മന്ത്രിയുടെ രാജി ഉചിതമായ തീരുമാനം



ഇന്ത്യയെ ഒരു പരമാധികാര മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായി വിഭാവന ചെയ്യുന്നതാണ്‌ നമ്മുടെ ഭരണഘടന. രാജ്യത്തെ നിയമവാഴ്‌ചയുടെ അടിസ്ഥാനമായി പ്രവർത്തിക്കേണ്ടത്‌ ഭരണഘടനയാണ്‌. നിയമത്തിനു മുന്നിൽ എല്ലാ പൗരരും തുല്യരും എല്ലാവർക്കും തുല്യമായ നിയമപരിരക്ഷയും എന്ന തത്വമാണ്‌ നിയമവാഴ്‌ചയുടെ ആശയാടിത്തറ. എന്നാൽ, ഏതാനും വർഷമായി കേന്ദ്ര ഭരണകക്ഷിയുടെ ഉന്നതരുടെ നേതൃത്വത്തിൽത്തന്നെ ഭരണഘടനയുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്‌. ‘ഭൂരിപക്ഷാധിപത്യ’മാണ്‌ ജനാധിപത്യം എന്ന വികലധാരണ സൃഷ്‌ടിച്ച്‌ വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കുന്ന സംഘപരിവാറിന്റെ തേർവാഴ്‌ചയിൽ എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്‌. ഈ സാഹചര്യത്തിലാണ്‌ മന്ത്രി സജി ചെറിയാൻ ഞായറാഴ്‌ച ഓൺലൈനായി നടത്തിയ  പ്രസംഗത്തിൽ ദുർവ്യാഖ്യാനത്തിനും തെറ്റിദ്ധാരണയ്‌ക്കും ഇടയാക്കുന്ന പരാമർശങ്ങൾ കടന്നുവന്നത്‌. പ്രസംഗം വിവാദമായതിനെത്തുടർന്ന്‌ അദ്ദേഹം സംസ്ഥാന മന്ത്രിസഭയിൽനിന്ന്‌ രാജിവച്ചിരിക്കുകയാണ്‌. ഉചിതമായ തീരുമാനമാണ്‌ അത്‌. സ്വാതന്ത്ര്യസമരത്തിലോ തുടർന്ന്‌ മതനിരപേക്ഷ ഇന്ത്യയുടെ നിർമാണത്തിലോ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ആർഎസ്‌എസും അതിന്റെ കീഴിലുള്ള പാർടിയും എക്കാലവും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാനും ഭരണഘടനയെ കഴമ്പില്ലാത്ത കടലാസുകെട്ടാക്കാനുമാണ്‌ ശ്രമിച്ചിട്ടുള്ളത്‌. പൗരന്മാരെയും സംസ്ഥാനങ്ങളെയും മതത്തിന്റെയും മറ്റ്‌ സങ്കുചിത വികാരങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടു തട്ടായി തിരിച്ച്‌ ഇന്ത്യയുടെ ഐക്യം തകർക്കാനാണ്‌ ശ്രമം. വർഗീയതാൽപ്പര്യമുള്ള പൗരത്വ നിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കർഷകരെയും തൊഴിലാളികളെയും കോർപറേറ്റുകളുടെ കൊള്ളയ്‌ക്ക്‌ എറിഞ്ഞുകൊടുക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതുമെല്ലാം ഭരണഘടനയുടെ സത്തയ്‌ക്ക്‌ എതിരാണ്‌. സംഘപരിവാറിന്റെ വർഗീയ അതിക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിർബാധം തുടരുമ്പോൾ അതിന്‌ ഇരയാകുന്നവർക്ക്‌ സുപ്രീംകോടതിയിൽനിന്നുപോലും നീതി ലഭിക്കാത്ത സ്ഥിതിയുണ്ട്‌. സംഘപരിവാറിനെയോ കേന്ദ്ര സർക്കാരിനെയോ വിമർശിക്കുന്ന വയോധികരെപ്പോലും കള്ളക്കേസുകളിൽ ജയിലിലടയ്ക്കുന്നു. ബാബ്‌റി മസ്‌ജിദ്‌ കേസുമുതൽ ഗുജറാത്ത്‌ വംശഹത്യ കേസിലെ ഒടുവിലെ വിധിവരെ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷതയ്‌ക്കും തുല്യനീതിക്കും നിരക്കുന്നതാണോ എന്ന്‌ പരിശോധിക്കേണ്ടതാണ്‌. മതനിരപേക്ഷ ഇന്ത്യയെ മതരാഷ്‌ട്രമാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ താളത്തിന്‌ തുള്ളുന്ന കോൺഗ്രസ്‌, സജി ചെറിയാന്റെ പ്രസംഗത്തിന്റെ പേരിൽ വലിയ ഭരണഘടനാ സംരക്ഷകരായി രംഗത്തുവന്നിരിക്കുകയാണ്‌. