കുടുംബാശുപത്രികള്‍ മാതൃകാപരം



കേരളത്തിലെ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച  സമഗ്ര കര്‍മപദ്ധതി നല്ല ഫലങ്ങളുളവാക്കി തുടങ്ങിയിരിക്കുന്നു. ആധുനിക ചികിത്സാസൌകര്യങ്ങള്‍ക്കും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ക്കും കുറവൊന്നുമില്ലെങ്കിലും, സേവനം എല്ലാ ജനങ്ങള്‍ക്കും നീതിപൂര്‍വം ലഭ്യമാകാറില്ല എന്നതുതന്നെയാണ് കേരളത്തിലെ ആരോഗ്യരംഗം എക്കാലത്തും നേരിട്ട വെല്ലുവിളി. പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്തുകമാത്രമാണ് ഇതിനുള്ള പോംവഴി. റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍പോലുള്ള പ്രത്യേക സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജ്, ജില്ല- ജനറല്‍- താലൂക്ക്- മാതൃശിശു ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ ഇങ്ങനെ വിവിധ തട്ടുകളിലായി സുസംഘടിതമാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനം. എന്നാല്‍, ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് ഏതേത് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ യുക്തിസഹമായ സമീപനം മലയാളികളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകാറില്ല. ചെറിയ രോഗങ്ങള്‍ക്കടക്കം സ്പെഷ്യലിസ്റ്റ്, റഫറല്‍ ആശുപത്രികളെ സമീപിക്കുകയും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാവുകയും ചെയ്യുന്നത് കേരളീയരുടെ ശീലമായിരിക്കുന്നു. രോഗികളും ബന്ധപ്പെട്ടവരുമല്ല ഇതിലെ കുറ്റക്കാര്‍. പ്രാദേശികതലത്തില്‍ ആശ്രയിക്കാന്‍ പറ്റിയ ചികിത്സാ പരിശോധന സൌകര്യങ്ങളുടെ അപര്യാപ്തതയാണ് ഈയൊരു അവസ്ഥയ്ക്ക് വഴിവച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേയനുസരിച്ച് കേരളത്തിലെ ഗ്രാമീണമേഖലയില്‍ ഇന്ത്യയിലെ മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ചികിത്സച്ചെലവ് 35 ശതമാനം അധികമാണ്. എന്നാല്‍, ആരോഗ്യ ഇതര കാര്യങ്ങളില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ മറ്റ് ഇന്ത്യന്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണുതാനും. കേരളത്തിലെ നഗരപ്രദേശങ്ങളിലാകട്ടെ ആരോഗ്യത്തിനും ഇതര ആവശ്യങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചുമാത്രമേ ചെലവിടേണ്ടി വരുന്നുള്ളൂ. ഗ്രാമീണമേഖലയില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ചെലവിടേണ്ടി വരുന്നുവെന്ന കണ്ടെത്തല്‍ ഒരു സമഗ്ര പ്രാഥമികാരോഗ്യസംരക്ഷണ പദ്ധതിയുടെ ആവശ്യകതയിലേക്ക്് വിരല്‍ ചൂണ്ടുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തില്‍ അടിസ്ഥാന പൊതുജനാരോഗ്യ സൌകര്യങ്ങളുടെ കാര്യത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ സാധിച്ചത്. പ്രൈമറി, കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡോക്ടര്‍മാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും നിയമനം ഉറപ്പുവരുത്തി. മരുന്നുകളുടെ ലഭ്യതയും മെച്ചപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ഇക്കാര്യങ്ങളിലുണ്ടായ അയവ് കേരളത്തിന്റെ ആരോഗ്യരംഗത്തെ മൊത്തത്തില്‍ പിന്നോട്ടടിപ്പിക്കുന്നതായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മാത്രമല്ല മറ്റ് ആശുപത്രികളെയും ആശ്രയിക്കാനാകാതെ ജനങ്ങള്‍ കുഴങ്ങിയ ഘട്ടത്തിലാണ് എല്‍ഡിഎഫ് ഭരണത്തിലേറിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ പ്രൈമറി, കമ്യൂണിറ്റി ആശുപത്രികളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് അര്‍ഹമായ മുന്‍ഗണന ലഭിച്ചു. ഒപ്പം എല്ലാതലത്തിലുമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും നടപടി തുടങ്ങി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് ഒരു മുഴുവന്‍സമയ ആശുപത്രി എന്ന ലക്ഷ്യം കേരളത്തിന്റെ ആരോഗ്യമേഖലയിലെ സുപ്രധാന കാല്‍വയ്പാണ്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരുടെയെങ്കിലും സേവനം 24 മണിക്കൂറും ലഭിക്കുന്ന കുടുംബാശുപത്രികളാക്കി  നൂറ്റമ്പതിലേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഉയര്‍ത്താനാണ് തീരുമാനം. രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായിവരും. സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടും സാമൂഹ്യപങ്കാളിത്തത്തോടുംകൂടി മുന്നോട്ടുപോകാനാകും. ഇത് പൂര്‍ണതോതിലാകുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അടുത്തേക്കും ജില്ലാ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും രോഗികളുടെ അനാവശ്യ തള്ളിക്കയറ്റം ഒഴിവാക്കാനാകും. എല്ലാ പൌരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ ഇ ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ ആശുപത്രിയിലും എത്തുന്നവരുടെ വിവരങ്ങള്‍ എവിടെനിന്നും പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാകും. ജില്ലാ റഫറല്‍ ആശുപത്രികള്‍ക്ക് പുതിയ അടിസ്ഥാനസൌകര്യ വിപുലീകരണ പദ്ധതികള്‍ ആവിഷ്കരിച്ചും ഒഴിവുകള്‍ നികത്തിയും നല്ലൊരു മുന്നേറ്റത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുകയാണ്. ആശുപത്രികളുടെ അടിസ്ഥാനസൌകര്യ വികസനത്തിന് വിശദമായ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി 40 കോടി രൂപയുടെ അവശ്യമരുന്നുകള്‍ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യഘട്ടത്തില്‍തന്നെ എത്തിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏകീകരണത്തിന് നടപടികള്‍ സ്വീകരിച്ചു. അസിസ്റ്റന്റ് സര്‍ജന്മാരുടെയും  മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഒഴിവുകള്‍ നികത്തി. ശിശുമരണനിരക്കും മാതൃമരണനിരക്കും കുറയ്ക്കാന്‍ പദ്ധതി കാര്യക്ഷമമാക്കി. രോഗപ്രതിരോധ കുത്തിവയ്പുകള്‍ കാര്യക്ഷമമാക്കി. യുഎന്‍ സുസ്ഥിരവികസനപദ്ധതി ലക്ഷ്യങ്ങളില്‍പ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യപരിപാലനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്.  ഇത്തരത്തില്‍ ബഹുമുഖമായ പ്രവര്‍ത്തനപദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഒരു അഴിച്ചുപണിക്കുതന്നെ തുടക്കംകുറിച്ചിരിക്കുന്നു. ഇത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇച്ഛാശക്തിയും ചുമതലബോധവും എല്‍ഡിഎഫ് സര്‍ക്കാരിന് കൈമുതലായുണ്ട്്. അതുവഴി സ്വകാര്യ ചികിത്സാമേഖലയുടെ കഴുത്തറുപ്പന്‍രീതികളില്‍നിന്ന് എല്ലാ ജനങ്ങളെയും രക്ഷിക്കാം. ഒപ്പംപാവങ്ങള്‍ക്ക് സമ്പൂര്‍ണസൌജന്യചികിത്സയും ഉറപ്പാക്കാം Read on deshabhimani.com

Related News