ഉണങ്ങാത്ത യുദ്ധമുറിവുകൾ



ഉക്രയ്‌ൻ യുദ്ധം തുടങ്ങിയിട്ട്‌ ഒരു വർഷം പൂർത്തിയാകുന്നു. എന്നിട്ടും അതെന്ന്‌ അവസാനിക്കുമെന്നോ സമാധാനം എപ്പോൾ കൈവരിക്കാനാകുമെന്നോ പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്‌ എന്നതാണ്‌ ഏറെ ഖേദകരം. ഉക്രയ്‌നിലെ ഡോൺബാസ്‌ മേഖലയിലെ റഷ്യൻ വംശജർക്കെതിരെ ഉക്രയ്‌ൻസേന നടത്തിയ നിരന്തര ആക്രമണവും നാറ്റോ റഷ്യൻ അതിർത്തിയിലേക്ക്‌ വ്യാപിപ്പിക്കാൻ അമേരിക്ക നടത്തിയ നീക്കവുമാണ്‌ ഉക്രയ്‌നെതിരെ ആക്രമണം ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നാണ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിന്റെ വാദം. തീർത്തും പ്രാദേശികമായിരുന്ന സംഘർഷത്തെ ആഗോളപ്രശ്‌നമാക്കി വളർത്തിയത്‌ അമേരിക്കയും അവരുടെ നേതൃത്വത്തിലുള്ള നാറ്റോയും ആണെന്നാണ്‌ പുടിന്റെ അഭിപ്രായം. യുദ്ധം തുടങ്ങിയത്‌ റഷ്യ ആണെങ്കിലും അതിന്‌ അന്ത്യമിടാതെ ദീർഘിപ്പിക്കുന്നത്‌ അമേരിക്കയും പാശ്ചാത്യശക്തികളുമാണെന്ന്‌ നിസ്സംശയം പറയാം. സമാധാനത്തിന്‌ ശ്രമിക്കാതെ റഷ്യയെയും അവരുമായി സൗഹൃദത്തിലുള്ള ചൈനയെയും തകർക്കാനുള്ള അവസരമായാണ്‌ ഈ യുദ്ധത്തെ അമേരിക്കയും പാശ്‌ചാത്യരാഷ്ട്രങ്ങളും ഉപയോഗിക്കുന്നത്‌. അതോടൊപ്പം ഗൂഢമായ സാമ്പത്തിക താൽപ്പര്യങ്ങളും ഇവർക്കുണ്ട്‌. യുദ്ധം തുടരുന്നത്‌ ആയുധക്കച്ചവടത്തെ സഹായിക്കുമല്ലോ. അമേരിക്കയും സഖ്യശക്തികളും നൂറിലധികം ടാങ്കുകൾ നൽകാമെന്ന്‌ ഉക്രയ്‌ന്‌ വാഗ്‌ദാനം നൽകിക്കഴിഞ്ഞു. യുദ്ധവിമാനങ്ങൾ നൽകുമെന്നാണ്‌ ഇറ്റലിയുടെ തീവ്രവലതുപക്ഷക്കാരിയായ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വാഗ്‌ദാനം. നേരത്തേ റഷ്യ കീഴ്‌പ്പെടുത്തിയ ക്രിമിയ തിരിച്ചുപിടിക്കാനാണ്‌ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉക്രയ്‌ന്‌ നൽകുന്നതെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യുദ്ധം കൂടുതൽ ശക്തവും വിപുലവുമാക്കാനാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌. ഇതിനകം 15,000 കോടി ഡോളറാണ്‌ അമേരിക്കയും സഖ്യശക്തികളും ഉക്രയ്‌ന്‌ സംഭാവനയായി നൽകിയിട്ടുള്ളത്‌. അതിൽ പകുതിയും ആയുധങ്ങൾ വാങ്ങാനാണെന്നതാണ്‌ ശ്രദ്ധേയം.  ആയുധക്കച്ചവടം മാത്രമല്ല, മറ്റുചില സാമ്പത്തിക താൽപ്പര്യങ്ങളും യുദ്ധം തുടരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്‌. അതിൽ പ്രധാനം റഷ്യയിൽനിന്ന്‌ എണ്ണയും വാതകവും വാങ്ങുന്നത്‌ നിരുത്സാഹപ്പെടുത്തി അമേരിക്കയ്‌ക്ക്‌ യൂറോപ്പിലും മറ്റും പുതിയ ഇന്ധനക്കമ്പോളം കണ്ടെത്തുക എന്നതാണ്‌. റഷ്യയിൽനിന്ന്‌ നേരിട്ട്‌ ജർമനിയിലേക്കുള്ള നോർദ്‌സ്‌ട്രീം ഒന്ന്‌ പൈപ്പ്‌ലൈൻ വഴിയാണ്‌ യൂറോപ്പിലേക്ക്‌ പ്രത്യേകിച്ചും ജർമനിയിലേക്ക്‌ റഷ്യൻഇന്ധനം