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്‌കറുടെയും പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന കോൺഗ്രസാണ്‌ അംബേദ്‌കർ പറഞ്ഞതിന്‌ വിരുദ്ധമായി ഭരണഘടനയിലെ അനുച്ഛേദം 356 സംസ്ഥാന സർക്കാരുകളെ അന്യായമായി പിരിച്ചുവിടാൻ നിരന്തരം ഉപയോഗിച്ചത്‌ എന്നത്‌ ഓർക്കേണ്ടതാണ്‌. ഈ അനുച്ഛേദം പ്രയോഗിക്കപ്പെടില്ല എന്നായിരുന്നു അംബേദ്‌കർ പറഞ്ഞത്‌. എന്നാൽ, ഭരണഘടന നിലവിൽ വന്ന്‌ ഒരു വർഷമായപ്പോൾത്തന്നെ 1951ൽ പഞ്ചാബ്‌ സർക്കാരിനെ പിരിച്ചുവിടാൻ 356–-ാം അനുച്ഛേദം ദുരുപയോഗിച്ച കോൺഗ്രസ്‌ തൊണ്ണൂറുകൾവരെ പലയിടത്തും ഈ വകുപ്പ്‌ ദുരുപയോഗിച്ചു. 1959ൽ ഇ എം എസ്‌ സർക്കാരിനെ കൂറുമാറ്റത്തിലൂടെയും മറ്റും വീഴ്‌ത്താൻ സാധിക്കാതെ വന്നപ്പോൾ ഇതിന്റെ ദുരുപയോഗം കേരളവും കണ്ടു. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശംപോലും എടുത്തുകളഞ്ഞ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും കോൺഗ്രസ്‌ ഭരണത്തിലാണ്‌.  1994ൽ എസ്‌ ആർ ബൊമ്മെ കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന്‌ തടസ്സങ്ങൾ ഉണ്ടായെങ്കിലും ഇതുവരെ 118 തവണ 356–-ാം അനുച്ഛേദം ആയുധമാക്കി സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടിട്ടുണ്ട്‌. ഇത്തരത്തിൽ അംബേദ്കറോടുള്ള അനാദരവ് കോൺഗ്രസ് തുടങ്ങിവച്ചത്‌ ബിജെപിയും തുടരുന്നു. അംബേദ്‌കറുടെ ചെറുമകളുടെ ഭർത്താവായ ഡോ. ആനന്ദ്‌ തെൽത്തുംഡെയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചവരാണ്‌ ഇപ്പോൾ രാജ്യം ഭരിക്കുന്നത്‌. ഡൽഹി ലഫ്‌റ്റനന്റ്‌ ഗവർണറുടെ അധികാരപരിധിയെപ്പറ്റി സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ മറികടക്കാൻ ഭരണഘടന ഭേദഗതി ചെയ്തതും ഇവർ തന്നെ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 എടുത്തുനീക്കിയതും ബിജെപി സർക്കാർ. അതിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ മുൻനിരയിൽ സിപിഐ എമ്മും ഇടതുപക്ഷവുമാണ്‌. മതത്തിന്റെ പേരിൽ പൗരത്വം നിശ്‌ചയിക്കുന്ന കേന്ദ്രനയത്തിനെതിരെ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധം ഉയർത്തിയതും കേരളമാണ്‌ . കോൺഗ്രസിന്റെ ചില നേതാക്കൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തിൽനിന്ന് ഭരണഘടനാ മൂല്യങ്ങളും ചരിത്രസംഭവങ്ങളും നീക്കംചെയ്യാൻ സംഘപരിവാർ തീവ്രശ്രമത്തിലാണ്‌. ഇതിനെതിരെയും ശക്തമായ നിലപാടെടുക്കുന്നത്‌ ഇടതുപക്ഷമാണ്‌. ഭരണഘടനയുടെ നിർദേശകതത്വങ്ങൾ യാഥാർഥ്യമാക്കാൻ കോൺഗ്രസ്‌ പുരോഗമനപരമായ നിയമനിർമാണങ്ങൾ നടപ്പാക്കിയപ്പോൾ ഇടതുപക്ഷം പിന്തുണ നൽകിയിട്ടുമുണ്ട്.  ഇതിൽനിന്നെല്ലാം ഭരണഘടനയോടുള്ള സിപിഐ എം നിലപാട്‌ വ്യക്തമാണ്‌.  തെറ്റ്‌ സംഭവിച്ചെന്ന്‌ ബോധ്യപ്പെട്ടാൽ തിരുത്താനും ഇടതുപക്ഷത്തിനു മടിയില്ല. എന്നാൽ മുൻകാല ചെയ്‌തികളെ സ്വയംവിമർശപരമായി പരിശോധിച്ച്‌ പറ്റിയ തെറ്റുകൾ ഏറ്റുപറയാൻ കോൺഗ്രസ്‌  തയ്യാറായിട്ടില്ല.  നിർദേശകതത്വങ്ങൾക്ക്‌ വിരുദ്ധമായ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്‌ വർധിച്ചുവരുന്നതാണ്‌ സജി ചെറിയാന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്‌. എന്നാൽ, ഭരണഘടനയ്‌ക്ക്‌ എതിരാണ്‌ ഇടതുപക്ഷ നിലപാടെന്ന ദുർവ്യാഖ്യാനത്തിന് ഇടയാക്കുന്നതായി പ്രസംഗം. ഇത്‌ തിരിച്ചറിഞ്ഞാണ്‌ അദ്ദേഹം രാജിവച്ചിരിക്കുന്നത്‌.   Read on deshabhimani.com

Related News