കുറ്റവാളികള്‍ മാളത്തിന് പുറത്തുവരട്ടെ



പൌരാവകാശം ചവിട്ടിയരച്ച് രാഷ്ട്രീയശത്രുക്കളെ വേട്ടയാടുന്ന പതിവ് ഫാസിസ്റ്റ് ഭരണത്തിന്റെ പ്രത്യേകതയാണ്. ഒരുപക്ഷേ, ലക്ഷണമൊത്ത ഫാസിസ്റ്റ് ഭരണത്തിന്‍കീഴില്‍പ്പോലും നടത്താന്‍ മടിക്കുന്ന വേട്ട നമ്മുടെ ഈ കേരളത്തില്‍, കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ സമ്പ്രദായത്തിന്റെ തണലില്‍ നടന്നു; നടക്കുന്നു എന്നത് നമ്മെ വീണ്ടും വീണ്ടും ആശങ്കപ്പെടുത്തേണ്ട വസ്തുതയാണ്.  ഒരു പതിറ്റാണ്ടുമുമ്പ് 2006 ഒക്ടോബര്‍ 22നാണ്  തലശേരി സെയ്താര്‍ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദ്ദീന്‍ തൊട്ടുപിന്നാലെ വെളിപ്പെടുത്തി. കൊലപാതക ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ ആര്‍ഡിഒ വിളിച്ച സമാധാനയോഗത്തില്‍  പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. അന്നൊന്നും സിപിഐ എം പ്രതിസ്ഥാനത്തില്ല. ഒരന്വേഷണത്തിലും സിപിഐ എമ്മുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്തിയില്ല. കാലക്രമത്തില്‍, തെളിവു ലഭിക്കാത്ത കേസ് സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാനുള്ള കുടിലബുദ്ധി പ്രവര്‍ത്തിക്കുകയും അതിനനുരോധമായ കഥകള്‍ മെനയുകയും സിബിഐയെക്കൊണ്ട് സിപിഐ എമ്മിന്റെ രണ്ട് പ്രധാന നേതാക്കള്‍ക്ക് കൊലയാളിമുദ്ര ചാര്‍ത്തിക്കുകയും ചെയ്ത അമ്പരപ്പിക്കുന്ന നാടകപരമ്പരയാണ് അരങ്ങേറിയത്. കൊന്നത് സിപിഐ എം അല്ലെന്ന് വിളിച്ചുപറഞ്ഞ ഫസലിന്റെ സഹോദരനെതിരെപ്പോലും ആക്രോശമുയര്‍ത്തി. കാരായിമാര്‍ എന്ന വിശേഷണം നല്‍കി രാജന്‍, ചന്ദ്രശേഖരന്‍ എന്നീ നേതാക്കളെ ക്രിമിനലിസത്തിന്റെ പര്യായത്തോട് സമംചേര്‍ത്തു. നീതിരഹിതമായ ഈ വേട്ടയ്ക്കുമുന്നില്‍, ന്യായീകരണങ്ങളും യുക്തിഭദ്രമായ മറുചോദ്യങ്ങളും മുഖവിലയ്ക്കെടുക്കാന്‍പോലും മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ തയ്യാറായില്ല.   മോഡി പ്രഭാവത്തില്‍ സംഘപരിവാറിലേക്ക് ആള്‍ക്കൂട്ടം ഒഴുകുന്നു എന്ന മേനിപറച്ചിലിന് നേര്‍വിപരീതമാണ് കണ്ണൂരില്‍ സംഭവിച്ചത്. സംഘത്തിന്റെ പ്രധാന കാര്യകര്‍ത്താക്കളായിരുന്നവരുള്‍പ്പെടെ സിപിഐ എമ്മിലേക്കാണ് ഒഴുകിയത്. അങ്ങനെ എത്തിയവര്‍ തുറന്നുപറഞ്ഞു- ഫസലിനെ കൊന്നത് ആര്‍എസ്എസാണ്; അതില്‍ ഇന്നയിന്ന സ്വയംസേവകരാണ് പങ്കെടുത്തത്; ഇരിങ്ങാലക്കുട സ്വദേശിയായ പ്രചാരകനാണ് നേതൃത്വം നല്‍കിയത്. അത് വ്യക്തമാക്കി തെളിവുകള്‍ സിബിഐ സംഘത്തിന് കൈമാറി. ഒന്നും പരിഗണിക്കപ്പെട്ടില്ല. ഒരു കേസിലും ഉണ്ടാകത്തവിധം കാരായി രാജനെയും ചന്ദ്രശേഖരനെയും നാടുകടത്തി. ജനങ്ങള്‍ വന്‍ തെരഞ്ഞെടുപ്പു വിജയം നല്‍കിയിട്ടുപോലും സ്വന്തം നാട്ടില്‍ കാലുകുത്താന്‍ വിലക്കപ്പെട്ടവരായി അവരെ അകറ്റി നിര്‍ത്തി. ഇപ്പോള്‍ കൊലയാളി സംഘത്തിലെ ഒരാള്‍തന്നെ പറഞ്ഞിരിക്കുന്നു- കൊന്നത് തങ്ങളാണെന്ന്. മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് ക്രിമിനല്‍ എമ്പ്രാന്റവിട