റാഫേൽ: മോഡി സർക്കാർ പ്രതിക്കൂട്ടിൽ



റാഫേൽ അഴിമതി മോഡി സർക്കാരിനെ വിടാതെ പിന്തുടരുകയാണ്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹയും അരുൺ ഷൂരിയും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷൻ പ്രശാന്ത് ഭൂഷണും ചേർന്ന് ബുധനാഴ്ച വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയ കാര്യങ്ങൾ റാഫേൽ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് നേരിട്ടുള്ള പങ്കിനെയാണ് അനാവരണംചെയ്യുന്നത്.  ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽവന്ന രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടത് ബൊഫോഴ്‌സ് കുംഭകോണത്തെ തുടർന്നായിരുന്നു. എന്നാൽ, റാഫേൽ അഴിമതിയുമായി താരതമ്യംചെയ്യുമ്പോൾ ബൊഫോഴ്‌സ് അഴിമതി ഒന്നുമല്ലെന്നാണ് അരുൺ ഷൂരിയുടെ അഭിപ്രായം. ബൊഫോഴ്‌സ് അഴിമതിയുടെ ഉള്ളുകള്ളി പുറത്തുകൊണ്ടുവരുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച മാധ്യമപ്രവർത്തകൻ കൂടിയായ ബിജെപി നേതാവായിരുന്നു അരുൺ ഷൂരി. റാഫേൽ കരാർ കാര്യത്തിൽ തീരുമാനമെടുത്തത് ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സഹായികളായിപ്പോലും ആരുമില്ലെന്നുമാണ് മുൻ ധനമന്ത്രിയും വിദേശമന്ത്രിയുമായ യശ്വന്ത് സിൻഹയുടെ ആരോപണം. പ്രതിരോധമന്ത്രിയെ പോലും അറിയിക്കാതെ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരംപോലും നേടാതെ ഒരു വ്യക്തിയെന്നനിലയിൽ പ്രധാനമന്ത്രി തനിച്ചാണ് മുൻ കരാർ റദ്ദാക്കി പുതുക്കിയ കരാറിൽ ഒപ്പിട്ടതെന്നും യശ്വന്ത് സിൻഹ ആരോപിക്കുന്നു. കഴിഞ്ഞദിവസം പാർലമെന്റിൽ ഈ വിഷയമുയർത്തിയ പ്രതിപക്ഷവും കരാറിലെ വൻ അഴിമതിയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.  പുതിയ വെളിപ്പെടുത്തലോടെ പാർലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. മോഡി അഴിമതിക്കാരനാണെന്ന സന്ദേശം ഉയർത്തിയാണ് പാർലമെന്റിന്റെ വർഷകാലസമ്മേളനം വെള്ളിയാഴ്ച പിരിയുക. എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തിയാണ് റാഫേൽ കരാർ ഒപ്പിട്ടത്. യുപിഎ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് 126 വിമാനം വാങ്ങാനായിരുന്നു ധാരണ. എന്നാൽ, 36 വിമാനം വാങ്ങാനാണ് മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദുംതമ്മിൽ ഒപ്പിട്ട കരാർ.  വാങ്ങുന്ന വിമാനത്തിന്റെ എണ്ണം കുറയ‌്ക്കാൻ തീരുമാനിച്ചത് ആരാണ്? ഇക്കാര്യം എയർഫോഴ്‌സുമായി ചർച്ചചെയ്തിരുന്നോ? മുൻ കരാറിൽനിന്ന‌് വ്യത്യസ്തമായി ഇന്ത്യക്ക് സാങ്കേതികവിദ്യ കൈമാറ്റവും ഇന്ത്യയിൽവച്ച് വിമാന നിർമാണവും വേണ്ടെന്നുവയ‌്ക്കാൻ കാരണമെന്താണ്? കരാർ മാറ്റത്തിനുമുമ്പ് സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അംഗീകാരം നേടിയിരുന്നോ? പുതിയ കരാറായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് പുതിയ ടെൻഡർ ക്ഷണിക്കാതിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.  