സാമൂഹ്യനീതി മുറുകെപ്പിടിച്ച്



തൊഴില്‍ നിയമനങ്ങളിലെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമീപകാലത്ത് നടപ്പായ തീരുമാനങ്ങളെ ചരിത്രപരം എന്ന വിശേഷണത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ സ്വാഗതംചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അബ്രാഹ്മണരെ നിയമിക്കാനുള്ള തീരുമാനം രണ്ടാം ക്ഷേത്രപ്രവേശന വിളംബരം എന്ന് വാഴ്ത്തപ്പെട്ടു. ഇതിനുപിന്നാലെയാണ് ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ നിര്‍ധനര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭായോഗം കൈക്കൊണ്ടത്. രാജ്യത്താദ്യമായി മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നുവെന്നുമാത്രമല്ല, നിലവില്‍ സംവരണ ആനുകൂല്യം ലഭിക്കുന്ന സമുദായങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നുമില്ല. കൂടുതല്‍ സംവരണം ലഭിക്കുകയും ചെയ്യുന്നു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം നടപ്പില്‍വരുമ്പോഴാകട്ടെ മുസ്ളിം സമുദായത്തിലെ അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ തൊഴിലവകാശം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നു. വഖഫ് നിയമനങ്ങളില്‍ നടന്നുവരുന്ന ഒട്ടേറെ അനാരോഗ്യപ്രവണതകള്‍ക്ക് തടയിടാനുമാകും. മേല്‍തീരുമാനങ്ങളിലെല്ലാം ആശയക്കുഴപ്പം സൃഷ്ടിക്കാനും അസംതൃപ്തി പരത്താനും ബന്ധപ്പെട്ട സമുദായങ്ങളിലെ തല്‍പ്പരകക്ഷികളും സംഘപരിവാറും ചില മുസ്ളിം തീവ്രവാദിസംഘടനകളും ശ്രമിച്ചുവെങ്കിലും സര്‍ക്കാരിന്റെയും ദേവസ്വം, വഖഫ് സ്ഥാപനങ്ങളുടെയും സദുദ്ദേശ്യം വലിയതോതില്‍ അംഗീകരിക്കപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറു ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാനാണ് ഒന്നാംഘട്ടത്തില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. രണ്ടാംഘട്ടത്തില്‍ 80 പേര്‍ക്കുകൂടി നിയമന ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. പിഎസ്സി മാതൃകയില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണപ്പട്ടികയും കൃത്യമായി പാലിച്ച് നിയമനം നടത്തണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. രാജ്യത്താകമാനം ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഒബിസി സംവരണം വി പി സിങ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു. ഈ തീരുമാനത്തിനെതിരെ അലയടിച്ച മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി. ഇതോടൊപ്പം രണ്ട് സുപ്രധാന വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണംവഴി ലഭിക്കുന്ന മുഴുവന്‍ തൊഴിലവസരങ്ങളും സമ്പന്നര്‍ തട്ടിയെടുക്കുമ്പോള്‍ ഇതേസമുദായത്തിലെ പാവങ്ങള്‍ തഴയപ്പെടുന്നു. സംവരണ ആനുകൂല്യമില്ലാത്ത മേല്‍ജാതിക്കാരിലെ നിര്‍ധനര്‍ സാമ്പത്തികമായും സാമൂഹ്യമായും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടിവരുന്നു. ആദ്യത്തെ പ്രശ്നത്തിന് പരിഹാരമായാണ് ഒബിസിയിലെ ക്രീമിലെയറിനെ സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കിയത്. മറ്റു പിന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ നിശ്ചിത മാനദണ്ഡങ്ങള്‍പ്രകാരം സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കി. മുന്നോക്കക്കാരായ നിര്‍ധനരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മേല്‍ജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ഏറെക്കുറെ സമവായം ഉണ്ടായെങ്കിലും നടപ്പായില്ല. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കേണ്ട ഈ ആവശ്യം  പരിഹാരമില്ലാതെ നീണ്ടുപോകുന്നതിനിടെയാണ് അടിയുറച്ച കാല്‍വയ്പിന് പിണറായി വിജയന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ഭരണഘടനാ ഭേദഗതി ഇല്ലാതെ നടപ്പാക്കാന്‍ കഴിയുന്ന മേഖലകളില്‍ നിര്‍ധന മുന്നോക്കക്കാര്‍ക്ക് സംവരണം നടപ്പാക്കണമെന്ന കാഴ്ചപ്പാടാണ് യാഥാര്‍ഥ്യമായത്. ദേവസ്വം നിയമനങ്ങളില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണമില്ല. ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന‘ഭാഗം ഉപയോഗിച്ചാണ് ഹിന്ദുക്കളിലെ മേല്‍ജാതിക്കാരായ പാവങ്ങള്‍ക്ക് സംവരണം അനുവദിച്ചത്. അതോടൊപ്പം പട്ടികവിഭാഗത്തിന്റെയും ഈഴവരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു. നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് ഭംഗംവരാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്ന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പ്രഖ്യാപിതനയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അര്‍ഹരായ മുഴുവന്‍ വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ തുടര്‍ന്നും സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ചചെയ്ത് അംഗീകാരം നേടിയശേഷമാണ്. ഒഴിവുകളില്‍ പിഎസ്സി നിയമനം നടക്കാനിരിക്കെ സങ്കുചിത താല്‍പ്പര്യങ്ങള്‍ നടക്കില്ലെന്ന് തിരിച്ചറിഞ്ഞവരാണ് ഈ തീരുമാനത്തെ വിവാദത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. പിഎസ്സിയുടെ സംവരണ മാനദണ്ഡങ്ങള്‍ മുസ്ളിം സമുദായത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും അസ്ഥാനത്താണ്. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നത് മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍മാത്രമായിരിക്കും. മുസ്ളിങ്ങള്‍ക്കിടയില്‍ ജാതി ഇല്ലാത്തതിനാല്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡായാലും പിഎസ്സിയിലൂടെയായാലും വ്യത്യാസമൊന്നുമുണ്ടാകില്ല. വിശ്വാസപരമായ കാര്യങ്ങളുടെ മറവില്‍ സ്വജനപക്ഷപാതവും അഴിമതിയും നിര്‍ബാധം അരങ്ങേറുന്ന ദേവസ്വം- വഖഫ് നിയമനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാമൂഹ്യനീതി യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കും. സമതയും നന്മയും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളില്‍നിന്നും ലഭിച്ച പിന്തുണ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കരുത്തുപകരും Read on deshabhimani.com

Related News