൽപ്പന്തുകളിയും ജയിച്ചു ● Read on deshabhimani.com

Related News