എന്നാൽ, റാഫൽ കരാറിലെ ഏറ്റവും പ്രധാന സംശയം വിമാനത്തിന്റെ വിലയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക‌് ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ ഒഴിവാക്കി റിലയൻസ് ഡിഫൻസ് ലിമിറ്റഡിനെ പങ്കാളിയായി ഉൾപ്പെടുത്തിയതുമാണ്. വിമാനത്തിന്റെ വില കരാറനുസരിച്ച് പുറത്തുപറയാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, 2016 നവംബർ 18ന് ലോക‌്സഭയിൽ പ്രതിരോധമന്ത്രാലയം നൽകിയ ഉത്തരത്തിൽ 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വിലയെന്ന് പറയുന്നു.  എന്നാൽ, 2017 ഫെബ്രുവരിയിൽ ഫ്രഞ്ച് കമ്പനിയും റിലയൻസ് ഡിഫൻസും പുറത്തിറക്കിയ വാർത്താകുറിപ്പനുസരിച്ച് 1660 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. അതായത് വിമാനമൊന്നിന് 1000 കോടി രൂപയുടെ വർധന. 36 വിമാനത്തിന് 36000 കോടി രൂപയാണ് അധികം നൽകുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നതിന് മോഡി ഉത്തരം പറഞ്ഞേതീരൂ. ഇതേക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന സിപിഐ എമ്മിന്റെയും മറ്റും ആവശ്യം പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. ഇറാനെതിരെ വീണ്ടും ഉപരോധം  എല്ലാ അന്താരാഷ്ട്രമര്യാദകളെയും ലംഘിച്ച് ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി ലോകവ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇറാനുമായി ലോകശക്തികൾ ഒപ്പിട്ട ആണവകരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി മെയ് എട്ടിന് പിൻവാങ്ങിയതിന്റെ തുടർച്ചയെന്നോണമാണ് ഇറാനെതിരെയുള്ള ഉപരോധം പിൻവലിച്ച നടപടി.   ഇറാനുമായി വ്യാപാര വാണിജ്യ ബന്ധം തുടരുന്നവർ അമേരിക്കയുമായി ബിസിനസ‌് ബന്ധത്തിലേർപ്പെടേണ്ടിവരില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണി. ഐക്യരാഷ്ട്രസംഘടനയുടെകൂടി അംഗീകാരമുള്ള ആണവകരാർ പാലിക്കുന്ന രാഷ്ട്രങ്ങളെയാണ് വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക ശിക്ഷിക്കുന്നത്. അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനംകൂടിയാണ് ഈ തീരുമാനം. അതുകൊണ്ടുതന്നെ ആണവകരാർ സംരക്ഷിക്കുമെന്നും ഇറാനുമായുള്ള വ്യാപാരബന്ധം തുടരുമെന്നും ചൈനയും റഷ്യയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയത് അമേരിക്കൻ നീക്കത്തിന് തിരിച്ചടിയാണ്.  സാമ്പത്തിക ബന്ധത്തെപോലും ആയുധവൽക്കരിക്കുന്ന അമേരിക്കൻ നടപടിയെ എതിർക്കുന്ന ലോകരാഷ്ട്രങ്ങൾ  ബഹുസ്വരതയെയും നയതന്ത്രജ്ഞതയെയുമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, ഇന്ത്യയാകട്ടെ അമേരിക്കൻ തീട്ടൂരത്തിന് വഴങ്ങി എണ്ണ ഇറക്കുമതി കുറയ‌്ക്കാൻ തുടങ്ങിയിരിക്കുന്നു.  അമേരിക്കയോടുള്ള മോഡി സർക്കാരിന്റെ വിധേയത്വത്തെയാണ് ഈ നടപടി തുറന്നുകാട്ടുന്നത്. Read on deshabhimani.com

Related News