ഹൌസില്‍ സുബീഷ്, സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ മോഹനനെ കൊന്ന കേസില്‍ അറസ്റ്റിലായപ്പോഴാണ് ചോദ്യംചെയ്യലിനിടെ കുറ്റസമ്മതം നടത്തിയത്. ഫസലിനു പുറമെ സിപിഐ എം പ്രവര്‍ത്തകരായ കണ്ണവം തൊടീക്കളത്തെ ജി പവിത്രന്‍, കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥ വിവരങ്ങളും സുബീഷ് വെളിപ്പെടുത്തിയിരിക്കുന്നു. ആര്‍എസ്എസാണ് കൊലപാതകം നടത്തിയതെന്ന ആദ്യഘട്ടത്തിലെ സംശയമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റസമ്മതം സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ വളരെ വ്യക്തമാണ്. എന്‍ഡിഎഫും ആര്‍എസ്എസുമായി സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ആര്‍എസ്എസ് കെട്ടിയ കൊടിതോരണങ്ങള്‍ എന്‍ഡിഎഫ് നശിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. എന്‍ഡിഎഫുകാര്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ മര്‍ദിക്കുകയും ആര്‍എസ്എസ് കാര്യാലയം ആക്രമിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റസമ്മത മൊഴി.  ഇനി പ്രവര്‍ത്തിക്കേണ്ടത് സിബിഐയാണ്. കേസിന്റെ ഗതി നിര്‍ണയിക്കുന്ന തെളിവാണ് പുറത്തുവന്നത്. കുറ്റസമ്മതം സംബന്ധിച്ച റിപ്പോര്‍ട്ടും വീഡിയോ പകര്‍പ്പും പരിശോധിച്ച് യുക്തമായ അന്വേഷണം നടത്തുകയും ഒരു നിമിഷം പാഴാക്കാതെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുകയും വേണം. ആര്‍എസ്എസാണ് കൊല നടത്തിയതെന്ന് തെളിയുമ്പോള്‍ കാരായി രാജനും ചന്ദ്രശേഖരനും അവരുടെ പ്രസ്ഥാനവും നാലുവര്‍ഷത്തിലേറെ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആര് മറുപടി പറയും എന്ന ചോദ്യം ന്യായമായി ഉയരുന്നുണ്ട്. ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിച്ചെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങാനനുവദിക്കാതെ പ്രതികാരബുദ്ധിയോടെ പീഡിപ്പിച്ചതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുക്കപ്പെട്ടിട്ടും കൃത്യനിര്‍വഹണത്തിനുപോലും അനുമതിനല്‍കാതെ കൊലയാളിപ്പട്ടം നല്‍കി അപമാനിച്ചതിനും കണക്കുപറയേണ്ടതുണ്ട്. അത്തരം ഹീനകൃത്യങ്ങളുടെ കണക്കെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിനെ നയിച്ചവരുടെയും എന്‍ഡിഎഫിന്റെയും ആര്‍എസ്എസിന്റെയും മാത്രമല്ല, അവര്‍ പടച്ചുവിട്ട വ്യാജ കഥകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ ചില മാധ്യമങ്ങളുടെയും മുഖം കാണാം. കൊലയാളി സംഘാംഗത്തിന്റെ വെളിപ്പെടുത്തല്‍ അവരില്‍ ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചാല്‍ അത്രയും നല്ലത്. മാര്‍ക്സിസ്റ്റുകാരായാല്‍ എങ്ങനെയും വേട്ടയാടപ്പെടാം എന്ന ചിന്ത അവര്‍ ഉപേക്ഷിക്കണം. ഒപ്പം യഥാര്‍ഥ കൊലയാളിയായ ആര്‍എസ്എസ് ഈ കേസില്‍ നടത്തിയ കുപ്രചാരണം പുനര്‍ വായിക്കപ്പെടണം. കുറ്റവാളികളെ ഇനിയും മാളത്തില്‍ തുടരാന്‍ അനുവദിക്കരുത് Read on deshabhimani.com

Related News