ത്രികോണ മത്സരത്തില്‍ പഞ്ചാബ്



ഉത്തര്‍പ്രദേശിനും ഉത്തരാഖണ്ഡിനുമൊപ്പം ഉത്തരേന്ത്യയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഫെബ്രുവരി നാലിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ പ്രചാരണത്തിന് വ്യാഴാഴ്ച തിരശ്ശീല വീണു. അമൃത്സര്‍ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി അകാലിദള്‍- ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ ഇക്കുറി കടുത്ത ത്രികോണമത്സരമാണ് നടന്നത്. ആം ആദ്മി പാര്‍ടിയുടെ രംഗപ്രവേശമാണ് ഇതിന് കാരണം. പ്രചാരണഘോഷം അവസാനിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. പത്തുവര്‍ഷം നീണ്ട അകാലിദള്‍- ബിജെപി സഖ്യത്തിന് വിജയസാധ്യത വിദൂരമാണെന്ന്. മുന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്ന ആം ആദ്മി പാര്‍ടിയും തമ്മിലാണ് അധികാരത്തിനുവേണ്ടിയുള്ള മത്സരം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കണമെന്നുമില്ല. 117 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 59 സീറ്റ് ലഭിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലി- ബിജെപി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പഞ്ചനദികളുടെയും ഹരിതവിപ്ളവത്തിന്റെയും കാര്‍ഷികസമൃദ്ധിയുടെയും നാടായ പഞ്ചാബിന് ആ ഐശ്വര്യത്തിന്റെ മുഖം നഷ്ടപ്പെടുത്തിയ ഭരണമാണ് കഴിഞ്ഞ പത്തുവര്‍ഷത്തേത്. ഇന്ത്യയുടെ ധാന്യക്കലവറയായിരുന്ന പഞ്ചാബ്, അഴിമതിയുടെയും ലഹരിമാഫിയയുടെയും വിഹാരകേന്ദ്രമായി. 'ഉഡ്ത പഞ്ചാബ്' എന്ന സിനിമ വിവാദമുയര്‍ത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു. മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിങ് ബാദലും നയിക്കുന്ന ബിസിനസ് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍മാത്രമാണ് സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്നത്. ബാദല്‍കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് വ്യവസായം മാത്രമാണ് വളര്‍ച്ച നേടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പഞ്ചാബ് റോഡ്വേയ്സിനെ തകര്‍ത്ത് സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തെ വളര്‍ത്തുന്ന നയമാണ് ബാദല്‍സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നയത്തിന്റെ ഫലമായി സ്വകാര്യ ട്രാന്‍സ്പോര്‍ട്ടിന്റെ 60 ശതമാനവും ബാദല്‍കുടുംബത്തിന്റെ നിയന്ത്രണത്തിലായി. ഭരണത്തിന്റെ കടിഞ്ഞാണ്‍ ബാദല്‍കുടുംബത്തിനാണെന്നതും കടുത്ത വിമര്‍ശത്തിന് വഴിവച്ചു. മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലിന്റെ മകന്‍ സുഖ്ബീര്‍സിങ് ബാദല്‍ അകാലിദള്‍ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമാണ്. സുഖ്ബീറിന്റെ ഭാര്യ ഹര്‍സീമ്രത്ത് കൌര്‍ മോഡിമന്ത്രിസഭയില്‍ അകാലിദളിനെ പ്രതിനിധാനം ചെയ്യുന്ന അംഗമാണ്. സുഖ്ബീറിന്റെ അളിയന്മാരായ ബിക്രംസിങ് മജീദിയ റവന്യൂമന്ത്രിയാണെങ്കില്‍ മറ്റൊരാള്‍ അദേഷ് പ്രതാപ്സിങ് ഖൈരോണ്‍ ഭക്ഷ്യ സിവില്‍സപ്ളൈസ് മന്ത്രിയാണ്. എല്ലാ അര്‍ഥത്തിലും ബാദല്‍കുടുംബത്തിന്റെ ഭരണമാണ് പഞ്ചാബില്‍ നടക്കുന്നത്. ഈ കുടുംബാധിപത്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പഞ്ചാബിലെങ്ങും