റാഫേൽ: മോഡിയുടെ ബൊഫോഴ്‌സ്



അടുത്ത വർഷം നടക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അഴിമതി പ്രധാന വിഷയമായി മാറുമോ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നൽകുന്ന സൂചന അതാണ്. സഭയിൽ പ്രതിപക്ഷം മോഡി സർക്കാരിന്റെ അഴിമതിക്കെതിരെ പ്രത്യേകിച്ചും റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിക്കെതിരെ ശബ്ദിക്കുകയുണ്ടായി. മോഡി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന  അവിശ്വാസപ്രമേയ ചർച്ചയിലാണ് അഴിമതികളിലേക്ക് പല നേതാക്കളും വിരൽചൂണ്ടിയത്.  ഇതിന് മോഡിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും നൽകിയ മറുപടിയും സർക്കാരിനെ വെട്ടിലാക്കി. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതകൾക്ക് നിരക്കാത്ത മറുപടിയാണ് നൽകിയതെന്നാരോപിച്ച് മോഡിക്കും നിർമല സീതാരാമനുമെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷം. അവിശ്വാസപ്രമേയ വേളയിലും തടർന്നും റാഫേൽ ഇടപാടുമായി പ്രധാനമായും രണ്ട് വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒന്നാമതായി യുപിഎ സർക്കാരിന്റെ കാലത്ത് ഫ്രാൻസിലെ ദസ്സോൾട്ട് കമ്പനിയുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കി ഇരട്ടിവിലയ‌്ക്ക് അതേ വിമാനം വാങ്ങുന്ന കരാർ ഉണ്ടാക്കിയത് എന്തിനാണ്? ഖത്തറിനും ഈജിപ്തിനും 1319 കോടി രൂപയ‌്ക്ക് നൽകിയ വിമാനമൊന്നിന് ഇന്ത്യ നൽകുന്നത് 1670 കോടി രൂപയാണ്. വിമാനമൊന്നിന് 351 കോടി രൂപ അധികം. 36 വിമാനത്തിന് ഇന്ത്യ അധികമായി നൽകുന്നത് 12,630 കോടി രൂപ. ഇത് അഴിമതിയല്ലാതെ മറ്റെന്താണ്? രണ്ടാമതായി വിമാന നിർമാണത്തിൽ വർഷങ്ങളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക‌് ലിമിറ്റഡിനു (എച്ച്എഎൽ) പകരം അനിൽ അംബാനിയുടെ കമ്പനിയെ കരാറിൽ ഇന്ത്യൻ പങ്കാളിയാക്കിയത് എന്തിനാണ്? പ്രതിരോധനിർമാണമേഖലയിൽ ഒരു പരിചയവുമില്ലാത്ത പാരീസിൽ കരാർ ഒപ്പുവയ‌്ക്കുന്നതിന് 10 ദിവസംമുമ്പുമാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ കമ്പനിയെ പങ്കാളിയാക്കിയത് എന്തിനാണ്? തീർത്തും ന്യായമായ സംശയങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ, ഈ സംശയങ്ങൾ ദൂരീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.  എൻഡിഎ സർക്കാരും ഫ്രഞ്ച് കമ്പനിയും തമ്മിലുള്ള കരാർ അതീവ രഹസ്യമാക്കിവച്ചിരിക്കുകയാണ് മോഡി സർക്കാർ. 2008ൽ യുപിഎ സർക്കാർ കരാർ ഒപ്പിട്ട സമയത്തെ കരാർ വിവരങ്ങൾ രഹസ്യമാക്കിവയ‌്ക്കണമെന്ന വ്യവസ്ഥ അനുസരിച്ചാണ് വില സംബന്ധിച്ച വിവരം പുറത്തുവിടാത്തതെന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട് സംസാരിച്ച  നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ, യുദ്ധവിമാനത്തിന്റെ പ്രകടനവും ശേഷിയും സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾമാത്രമാണ് രഹസ്യമാക്കിവയ‌്ക്കണമെന്ന വ്യവസ്ഥയിലുള്ളതെന്ന് കരാർ ഒപ്പിട്ട പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയിൽ വ്യക്തമാക്കി. മാത്രമല്ല, റാഫേൽ കരാർ സിഎജി പരിശോധിക്കുന്ന വിഷയമാണ്. അത് രഹസ്യമല്ലെന്നർഥം. സിഎജി ഇക്കാര്യം പരിഗണിക്കാനാരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംബ്‌റെ തന്നെ പാർലമെന്റിനെ അറിയിക്കുകയും ചെയ്തു. അതായത്, മന്ത്രി നിർമല സീതാരാമൻ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തം. ഇതിനാലാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രി മോഡി 2015ൽ ഫ്രാൻസ് സന്ദർശിച്ചവേളയിലാണ് റാഫേൽ കരാർ പുതുക്കിയത്. മോഡി പാരീസിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശ സെക്രട്ടറി എസ് ജയശങ്കർ പറഞ്ഞത് എച്ച്എഎൽ ആയിരിക്കും ഫ്രഞ്ച് കമ്പനിയുടെ പങ്കാളിയെന്നാണ്. എന്നാൽ, അന്നത്തെ ഫ്രഞ്ച‌് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദുമായി മോഡി കരാർ ഒപ്പിട്ടപ്പോൾ ഇന്ത്യൻ പങ്കാളി അനിൽ അംബാനിയുടെ കമ്പനിയായി. ഇതെങ്ങനെ സംഭവിച്ചുവെന്നതിനും രാജ്യത്തെ ജനങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.  മാത്രമല്ല, വിദേശരാജ്യത്ത് ഒപ്പിട്ട പ്രതിരോധകരാറുകൾ സാധാരണ നാട്ടിലെത്തി സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി പരിശോധിച്ചശേഷംമാത്രമേ പ്രതിരോധമന്ത്രിമാർ പുറത്തറിയിക്കാറുള്ളൂ. എന്നാൽ, അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറെ ഇരുട്ടിൽനിർത്തി മോഡി പാരീസിൽവച്ചുതന്നെ കരാർ പ്രഖ്യാപനം നടത്തുകയും ചെയ്തു.  ഇതെല്ലാം വിരൽചൂണ്ടുന്നത് വൻ അഴിമതിയിലേക്കാണ്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷംനേടി അധികാരത്തിൽ വന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടമായത് ബൊഫോഴ്‌സ് കുംഭകോണത്തെതുടർന്നായിരുന്നു. സമാനമായ അഴിമതിക്കയത്തിലാണ് മോഡി സർക്കാരും വീണിട്ടുള്ളത്. Read on deshabhimani.com

Related News