പ്രവാസികൾക്ക്‌ ആശ്വാസമായി എൽഡിഎഫ്‌ സർക്കാർ



പ്രവാസികളെക്കുറിച്ചുള്ള ഉൽക്കണ‌്ഠകളും അവർക്ക‌് നന്മ ചെയ്യുമെന്ന പ്രഖ്യാപനങ്ങളും എല്ലാ കാലത്തെയും കാഴ്ചയും കേൾവിയുമാണ്. വിദേശങ്ങളിൽ ജോലി ചെയ‌്ത‌്  മടങ്ങിവരുന്ന   മഹാഭൂരിപക്ഷം പേരും തുടർന്നുള്ള ജീവിതത്തിന്റെ തുടർപ്പടവുകൾ കയറാൻ പ്രയാസപ്പെടുന്നവരാണ്. ചികിത്സയ‌്ക്ക‌ുപോലും പണമില്ലാതെ വലയുന്ന ആയിരക്കണക്കിന്  പ്രവാസികൾ കേരളത്തിലുണ്ട്.  ഇവർക്കുവേണ്ടിയാണ് സർക്കാർ സാന്ത്വനം പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതിയിൽനിന്ന് ചികിത്സാസഹായത്തിന്  അപേക്ഷ സമർപ്പിച്ച്,  കാത്തിരുന്ന‌് നൈരാശ്യം ബാധിച്ചവരുടെ ദുരിതാനുഭവമാണ് രണ്ടുവർഷം മുമ്പ‌ുവരെ നാം കേട്ടിരുന്നത്. കഷ്ടതയനുഭവിക്കുന്ന പ്രവാസിയാണെങ്കിൽപോലും ചികിത്സാസഹായം നഷ്ടമാകുന്നതിന്റെയും  സർക്കാരിൽ പണമില്ലെന്ന കാരണംപറഞ്ഞ് അപേക്ഷകൾ കെട്ടിക്കിടക്കുന്നതിന്റെയും കാലത്ത‌ുനിന്നുള്ള പരിപൂർണ മാറ്റമാണ് ഇന്ന് കാണാനാകുന്നത്.  പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ആയിരം ദിവസത്തിലേയ‌്ക്കെത്തുമ്പോൾ തെളിയുന്ന ചിത്രം പ്രവാസികൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. പിറന്ന നാടിനും വീടിനുംവേണ്ടി അന്യനാടുകളിൽ കഷ്ടപ്പെടുന്ന മലയാളികളെ ചേർത്തുനിർത്താൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ വിജയത്തിലെത്തുകയാണ്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവർക്ക് താങ്ങേകാൻ നോർക്ക റൂട്ട‌്സ‌് വഴി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ വിശദീകരിക്കുകയുണ്ടായി.    സാമ്പത്തികവും ശാരീരികവുമായ അവശത അനുഭവിക്കുന്നവർക്കുള്ള സഹായ പദ്ധതിയായ ‘സാന്ത്വന'ത്തിൽനിന്ന‌് 2400 പേർക്കാണ് 14.65 കോടിരൂപ സഹായം വിതരണം ചെയ‌്തത‌്. പദ്ധതി വിഹിതത്തിന്റെ   97.67 ശതമാനവും  വിനിയോഗിച്ചു. സാന്ത്വന പദ്ധതിക്കായി പത്ത് കോടിരൂപ അധികമായി  അനുവദിക്കാനും  സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ഈ തുകകൂടി ലഭിച്ചാൽ കൂടുതൽ ഗുണഭോക്താക്കൾക്ക്‌ ധനസഹായം ലഭിക്കും. പ്രവാസജീവിതം മതിയാക്കി എത്തുന്നവർക്കുള്ള  പുനരധിവാസ പദ്ധതി കൂടുതൽ വിപുലമാക്കിയിരിക്കുന്നു.  ഈവർഷം 556 ഗുണഭോക്താക്കൾക്കായി 6 കോടി 18 ലക്ഷംരൂപ വിതരണം ചെയ‌്തു എന്നാണ് ഔദ്യോഗിക കണക്ക്. പദ്ധതിയുമായി സഹകരിക്കാൻ കൂടുതൽ ബാങ്കുകളുമായും പട്ടിക വികസന കോർപറേഷനുമായും കേരള സംസ്ഥാന പ്രവാസിക്ഷേമ വികസന കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണപത്രം ഒപ്പുവച്ചു കഴിഞ്ഞു.  