എത്തുന്നത്‌. ഇത്‌ തടഞ്ഞാൽ കൂടുതൽ വിലയ്‌ക്ക്‌ അമേരിക്കയിൽനിന്ന്‌ എൽഎൻജിയും എണ്ണയും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ വാങ്ങേണ്ടിവരും. ഇതിന്‌ കളമൊരുക്കാൻ അമേരിക്കയും നോർവെയും ചേർന്ന്‌ നോർദ്‌ സ്‌ട്രീം പൈപ്പ്‌‌ലൈനിനടുത്ത്‌ സ്‌ഫോടനം നടത്തി നാലിടത്ത്‌ ചോർച്ചയുണ്ടാക്കിയതായി ലോകപ്രശസ്‌ത മാധ്യമപ്രവർത്തകൻ സെയ്‌മൂർ ഹെർഷ്‌ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. ഇതോടെ അമേരിക്കയിൽനിന്ന്‌ എൽഎൻജിയും നോർവെയിൽനിന്ന്‌ ഗ്യാസും വൻ തോതിൽ യൂറോപ്യൻ കമ്പോളത്തിലേക്ക്‌ ഒഴുകാൻ തുടങ്ങിയത്രെ. റഷ്യ നൽകുന്നതിനേക്കാൾ അഞ്ചിരട്ടി വിലയ്‌ക്കാണ്‌ ഈ വിൽപ്പന. ഉക്രയ്‌നെ ആയുധമണിയിച്ച്‌ യുദ്ധം രൂക്ഷമാക്കുന്നതിനു പിന്നിലുള്ള അമേരിക്കൻ താൽപ്പര്യം ഇതിൽനിന്ന്‌ വ്യക്തമാകും. ഉക്രയ്‌ൻ യുദ്ധം നൽകുന്ന മറ്റൊരു പാഠം അമേരിക്കൻ ഉപരോധ നയതന്ത്രം പണ്ടേപോലെ ഫലിക്കുന്നില്ല എന്നതാണ്‌. യുദ്ധാരംഭത്തോടെതന്നെ റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയെങ്കിലും അത്‌ മാനിക്കാൻ ലോകത്തിലെ ഭൂരിപക്ഷം രാഷ്ട്രങ്ങളും തയ്യാറായില്ല. ചൈനയും ഇന്ത്യയും റഷ്യയിൽനിന്ന്‌ ഇന്ധനം വാങ്ങുന്നത്‌ നിർബാധം തുടരുകയാണ്‌. ഉപരോധത്തിന്റെ പശ്‌ചാത്തലത്തിൽ ചുരുങ്ങിയ വിലയ്‌ക്ക്‌ ഇന്ധനം നൽകാൻ റഷ്യ തയ്യാറാകുന്നുമുണ്ട്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളും ഉപരോധത്തെ കാര്യമായി ഗൗനിച്ചിട്ടില്ല. ഉപരോധം റഷ്യയേക്കാൾ യൂറോപ്യൻ യൂണിയനെയാണ്‌ സാരമായി ബാധിച്ചിട്ടുള്ളതെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഐഎംഎഫ്‌ നൽകുന്ന കണക്കനുസരിച്ച്‌ 2024 സാമ്പത്തികവർഷം റഷ്യ 2.4 ശതമാനം വളർച്ച നേടുമെങ്കിൽ അമേരിക്ക ഒരു ശതമാനവും യൂറോപ്യൻ യൂണിയൻ 1.6 ശതമാനവും സാമ്പത്തികവളർച്ച നേടുമെന്നാണ്‌ പ്രവചനം. അമേരിക്കൻ ഉപരോധ വാളിന്‌ പണ്ടേപോലെ മൂർച്ചയില്ലെന്ന്‌ സാരം.ലോകസമ്പദ്‌വ്യവസ്ഥ കോവിഡാനന്തരം സാധാരണ ഗതിയിലേക്ക്‌ മാറുന്നതിന്‌ തടസ്സം ഉക്രയ്‌ൻ യുദ്ധമാണ്‌. ലോകം മുഴുവൻ പണപ്പെരുപ്പത്തിൽ ഞെരുങ്ങുകയാണ്‌. ഇനിയെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കാനാണ്‌ വൻശക്തികൾ ശ്രമിക്കേണ്ടത്‌. എന്നാൽ, കഴിഞ്ഞ ദിവസം കീവ്‌ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞത്‌ കഠോരദിനങ്ങളാണ്‌ വരാൻ പോകുന്നതെന്നാണ്‌. റഷ്യയാകട്ടെ അമേരിക്കയുമായുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ സന്ധിയിൽനിന്ന്‌ പുറത്തുകടക്കുകയാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതെല്ലാം വിരൽ ചൂണ്ടുന്നത്‌ ഉക്രയ്‌ൻ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നാണ്‌.   Read on deshabhimani.com

Related News