ഉയരുന്നത്. കറന്‍സി പിന്‍വലിക്കല്‍ നടപടിയും ബിജെപി- അകാലിദള്‍ സഖ്യത്തിനെതിരായ വികാരം ശക്തമാക്കി. നല്ല മണ്‍സൂണ്‍ ലഭിച്ചതിനാല്‍ റാബി വിള മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍, നോട്ട് അസാധുവാക്കല്‍ നടപടി കാരണം കൃഷിക്കാര്‍ക്ക് വിളയ്ക്ക് പ്രതീക്ഷിച്ച വില ലഭിച്ചില്ല. റാബി വിളയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതുകൊണ്ടുതന്നെ ഖാരിഫ് വിളയ്ക്ക് നിലമൊരുക്കാനും വിത്തിറക്കാനും കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും പഞ്ചാബിലെ കൃഷിക്കാര്‍ ബിജെപി സഖ്യത്തിനെതിരെ പലയിടത്തും പരസ്യമായി രംഗത്തുവന്നു. നോട്ടുപ്രതിസന്ധി വ്യാപാരികളെയും ദോഷമായി ബാധിച്ചു. കൃഷിക്കാരുടെയും വ്യാപാരികളുടെയും രോഷം വോട്ടാകുന്ന പക്ഷം, ഭരണസഖ്യം മൂന്നാംസ്ഥാനത്തേക്ക് വലിച്ചിറക്കപ്പെടും.   കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സംസ്ഥാനഘടകത്തിലെ ഉള്‍പ്പോരും ലക്ഷ്യബോധം നഷ്ടപ്പെട്ട ദേശീയനേതൃത്വവും അവര്‍ക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ പഞ്ചാബ് വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ജനങ്ങളെ സമീപിച്ചത്. സത്ലജ്- യമുന കനാല്‍ വിഷയത്തില്‍ പഞ്ചാബിന്റെ താല്‍പ്പര്യം ഹനിക്കപ്പെട്ടുവെന്ന് ആരോപിച്ച് അമൃത്സറില്‍നിന്നുള്ള ലോക്സഭാംഗത്വം രാജിവച്ച അമരീന്ദര്‍സിങ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാണ്. ബിജെപി വിട്ട് മുന്‍ ക്രിക്കറ്റ് താരം നവ്ജ്യോത്സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതും മുന്‍ ഭരണകക്ഷിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.    ശ്രദ്ധേയമായ മുന്നേറ്റം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ടി. 2014 ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടും നാല് സീറ്റും നേടിയാണ് ആം ആദ്മി പാര്‍ടി പഞ്ചാബ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. രണ്ട് എംപിമാര്‍ വിമതപക്ഷത്തേക്ക് പോയതുള്‍പ്പെടെയുള്ള പടലപിണക്കങ്ങള്‍ പാര്‍ടിയെ ക്ഷീണിപ്പിച്ചുവെങ്കിലും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ആം ആദ്മി പാര്‍ടി കാഴ്ചവച്ചത്.  കുടുംബരാഷ്ട്രീയവും മയക്കുമരുന്നിന്റെ അതിപ്രസരവും മറ്റുമാണ് ആം ആദ്മി പാര്‍ടി പ്രധാന തെരഞ്ഞെടുപ്പുവിഷയമാക്കിയത്. ഡല്‍ഹിയില്‍ സംഭവിച്ചതുപോലെ എഎപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ വീക്ഷിക്കുന്നത്. അകാലിദള്‍- ബിജെപി സഖ്യമാകട്ടെ പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിടയില്‍ കോണ്‍ഗ്രസിനെപ്പോലും കടത്തിവെട്ടുന്ന അഴിമതിയാണ് നടത്തിയത്. ഇത് സമര്‍ഥമായി മുതലെടുക്കാനുള്ള തീവ്രമായ പ്രചാരണമാണ് ആം ആദ്മി പാര്‍ടി നടത്തിയത്. ഇടതുപക്ഷപാര്‍ടികളും മത്സരരംഗത്തുണ്ട്. സിപിഐ എം, സിപിഐ, റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ എന്നീ പാര്‍ടികളാണ് ധാരണയുടെ അടിസ്ഥാനത്തില്‍ നൂറോളം സീറ്റില്‍ മത്സരിക്കുന്നത്. ഭരണസഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും നയങ്ങളെ തുറന്നുകാണിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം ഉപയോഗിച്ചത്  Read on deshabhimani.com

Related News