പ്രവാസി കേരളീയ ക്ഷേമ ബോർഡിൽനിന്ന‌് പ്രവാസികൾക്കു നൽകുന്ന പ്രതിമാസ പെൻഷൻ രണ്ടായിരം രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്. ഈ ധനസഹായംകൊണ്ട് എല്ലാ പ്രശ്നവും പരിഹരിക്കപ്പെടില്ല. വിമാനയാത്രാക്കൂലിയിലെ നീതിരഹിതമായ വർധനയും അസ്ഥിരതയും  ഉണ്ടാക്കുന്ന ബുദ്ധിമുട്ട‌് വലുതാണ്.  ഈവിഷയത്തിൽ  നോർക്കാ റൂട്ട്സ് രൂപംനൽകിയ യാത്രായിളവ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്.  ഒമാൻ എയറിന്റെ വിമാനങ്ങളിലാണ് ഈ പദ്ധതി യാഥാർഥ്യമായത്. ഒമാൻ എയറിൽ യാത്രചെയ്യുന്ന നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യാത്രാനിരക്കിൽ ഏഴുശതമാനം ഇളവ് ഇപ്പോൾ ലഭിക്കുന്നു.  എമിറേറ്റ്സ്, കുവൈത്ത‌്, ഖത്തർ എന്നീ എയർലൈൻ കമ്പനികളുമായി  ചർച്ച പുരോഗമിക്കുന്നു എന്ന് മുഖ്യമന്ത്രി  പറഞ്ഞിട്ടുണ്ട്.  ഖത്തർ എയർവേയ്സുമായി ഈമാസംതന്നെ കരാർ ഒപ്പിടാൻ കഴിയുമെന്നത്, ഈ പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ  പതിന്മടങ്ങാക്കുന്നു. വിദേശരാജ്യങ്ങളിലെ നിയമങ്ങളുടെ കുരുക്കിൽപ്പെട്ട‌് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രദ്ധയും ഇടപെടലും അഭിനന്ദനീയമാണ്. യുഎഇയിൽ 2018 ആഗസ‌്ത‌് ഒന്നുമുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ മുന്നൂറിലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അനുഭവമാണ്. സർക്കാർ ഫണ്ട് കണ്ടെത്താൻ പ്രയാസമുള്ളതിനാൽ സ‌്പോൺസർമാരെ കണ്ടെത്തി  ഇവരെ നാട്ടിലെത്തിച്ചതിലൂടെ, പ്രവാസികളോടുള്ള അചഞ്ചലമായ  പ്രതിബദ്ധതയാണ് സർക്കാർ തെളിയിച്ചത‌്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ  ജയിൽ ശിക്ഷ അനുഭവിച്ച്, മോചിതരായവർക്ക് നാട്ടിലെത്താൻ സഹായിക്കുന്ന സ്വപ‌്ന സാഫല്യം പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.  ജയിൽ ശിക്ഷയ‌്ക്കുശേഷം ജന്മനാട്ടിൽ തിരികെയെത്താൻ കഴിയാതെ പ്രതീക്ഷയറ്റവർക്ക്, ഉറ്റവരുടെ അടുത്ത്  മടങ്ങിയെത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി.   ചെറിയ കുറ്റകൃത്യങ്ങളിൽപ്പെട്ട് വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് നിയമസഹായം ലഭ്യമാക്കാനുള്ള ഈ പദ്ധതി ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.  കേരളത്തിന്റെ അതിജീവനത്തിൽ; പുരോഗതിയിൽ അമൂല്യ സംഭാവന നൽകുന്നവരാണ്  പ്രവാസികൾ. അവരുടെ ജീവിതം പ്രയാസരഹിതമാക്കാനുള്ള കർത്തവ്യം ഏറ്റെടുക്കുന്നത്, സർക്കാരിന്റെ സുപ്രധാന കടമയാണ്. അത് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്; അഭിമാനകരമാണ്. എൽഡിഎഫ് സർക്കാർ ആ രംഗത്തുണ്ടാക്കിയ നേട്ടങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ ഊർജസ്വലമായ ഇടപെടൽ തുടരാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. Read on deshabhimani.com

Related News